ക്രൂഡ് ഓയിലിന്റെ വിന്‍ഡ്ഫാള്‍ നികുതി ഒഴിവാക്കി

ആഭ്യന്തര ഉല്‍പാദനം, കയറ്റുമതി എന്നിവയില്‍ നിന്നുള്ള ലാഭത്തിന് ഇനി നികുതിയില്ല

Update:2024-12-02 21:13 IST

Image : Canva

ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില താഴുന്നതിനിടെ, ഇന്ത്യയില്‍ പ്രാദേശിക ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിന് നിലവിലുള്ള വിന്‍ഡ്ഫാള്‍ നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ക്രൂഡ് ഓയില്‍ വിലവര്‍ധിക്കുമ്പോള്‍ കമ്പനികള്‍ക്കുണ്ടാകുന്ന കൂടിയ ലാഭത്തില്‍ നിന്ന് ഈടാക്കുന്ന നികുതിയാണ് നിര്‍ത്തലാക്കുക. ക്രൂഡിന്റെ ആഗോള വില വര്‍ധിച്ചു വന്ന സാഹചര്യത്തില്‍ 2022 ലാണ് ഇന്ത്യയിലെ ഉല്‍പാദനത്തില്‍ നിന്നുള്ള ലാഭത്തിന് സര്‍ക്കാര്‍ വിന്‍ഡ്ഫാള്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ തീരുമാന പ്രകാരം ക്രൂഡിന്റെ ആഭ്യന്തരം ഉല്‍പ്പാദനം, ഡീസല്‍, പെട്രോള്‍, എ.ടി.എഫ് ഇന്ധനം എന്നിവയുടെ കയറ്റുമതി എന്നിവയില്‍ നിന്നുള്ള ലാഭത്തിന് നികുതി ഉണ്ടാകില്ല. രണ്ട് വര്‍ഷത്തിലേറെയായി നികുതി നിലവിലുണ്ടെങ്കിലും ക്രൂഡിന്റെ വിലയിലുണ്ടാകുന്ന കുറവ് മൂലം സര്‍ക്കാരിന് ഇതുവഴി കാര്യമായ വരുമാനം ലഭിക്കുന്നില്ല.

എന്താണ് വിന്‍ഡ്ഫാള്‍ നികുതി

ക്രൂഡ് ഓയിലിന്റെ ആഗോള വിലവര്‍ധിക്കുമ്പോള്‍ ഇന്ത്യയിലെ റിഫൈനറികള്‍ക്ക് കയറ്റുമതിയിലൂടെ ഉണ്ടാകുന്ന അമിത ലാഭം കുറക്കാനുള്ള നികുതിയാണ് വിന്‍ഡ്ഫാള്‍ നികുതി. പ്രത്യേക അധിക എക്‌സൈസ് ഡ്യൂട്ടിയായാണ് ഇത് ചുമത്തുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ ക്രൂഡിന്റെ ആഗോള ശരാശരി വില കണക്കാക്കിയാണ് ഈ നികുതി കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ ടണിന് 1850 രൂപയാണ് ഈടാക്കിയിരുന്നത്. ആഗോള വിലയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഈ നിരക്ക് കൂടിയും കുറഞ്ഞുമിരിക്കും. ആഗോള വിലയിടിവ് കാരണം സര്‍ക്കാരിന് കാര്യമായ വരുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് നികുതി ഉപേക്ഷിക്കുന്നത്.

Tags:    

Similar News