ഓണത്തിന് പച്ചക്കറിവില ചതിക്കില്ല, ആശ്വാസമായി നാടന്‍ വരവും; കുടുംബ ബജറ്റ് തെറ്റില്ല
ഓണത്തിന് വിളവെടുക്കുകയെന്ന ഉദ്ദേശത്തോടെ സ്വയംസഹായ സംഘങ്ങളും കൂട്ടായ്മകളും കൃഷി വിപുലപ്പെടുത്തിയത് വിപണിക്ക് ഗുണം ചെയ്തു
ഓണ സീസണില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില ഉയര്‍ന്നു നില്‍ക്കുന്നതായിരുന്നു സമീപകാല പതിവ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ നേരെ മറിച്ചാണ്. പച്ചക്കറിയുടെ വില ശരാശരിയിലാണ്. വിപണിയില്‍ വലിയ വിലക്കയറ്റമില്ലെന്ന് ഉപഭോക്താക്കളും പറയും. രണ്ടുമാസം മുമ്പ് പച്ചക്കറിക്ക് തീപിടിച്ച വിലയായിരുന്നു. ഇത് നേര്‍പകുതിയായിട്ടുണ്ട് ഇപ്പോള്‍.
ജൂണില്‍ കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലായിരുന്ന തക്കാളിക്ക് പഴയ പ്രൗഡിയൊക്കെ നഷ്ടപ്പെട്ടു. കോഴിക്കോട് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 25-30 രൂപയാണ് വില. മധ്യകേരളത്തില്‍ വില 35 രൂപയ്ക്ക് മുകളിലാണ്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ലോഡ് കണക്കിന് തക്കാളി കയറി വരുന്നുണ്ട്. ഓണം കഴിഞ്ഞാല്‍ വില ഇനിയും താഴ്‌ന്നേക്കുമെന്നാണ് എറണാകുളം മാര്‍ക്കറ്റിലെ മൊത്ത കച്ചവടക്കാര്‍ നല്‍കുന്ന സൂചന.
വരവ് കൂടി, വിലകുറഞ്ഞു
സവോള വിലയില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. 40 രൂപ മുതല്‍ മുകളിലേക്കാണ് വില. ഗ്രേഡ് അനുസരിച്ച് പലയിടത്തും വ്യത്യസ്ത വിലകളിലാണ് സവോള വില്‍ക്കുന്നത്. വഴിയോരത്ത് വാഹനങ്ങളില്‍ വില്‍ക്കുന്നവര്‍ കുറഞ്ഞ വിലയില്‍ സവോള വില്പന നടത്തുന്നുണ്ട്. കടകളില്‍ ഇതിലും ഉയര്‍ന്ന വിലയ്ക്കാണ് വില്പന.
പയര്‍, പാവയ്ക്ക, വെണ്ടയ്ക്ക, വഴുതന എന്നിവയുടെ വിലയും 50 രൂപയില്‍ താഴെയാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പയറിന് 30 മുതലാണ് വില. എന്നാല്‍ പ്രാദേശികമായി കൃഷി ചെയ്യുന്ന നാടന്‍ പയറിന് 60 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്. രുചിയിലും ഗുണത്തിലും കേമനാണെന്നതാണ് നാടന്റെ വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണം.
പച്ചക്കറിക്ക് തീവില ഉണ്ടായിരുന്ന സമയത്തും നിസാര വിലയ്ക്ക് കിട്ടിയിരുന്ന വെണ്ടയ്ക്ക ഇപ്പോഴും അതേ നിലയില്‍ തന്നെയാണ്. 30-35 രൂപ നിരക്കിലാണ് വെണ്ടയ്ക്കയുടെ വില. പ്രാദേശികമായി ഉത്പാദനം കൂടിയതോടെ വെള്ളരി വില 30 രൂപയില്‍ താഴെയാണ്. ഓണവും വിവാഹ സീസണും ഒന്നിച്ചു വന്നിട്ടും പച്ചക്കറി വില കാര്യമായി ഉയരാതിരുന്നത് കേറ്ററിംഗ് യൂണിറ്റുകള്‍ക്ക് ഉള്‍പ്പെടെ ആശ്വാസമായി.
ഓണത്തിന് വിളവെടുക്കുകയെന്ന ഉദ്ദേശത്തോടെ സ്വയംസഹായ സംഘങ്ങളും കൂട്ടായ്മകളും കൃഷി വിപുലപ്പെടുത്തിയത് വിപണിക്ക് ഗുണം ചെയ്തു. പ്രാദേശിക ഉത്പന്നങ്ങള്‍ കൂടുതലായി വിപണിയിലേക്ക് വന്നതാണ് വില ഒരുപരിധിയില്‍ കൂടുതല്‍ ഉയരാതിരിക്കാന്‍ കാരണമായത്.