ഇന്ത്യന്‍ വിപണിക്ക് ഭീഷണിയാകുമോ ചൈന
ചൈനയുടെ ഈവര്‍ഷത്തെ വളര്‍ച്ചാ ലക്ഷ്യം അഞ്ച് ശതമാനമാണ്
ഇന്ത്യന്‍ ഓഹരി വിപണി സെപ്റ്റംബര്‍ അവസാനവും ഒക്ടോബര്‍ ആദ്യവും വലിയ തകര്‍ച്ചയിലായിരുന്നു. ഇതിന് കാരണം ചൈനയാണ്. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പണം പിന്‍വലിച്ച് ചൈനയില്‍ നിക്ഷേപിച്ചതോടെ ഇന്ത്യന്‍ ഓഹരികള്‍ താഴുകയായിരുന്നു. ഒക്ടോബറിലെ ആദ്യ ആറ് വ്യാപാര ദിവസം കൊ വിദേശികളുടെ വില്‍പ്പന 49,305.29 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ ഒടുവിലത്തെ കണക്കുകൂടി ചേര്‍ത്താല്‍ 60,000 കോടിയില്‍ പരം രൂപ വിദേശികള്‍ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചു. ഫലമോ, ഇന്ത്യന്‍ ഓഹരികള്‍ ഇടിഞ്ഞു.
എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നുമാത്രം. ഇത് നീണ്ടുനില്‍ക്കുന്ന പ്രവണതയാണോ ഇതിന് ഉത്തരം തേടുമ്പോള്‍ രണ്ട് കാര്യങ്ങളാണ് നോക്കേണ്ടത്.
ഒന്ന്: ചൈനയുടെയും ഇന്ത്യയുടെയും വളര്‍ച്ചാ നിരക്ക്. രണ്ട്: ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപവും സ്വദേശി നിക്ഷേപവും തമ്മിലുള്ള താരതമ്യം.
സ്വദേശി നിക്ഷേപം വര്‍ധിക്കുന്നു
രണ്ടാമത്തെ കാര്യം ആദ്യം പരിശോധിക്കാം. ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപത്തിന്റെ മൊത്തം മൂല്യം കഴിഞ്ഞ സെപ്റ്റംബര്‍ മാസം അവസാനം 1.007 ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍ അഥവാ 84.5 ട്രില്യണ്‍ രൂപയാണ്. ഇതില്‍ 93 ശതമാനവും ഓഹരി കളിലാണ്. ഇന്ത്യന്‍ ഓഹരികളുടെ മൊത്തം മൂല്യം 465 ട്രില്യണ്‍ രൂപ അഥവാ 5.5 ട്രില്യണ്‍ ഡോളര്‍ വരും. അതില്‍ വിദേശികളുടെ പങ്ക് 16.43 ശതമാനം മാത്രമാണ്.
അതേസമയം സ്വദേശി നിക്ഷേപം 26 ശതമാനത്തിന് മുകളിലായി എന്നാണ് പ്രൈം ഡാറ്റാ ബേസ് കാണിക്കുന്നത്. റീറ്റെയ്ല്‍ നിക്ഷേപകര്‍ 7.64 ശതമാനം, അതിസമ്പന്ന നിക്ഷേപകര്‍ രണ്ടു ശതമാനം, സ്വദേശി സ്ഥാപനങ്ങള്‍ 16.3 ശതമാനം എന്നിങ്ങനെയാണ് വിഭജനം. സര്‍ക്കാര്‍ അടക്കം പ്രൊമോട്ടര്‍മാരുടെ പക്കല്‍ 52 ശതമാനം ഓഹരികള്‍ ഉണ്ട്.
സമീപ മാസങ്ങളിലെല്ലാം വിദേശ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ സ്വദേശി നിക്ഷേപം വിപണിയില്‍ എത്തുന്നുണ്ട്. വിദേശികള്‍ പിന്‍വലിച്ചപ്പോഴും വാങ്ങിച്ചു കൂട്ടിയപ്പോഴും അതിനു മാറ്റം വന്നിട്ടില്ല. അതായത് വിദേശികള്‍ വലിയ തോതില്‍ പിന്‍വലിക്കുമ്പോഴും വിപണിയില്‍ അതുണ്ടാക്കുന്ന ചലനം ചെറുതാണ്. 2013ല്‍ വിദേശികളുടെ പിന്മാറ്റം ഉണ്ടായപ്പോഴത്തേതില്‍ നിന്ന് തുലോം വ്യത്യസ്തമാണ് സാഹചര്യം.
