ജീവന് ഭീഷണി; കോവിഡിന് ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നത് നിര്‍ത്തിവെച്ച് ഡബ്ല്യു.എച്ച്.ഒ

Update: 2020-05-26 08:58 GMT

കോവിഡ് ചികിത്സക്കായി ഉപയോഗിച്ചിരുന്ന ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഡബ്ല്യു.എച്ച്.ഒ താത്കാലികമായി റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആന്റി മലേറിയ മരുന്നായ ഇതിന്റെ സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയത്. കോവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് നല്‍കുന്നതിലൂടെ മരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ വന്ന പഠന റിപ്പോര്‍ട്ടിന് പിന്നാലെയാണ് തീരുമാനമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം അറിയിച്ചു.

ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്നത് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ലാന്‍സെറ്റ് പഠനം കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് ഹൃദയത്തെയാകും ഇത് കുഴപ്പത്തിലാക്കുക. നൂറുകണക്കിന് ആശുപത്രികളില്‍ നിന്നായി 96,000 രോഗികളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുള്ള പഠനത്തില്‍ ഈ മരുന്ന് രോഗികള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്തിട്ടില്ലെന്നും ലാന്‍സെറ്റ് പറയുന്നു.

'വിവിധ ഗ്രൂപ്പുകളില്‍ കോവിഡ് രോഗ മുക്തിക്കായി വിവിധ മരുന്നകളുടെ ട്രയല്‍ റണ്‍ നടക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്' ടെഡ്രോസ് പറഞ്ഞു. ഇതിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ബോര്‍ഡ് അവലോകനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഹൈഡ്രോക്സിക്ലോറോക്വിന്‍ താന്‍ ഒരാഴ്ച തുടര്‍ച്ചയായി കഴിച്ചിരുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒപ്പം കോവിഡ് രോഗികളുടെ ചികിത്സക്ക് അദ്ദേഹം ഈ മരുന്ന് ഉപയോഗിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബ്രസീല്‍ ആരോഗ്യ മന്ത്രിയും ഈ മരുന്ന് ശുപാര്‍ശ ചെയ്യുകയുണ്ടായി. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് മാനിച്ച് ഇരു രാജ്യങ്ങളും മരുന്ന് പ്രയോഗം നിര്‍ത്തി വയ്ക്കുകയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News