പച്ചക്കറിക്ക് പൊന്നു വില, അളവില്‍ പിശുക്കി വീട്ടമ്മമാര്‍; നിരക്ക് കുറയാന്‍ അനുകൂലമാകണം ഇക്കാര്യങ്ങള്‍

വില വർധനയിൽ ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിൽ

Update:2024-06-27 15:14 IST

Image: Canva

സംസ്ഥാനത്ത് മത്സ്യം, ഇറച്ചി എന്നിവയ്ക്ക് പിന്നാലെ പച്ചക്കറി വിലയും പറപറക്കുന്നു. ഒരു കുടുംബത്തിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങളുടെയെല്ലാം വില ഒരു മാസം മുമ്പത്തേക്കാള്‍ ഇരട്ടിയായി. കുടുംബ ബജറ്റ് താളംതെറ്റിയതിന്റെ പ്രതിഫലനം പച്ചക്കറി കടകളിലെ വില്പനയിലും പ്രകടമാണ്.
സംസ്ഥാനത്ത് ആവശ്യമായ പച്ചക്കറിയുടെ 70-80 ശതമാനവും അതിര്‍ത്തി കടന്നാണ് വരുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പച്ചക്കറിയെത്തുന്നത്. ഇരു സംസ്ഥാനങ്ങളിലും ഇത്തവണ വിളവ് തീരെ കുറഞ്ഞു. കടുത്ത ചൂടാണ് ഇവിടങ്ങളില്‍ ഉത്പാദനം കുറയാനിടയാക്കിയത്. മഴ കാര്യമായി കിട്ടാതിരുന്നതും പ്രതിസന്ധി വര്‍ധിപ്പിച്ചിട്ടുണ്ട്.
കച്ചവടം തീരെ കുറഞ്ഞു
വിലക്കയറ്റം കുടുംബങ്ങളെ മാത്രമല്ല ബാധിച്ചത്. ഉപയോക്താക്കള്‍ പിശുക്കാന്‍ തുടങ്ങിയതോടെ ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലായിട്ടുണ്ട്. ജൂണ്‍ ആദ്യം കിലോയ്ക്ക് 50-55 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ (ജൂണ്‍ 27) ചില്ലറവില കിലോയ്ക്ക് 85-95 രൂപയാണ്. ജില്ലകള്‍ മാറുന്നതിനനുസരിച്ച് വ്യത്യാസം ഉണ്ടെങ്കിലും കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വിലയില്‍ വലിയ വ്യത്യാസമില്ല.
ജൂണ്‍ ആദ്യം കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലായ പച്ചമുളകിന്റെ വില രണ്ടക്കത്തിലേക്ക് താഴ്ന്നത് മാത്രമാണ് ചെറിയൊരു ആശ്വാസം പകരുന്നത്. സവാള (45 രൂപ), വെണ്ടയ്ക്ക (50-60 രൂപ), മുരിങ്ങയ്ക്ക (250 രൂപ), ബീന്‍സ് (120 രൂപ), ഇഞ്ചി (200 രൂപ), വെളുത്തുള്ളി (280-300 രൂപ), കാരറ്റ് (80 രൂപ) എന്നിങ്ങനെ പോകുന്നു പൊന്നുംവിലയുള്ള സാധനങ്ങളുടെ വില.
ചേമ്പിന്‍താളും ചേനത്തണ്ടും താരം
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തില്‍ ഇടംപിടിച്ചിരുന്ന ചേമ്പിന്‍താളും ചേനത്തണ്ടും വാഴക്കൂമ്പും അടക്കമുള്ള സാധനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്. വിലക്കൂടുതലുള്ള പച്ചക്കറികളെ ഒഴിവാക്കി ആളുകള്‍ ഇത്തരം സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതാണ് കാരണം. ചേമ്പിന്‍താളിന് കിലോയ്ക്ക് 25 രൂപയാണ് വില. ചേനതണ്ടിനും മുരിങ്ങയിലയ്ക്കും ഇതേ നിരക്കിലാണ് കച്ചവടം.
കേരളത്തില്‍ മാത്രമല്ല പ്രശ്‌നം
നിലവിലെ വിലക്കയറ്റം കേരളത്തിലെ മാത്രം പ്രതിഭാസമല്ലെന്ന് എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി മൊത്ത കച്ചവടക്കാരനായ തോമസുകുട്ടി ജേക്കബ് ധനംഓണ്‍ലൈനോട് പറഞ്ഞു. മുമ്പ് വന്നിരുന്നതിന്റെ നാലിലൊന്ന് ലോഡ് പച്ചക്കറി മാത്രമാണ് ഇപ്പോള്‍ അതിര്‍ത്തി കടന്നെത്തുന്നത്. തമിഴ്‌നാട്ടില്‍ പച്ചക്കറി വില വന്‍തോതില്‍ കൂടിയിട്ടുണ്ട്. ജനരോക്ഷം സര്‍ക്കാര്‍ തലത്തില്‍ കയറ്റുമതിക്ക് അനൗദ്യോഗിക വിലക്കുണ്ട്. തമിഴ്‌നാട്ടില്‍ ഉത്പാദനം കൂടുന്നതു വരെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറയും.
തമിഴ്‌നാട്ടിലെ ഹോട്ടലുകളില്‍ സാമ്പാര്‍ സൗജന്യമായി നല്‍കുന്നത് നിര്‍ത്താന്‍ ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സാമ്പാര്‍, അവിയല്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളില്‍ പച്ചക്കറിയുടെ അളവ് കുറച്ചാണ് കേരളത്തിലെ ഹോട്ടലുകാര്‍ പിടിച്ചു നില്‍ക്കുന്നത്. കേറ്ററിംഗ് നടത്തുന്നവര്‍ക്കും വിലക്കയറ്റം അപ്രതീക്ഷിത പ്രഹരമാണ് നല്‍കിയത്. കല്യാണ സദ്യകള്‍ക്ക് 20-30 ശതമാനം നിരക്ക് കൂട്ടിയാണ് പലരും പിടിച്ചു നില്‍ക്കുന്നത്.
വില എന്നു കുറയും?
കുറഞ്ഞത് മൂന്നാഴ്ചത്തേക്ക് എങ്കിലും വിലവര്‍ധന തുടരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അയല്‍സംസ്ഥാനങ്ങളില്‍ അടുത്ത വിളവെടുപ്പ് മെച്ചമാകുമെന്ന പ്രതീക്ഷയാണ് വിപണിക്കുള്ളത്. ഏപ്രില്‍, മെയ് മാസത്തെ കടുത്ത ചൂടിന് കുറവുണ്ടെങ്കിലും മഴ പ്രതീക്ഷിച്ച രീതിയില്‍ ലഭിക്കാത്തത് ആശങ്കയാണ്. അടുത്ത വിളവെടുപ്പിലും നിരാശയാണ് ഫലമെങ്കില്‍ വിലക്കയറ്റം ഉയര്‍ന്നു തന്നെ നില്‍ക്കും.
പച്ചക്കറി വില നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കൃഷി മന്ത്രി പി. പ്രസാദ് അവകാശപ്പെടുന്നത്. വിപണിയില്‍ മനപൂര്‍വം വിലക്കയറ്റം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. കേരളത്തിന് പുറത്ത് വില കൂടി നില്‍ക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി സമാഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Tags:    

Similar News