കുതിക്കുന്ന ഇന്ത്യ വളര്‍ച്ചാ നിരക്കിന്റെ താരതമ്യത്തില്‍ ഇന്ത്യ വ്യക്തമായും ചൈനയേക്കാള്‍ മുന്നിലാണ്. ഇന്ത്യ കഴിഞ്ഞ വര്‍ഷം 8.2 ശതമാനം വളര്‍ന്നു. ഈവര്‍ഷം ഏഴ് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് (എസ്ആന്‍ഡ്പി) പറയുന്നത് ശരാശരി 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിയാല്‍ ഇന്ത്യക്ക് മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി)വും ആളോഹരി വരുമാനവും ഏഴ് വര്‍ഷം കൊണ്ട് ഇരട്ടിപ്പിക്കാം എന്നാണ്.
1991-2020 കാലത്ത് ഇന്ത്യ ശരാശരി 6.2 ശതമാനം വളര്‍ന്നിരുന്നു. 2020-21ല്‍ 5.8 ശതമാനം ഇടിവായെങ്കിലും 2021-24 കാലത്ത് ശരാശരി 8.3 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു. അതായത് 6.7 ശതമാനം വളര്‍ച്ച അടുത്ത വര്‍ഷങ്ങളില്‍ സുഗമമായി സാധിക്കും എന്നാണ് ഏജന്‍സിയുടെ നിഗമനം. ഇങ്ങനെ വളരുമ്പോള്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്ഘടന ആകും - യുഎസും ചൈനയും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്ത്. താഴ്ന്ന ഇടത്തരക്കാരായ ഇന്ത്യക്കാര്‍ ഉയര്‍ന്ന ഇടത്തരം വരുമാനക്കാര്‍ ആയി മാറും. ആഗോള ജിഡിപിയില്‍ ഇന്ത്യയുടെ പങ്ക് ഇന്നത്തെ 3.6 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമാകും.
എസ്ആന്‍ഡ്പി മാത്രമല്ല, മറ്റു റേറ്റിംഗ് ഏജന്‍സികളും ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പറയുന്നുണ്ട്. ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയ ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും അത് ശരിവെയ്ക്കുന്നു.
ചൈന കിതയ്ക്കുന്നോ
അതേസമയം ചൈനയോ ലോകബാങ്ക് നടത്തിയ അവലോകനത്തില്‍ പറയുന്നത് 2024ല്‍ ചൈന 4.8 ശതമാനം വളരുമെന്നാണ്. പക്ഷേ അടുത്ത വര്‍ഷം വളര്‍ച്ച 4.3 ശതമാനമായി താഴുകയും ചെയ്യും. 2022ല്‍ മൂന്നും 2023ല്‍ 5.2ഉം ശതമാനം മാത്രം വളര്‍ന്ന ചൈനയ്ക്ക് ഈവര്‍ഷം അഞ്ച് ശതമാനമാണ് വളര്‍ച്ചാ ലക്ഷ്യം. ആദ്യ പകുതിയില്‍ അഞ്ച് ശതമാനം സാധിച്ചു. പക്ഷേ രണ്ടാം പകുതിയെപ്പറ്റി ഉറപ്പില്ല. രാജ്യാന്തര സ്വകാര്യ ഏജന്‍സികള്‍ ഈ വര്‍ഷത്തെ വളര്‍ച്ചാ പ്രതീക്ഷ 4.7ഉം 4.6ഉം ശതമാനമായി താഴ്ത്തിയിട്ടുണ്ട്.
രണ്ട് ദശകത്തിലേറെ ഇരട്ടയക്ക വളര്‍ച്ച ഉണ്ടായിരുന്ന രാജ്യമാണ് ഇപ്പോള്‍ ഈ കുറഞ്ഞ വളര്‍ച്ച നിരക്കില്‍ ഉഴലുന്നത്. കുറഞ്ഞ വളര്‍ച്ചാ നിരക്കില്‍ നിന്ന് കയറാന്‍ ചൈനീസ് സര്‍ക്കാര്‍ പല തവണ ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചു. ഏറ്റവും ഒടുവില്‍ സെപ്റ്റംബറില്‍ ബാങ്കുകളുടെ പലിശ കുറച്ചു. ഇനിയും കുറയ്ക്കുമെന്നും അറിയിച്ചു. ബാങ്കുകളുടെ കരുതല്‍ പണ അനുപാതം കുറയ്ക്കുകയും ഓഹരികള്‍ വാങ്ങുന്നതിനു നല്‍കുന്ന വായ്പ കൂട്ടുകയും ചെയ്തു. കൂടാതെ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് പ്രത്യേക സഹായം അനുവദിച്ചു.
