വന്ദേഭാരത് വന്നു; കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷന്റെ വരുമാനം കുതിച്ചു, തലശേരിയെയും ആലപ്പുഴയെയും പിന്നിലാക്കി
കാസര്‍ഗോഡ് സ്‌റ്റേഷനെ ബന്ധിപ്പിച്ച് കടന്നുപോകുന്നത് 97 ട്രെയിനുകള്‍
കാസര്‍ഗോഡ് സ്റ്റേഷന് അര്‍ഹമായ പരിഗണന കൊടുക്കാന്‍ റെയില്‍വേക്ക് എന്നും മടിയായിരുന്നു എന്ന പരിഭവമായിരുന്നു ഏറെക്കാലം മുമ്പുവരെ യാത്രക്കാര്‍ക്ക്. എന്നാല്‍, സാക്ഷാല്‍ വന്ദേഭാരത് ട്രെയിന്‍ തന്നെ എത്തിയതോടെ കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷന്റെ സാമ്പത്തിക 'തലവര' തന്നെ മാറിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2022-23 സാമ്പത്തികവര്‍ഷം വെറും 33.6 കോടി രൂപയായിരുന്നു കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷന്റെ വരുമാനം. എന്നാല്‍ കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ മുഖ്യസ്റ്റേഷനുകളിലൊന്നായി മാറിയതോടെ കഴിഞ്ഞവര്‍ഷം വരുമാനം കുതിച്ചുയര്‍ന്ന് 47 കോടി രൂപയിലെത്തിയെന്ന് റെയില്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്കുള്ള വന്ദേഭാരത് ഇപ്പോള്‍ മംഗലാപുരത്തേക്ക് നീട്ടിയിട്ടുണ്ട്. എന്നാല്‍, കോട്ടയം വഴിയുള്ള വന്ദേഭാരത് തിരുവനന്തപുരം-കാസര്‍ഗോഡ് സര്‍വീസ് തന്നെ തുടരുകയാണ്.
കാസര്‍ഗോഡ് പെരുമ
97 ട്രെയിനുകളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ (2023-24 ഏപ്രില്‍-മാര്‍ച്ച്) കണക്കുപ്രകാരം കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നത്. വന്ദേഭാരത് ട്രെയിനുകളും കാസര്‍ഗോഡേക്ക് എത്തിയതോടെ മുന്‍വര്‍ഷങ്ങളിൽ വരുമാനത്തില്‍ മുന്നില്‍ നിന്ന നിരവധി സ്റ്റേഷനുകളെ പിന്നിലാക്കും കാസര്‍ഗോഡിന് കഴിഞ്ഞു.
24 ലക്ഷം പേരാണ് കഴിഞ്ഞവര്‍ഷം കാസര്‍ഗോഡ് സ്‌റ്റേഷന്‍ വഴി യാത്ര ചെയ്തത്. ഇത് റെക്കോഡാണ്. ഇതോടെ വരുമാനത്തില്‍ തലശേരി റെയില്‍വേ സ്‌റ്റേഷനെയടക്കം പിന്നിലാക്കാനും കാസര്‍ഗോഡിന് കഴിഞ്ഞു.
39.37 കോടി രൂപയാണ് തലശേരി സ്‌റ്റേഷന്റെ വരുമാനം. ആലപ്പുഴ (32.33 കോടി രൂപ), തിരൂര്‍ (31.17 കോടി രൂപ), തിരുവല്ല (21.85 കോടി രൂപ) തുടങ്ങിയ ശ്രദ്ധേയ സ്റ്റേഷനുകളും വരുമാനത്തില്‍ കാസര്‍ഗോഡിന് പിന്നിലാണുള്ളത്.
15-ാം സ്ഥാനത്ത്
കേരളത്തില്‍ ഏറ്റവുമധികം വരുമാനമുള്ള സ്റ്റേഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍ (262.66 കോടി രൂപ), എറണാകുളം ജംഗ്ഷന്‍ (227.59 കോടി രൂപ), കോഴിക്കോട് (178.94 കോടി രൂപ), തൃശൂര്‍ (155.69 കോടി രൂപ), എറണാകുളം ടൗണ്‍ (129.57 കോടി രൂപ) എന്നിവയാണെന്ന് നേരത്തേ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.
പാലക്കാട് ജംഗ്ഷന്‍ (115.13 കോടി രൂപ), കണ്ണൂര്‍ (113.93 കോടി രൂപ) എന്നിവയും 100 കോടിയിലധികം രൂപ വരുമാനം നേടിയ സ്റ്റേഷനുകളാണ്. വരുമാനത്തില്‍ കേരളത്തില്‍ 15-ാം സ്ഥാനത്താണ് കാസര്‍ഗോഡ് സ്‌റ്റേഷന്‍. തലശേരി 16-ാം സ്ഥാനത്തും ആലപ്പുഴ 17-ാം സ്ഥാനത്തും.