എന്തുകൊണ്ട് കാസര്‍കോട്ട് കൂടുതല്‍ രോഗികള്‍?

Update: 2020-03-25 11:08 GMT

കൊറോണ കാസര്‍കോടിന്റെ ഉറക്കം കെടുത്തുകയാണ്. 44 പേരിലാണ് ഇതിനകം രോഗബാധിതരായത്. 2700 ലേറെ പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്നത്തെ കണക്കനുസരിച്ച് 85 പേര്‍ ആശുപത്രികളിലും 2651 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ലാബില്‍ പരിശോധനയ്ക്കയച്ച 202 പേരുടെ റിപ്പോര്‍ട്ട് കൂടി വരുമ്പോഴേ എത്ര പേരിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടെന്ന് അറിയാനാകൂ.

എന്നാല്‍ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മാത്രമാണ് സെക്കന്‍ഡറി കേസുകള്‍ എന്നത് ചെറിയ ആശ്വാസം പകരുന്നുണ്ട്. ബാക്കി 41 പേരും വിദേശത്ത് നിന്ന് രോഗം ബാധിച്ച് എത്തിയവരാണ്. മാര്‍ച്ച് 17ന് നാട്ടിലെത്തിയ ബേവിഞ്ച സ്വദേശിയുടെ കുടുംബാംഗങ്ങളായ മൂന്നു പേരാണ് രോഗം സ്ഥിരീകരിച്ച സെക്കന്‍ഡറി കേസുകള്‍.
അതേസമയം വിദേശത്തു നിന്നെത്തി നാട്ടില്‍ കറങ്ങി നടന്ന യുവാവിന്റെ സമ്പര്‍ക്കത്തിലൂടെ എത്ര പേരിലേക്ക് രോഗം എത്തിയെന്നതു സംബന്ധിച്ച് ഇതു വരെ വിവരങ്ങളൊന്നും ലഭ്യമല്ല. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം തന്നെയാണെന്നാണ് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. സമൂഹവ്യാപനത്തിലേക്ക് കടന്നതിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ പ്രകടമല്ല എന്നതു തന്നെയാണ് ഇതിന് കാരണം.

രോഗം പടരുന്നതിനിടയില്‍ ഗള്‍ഫ് പ്രവാസികളായ കാസര്‍കോടുകാരില്‍ പലരും നാട്ടിലേക്ക് മടങ്ങിയതാണ് മറ്റിടങ്ങളേക്കാള്‍ കാസര്‍കോട്ട് രോഗികള്‍ ഉണ്ടാവാന്‍ കാരണമായത്.

തുടക്കത്തില്‍ മംഗലാപുരമടക്കമുള്ള വിമാനത്താവളങ്ങളില്‍ മതിയായ പരിശോധനയുണ്ടായില്ല എന്നതാണ് രോഗികള്‍ സമൂഹത്തിലേക്കിറങ്ങാന്‍ കാരണമായതെന്ന് ആരോപണമുയരുന്നുണ്ട്. രോഗം സ്ഥിരീകരിച്ച എരിയാല്‍ സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് നേരേ വീട്ടിലെത്തിയത്.

എന്നാല്‍ രോഗ വ്യാപനം കൂടിയതോടെ പരിശോധന കര്‍ശനമാക്കുകയും മംഗലാപുരം വിമാനത്താവളത്തില്‍ ഇന്ന് നാല് മലയാളികളിലടക്കം രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിക്ക റോഡുകളും അടച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള ഗതാഗതം പൂര്‍ണമായും അടച്ചിട്ടുണ്ട്. മലയോര ഗ്രാമങ്ങളിലെ ഇടവഴികള്‍ പോലും പോലീസ് ഇടപെട്ട് അടച്ചിട്ടുണ്ട്. കര്‍ണാടകയിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

Similar News