രാജ്യത്തെ അതിദരിദ്രര്‍ക്കും അഗതികള്‍ക്കും സര്‍ക്കാരില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ചു. ഒപ്പം രണ്ടു വര്‍ഷമായിട്ടും ജോലി കിട്ടാത്ത യുവ ബിരുദധാരികള്‍ക്ക് തൊഴിലില്ലായ്മാ വേതനവും നല്‍കുമെന്ന് അറിയിച്ചു. തുടക്കം പാര്‍പ്പിടത്തില്‍ കോവിഡ് കാലത്ത് പാര്‍പ്പിട മേഖലയില്‍ വലിയ തകര്‍ച്ച നേരിട്ടതോടെ തുടങ്ങിയതാണ് ചൈനയിലെ പ്രശ്‌നം. പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍പിംഗ് അതിനെ ഗൗരവമായി എടുത്തില്ല. ഒട്ടേറെ നിര്‍മാണ കമ്പനികള്‍ പൊളിയുകയും പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ബാങ്കുകള്‍ കുഴപ്പത്തിലായപ്പോള്‍ അവയെ നിലനിര്‍ത്താന്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെട്ടത്. പാര്‍പ്പിട വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ പലതും പ്രഖ്യാപിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല.
ഇപ്പോഴത്തെ ഉത്തേജക പദ്ധതിയോട് ഓഹരി വിപണി ആവേശപൂര്‍വമാണ് പ്രതികരിച്ചത്. രണ്ടു വര്‍ഷമായി ചൈനയില്‍ നിന്ന് വിട്ടുമാറി നിന്ന വിദേശ നിക്ഷേപകര്‍ കൂട്ടമായി തിരിച്ചെത്തി. ഇന്ത്യ അടക്കമുള്ള നവോദയ രാജ്യങ്ങളിലെ നിക്ഷേപം പിന്‍വലിച്ചു ചൈനയിലേക്കു നീക്കി.
ഹോങ്കോങിലെ ഹാങ്‌സെങ് സൂചിക മൂന്നാഴ്ച കൊണ്ട് 30 ശതമാനം ഉയര്‍ന്നു. ചൈനയിലെ ഷാങ്ഹായ് കോംപസിറ്റ് സൂചിക അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് 20 ശതമാനം ഉയരുകയും ചെയ്തു. പക്ഷേ അവധികള്‍ക്കു ശേഷം ഒക്ടോബറില്‍ ഷാങ്ഹായ് വിപണി തുറന്നപ്പോള്‍ കുത്തനെ ഇടിഞ്ഞു.
വേണ്ടത് ഘടനാപരമായ മാറ്റം
ഇപ്പോഴത്തെ ഉത്തേജകം കൊണ്ടു മാത്രം ചൈനയ്ക്ക് ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലേക്ക് കടക്കാനാവില്ല. ചൈനയില്‍ ജനസംഖ്യയും, യുവാക്കളുടെയും കുട്ടികളുടെയും എണ്ണവും കുറഞ്ഞു. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില്‍പ്പന കുറഞ്ഞു. വരുമാനത്തുടര്‍ച്ച ഉറപ്പില്ലാത്തതു കൊണ്ട് ജനങ്ങള്‍ പണം ചെലവഴിക്കുന്നത് കുറഞ്ഞു. അതിനാല്‍ പുതിയ മൂലധന നിക്ഷേപങ്ങള്‍ ഇല്ല. നിരവധി കമ്പനികള്‍ ചൈന വിട്ട് വിയറ്റ്‌നാമിലും ബംഗ്ലാദേശിലും ഇന്ത്യയിലും യൂണിറ്റുകള്‍ തുടങ്ങിയതോടെ തൊഴിലില്ലായ്മയും കൂടി. ഭാവിയെപ്പറ്റി ആശങ്കയിലായ ജനം പണം ചെലവഴിക്കുന്നതു കുറച്ചു. പരമാവധി സമ്പാദ്യമാക്കാന്‍ ശ്രമിച്ചു.
എല്ലാവരും ചെലവ് ചുരുക്കി സമ്പാദിക്കാന്‍ ശ്രമിച്ചാല്‍ ഫലം വിലയിടിവും പണച്ചുരുക്കവും ആണ്. ചൈന ഇപ്പോള്‍ അങ്ങനെയൊരു അവസ്ഥയിലാണുള്ളത്.
ഇങ്ങനെയുള്ള ചൈനയെ ഇന്ത്യന്‍ വിപണിക്ക് ഭീഷണിയായി തല്‍ക്കാലം കാണാനാവില്ല. വിദേശികള്‍ ലാഭം തേടി നടത്തുന്ന കൂടുമാറ്റം അധികം നീണ്ടുുനില്‍ക്കാന്‍ ഇടയില്ല. അതിന് മാറ്റം വരണമെങ്കില്‍ ഇന്ത്യന്‍ കമ്പനികളുടെ ലാഭക്ഷമത ഗണ്യമായി കുറയണം. ഡിസംബറില്‍ പലിശ കുറച്ചു തുടങ്ങുന്നതോടെ കമ്പനികള്‍ ഉയര്‍ന്ന ലാഭക്ഷമതയിലേക്ക് നീങ്ങും. അപ്പോള്‍ ചൈനയേക്കാള്‍ ആകര്‍ഷകമാകാന്‍ ഇന്ത്യക്കു പ്രയാസമില്ല.