₹30 കോടിക്കു കൂടി കുടിച്ചു; ക്രിസ്മസ്‌കാല വില്‍പനയില്‍ പുതിയ റെക്കോഡ്; കേരളത്തില്‍ വിറ്റത് ₹152 കോടിയുടെ മദ്യം
കഴിഞ്ഞ ക്രിസ്മസിന് വില്‍പന ₹122 കോടി, ഈ വര്‍ഷം വര്‍ധന 24.50 ശതമാനം
ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലും കേരളത്തില്‍ നടന്നത് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 24, 25 തീയതികളിൽ മലയാളികള്‍ 152.06 കോടി രൂപയുടെ മദ്യമാണ് കുടിച്ചു തീര്‍ത്തത്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനാണ് (ബെവ്‌കോ) ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലും 122.14 കോടി രൂപയുടെ മദ്യവില്‍പന ആയിരുന്നു നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലത്തെ മദ്യവിൽപ്പനയിൽ 24.50 ശതമാനം (29.92 കോടി രൂപ) വർധനയാണ് ഉണ്ടായിരിക്കുന്നത്. മദ്യത്തിൻ്റെ വിലയിലുണ്ടായ വർധന, ഉപയോക്താക്കളുടെ പണം ചെലവഴിക്കുന്നതിനുളള പ്രവണതയിലുളള വർധന തുടങ്ങിയവയാണ് മദ്യവില്‍പന കൂടാനുളള കാരണങ്ങള്‍.
ബെവ്‌കോ ഔട്ട്‌ലെറ്റുകൾ 54.64 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 25 ന് വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്മസ് ദിവസം 51.14 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.84 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.
ക്രിസ്മസ് തലേന്ന് 97.42 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് 71.40 കോടി രൂപയുടെയും വെയർഹൗസുകളിൽ നിന്ന് 26.02 കോടി രൂപയുടെയും മദ്യ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം 71 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. 37.21 ശതമാനം വർധനവാണ് ക്രിസ്മസ് തലേന്ന് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.