ശമ്പള കുടിശിക 6 കോടി രൂപ, ഇടുക്കിയില്‍ 430 ഏക്കര്‍ ഏലത്തോട്ടം 'ജപ്തി' ചെയ്ത് തൊഴിലാളികള്‍
ശമ്പളവും ആനുകൂല്യങ്ങളും കുടിശികയായതോടെ തൊഴിലാളികള്‍ അറ്റക്കൈ പ്രയോഗമെന്ന നിലയില്‍ ഏലത്തോട്ടം പിടിച്ചെടുത്തു. ഇടുക്കിയിലാണ് സംഭവം. ഉപ്പുതറയിലെ നെടുംപറമ്പില്‍ ഏലം എസ്റ്റേറ്റാണ് തൊഴിലാളികള്‍ കൈയേറിയത്. 430 ഏക്കറോളം വരും ഈ തോട്ടം. തൊഴിലാളികളുടെ ശമ്പളം, ഗ്രാറ്റുവിറ്റി, ബോണസ് അടക്കം 6 കോടി രൂപയുടെ കുടിശികയാണ് മാനേജ്‌മെന്റ് വരുത്തിയത്.
ഇതോടെയാണ് 325ഓളം വരുന്ന തൊഴിലാളികള്‍ തോട്ടം പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഭൂമി തൊഴിലാളികള്‍ തുല്യമായി വീതിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. എസ്‌റ്റേറ്റില്‍ 270 സ്ഥിരം ജോലിക്കാരും 30 താല്‍ക്കാലിക ജീവനക്കാരുമാണുള്ളത്. 25 ഓഫീസ് ജോലിക്കാരും കമ്പനിയിലുണ്ടായിരുന്നു. ശമ്പളവും ആനുകൂല്യങ്ങളും കൊടുത്താല്‍ മാത്രമേ പിടിച്ചെടുത്ത ഭൂമി തിരിച്ചു കൊടുക്കൂവെന്നാണ് തൊഴിലാളികളുടെ നിലപാട്.
പ്രതിസന്ധിയായത് മാനേജ്‌മെന്റ് മാറ്റം
മാനേജ്‌മെന്റിന്റെ നീക്കങ്ങള്‍ ഭയന്ന് ജീവനക്കാര്‍ എസ്റ്റേറ്റില്‍ തന്നെയാണ് ഇപ്പോള്‍ താമസം. ഓരോ തൊഴിലാളിക്കും ഏറ്റവും കുറഞ്ഞത് 70,000 രൂപ വീതം മാനേജ്‌മെന്റ് കൊടുത്തു തീര്‍ക്കാനുണ്ട്. ഈ ശമ്പളത്തിനു പുറമേ രണ്ട് വര്‍ഷത്തെ ബോണസും ഗ്രാറ്റുവിറ്റിയും നല്‍കിയിട്ടില്ല. തൊഴില്‍ വകുപ്പും ജില്ലാ ഭരണകൂടവും ഇടപെട്ടിട്ടും പ്രതിസന്ധി അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഇടപെടലുകള്‍ ഉണ്ടായില്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.
എസ്റ്റേറ്റിന്റെ ഉടമസ്ഥരിലൊരാളായ എന്‍.എം രാജു സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലിലായതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലാഭത്തിലായിരുന്ന എസ്‌റ്റേറ്റ് നെടുംപറമ്പില്‍ ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് പ്രതിസന്ധി ആരംഭിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. 2016 വരെ കരിമറ്റം ഗ്രൂപ്പിന്റെ കൈയിലായിരുന്നു തോട്ടം.
പിന്നീടാണ് കൈമാറ്റം നടത്തുന്നത്. വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ വിഷയം ഏറ്റെടുത്തതോടെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് തൊഴിലാളികള്‍.