തൊഴിലിടങ്ങളില്‍ വരുന്നു മുലയൂട്ടല്‍ കേന്ദ്രങ്ങളും ക്രഷും

നിലവില്‍ സംസ്ഥാനത്ത് ചുരുക്കം ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രഷുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്

Update: 2023-07-25 06:53 GMT

Image:canva

ജോലിക്ക് പോകുമ്പോള്‍ ചെറിയ കുഞ്ഞുങ്ങളെ നോക്കാന്‍ സഹായവുമായി സര്‍ക്കാരിന്റെ ശിശു പരിപാലന കേന്ദ്രം ഒരുങ്ങുന്നു. പ്ലാന്റേഷന്‍ മേഖലയടക്കമുള്ള തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങളും ക്രഷും ഏര്‍പ്പെടുത്താന്‍ സ്ഥാപന ഉടമകളോട് ഉത്തരവിട്ട് സംസ്ഥാന വനിതാ, ശിശുവികസന വകുപ്പ്. തൊഴിലിടങ്ങള്‍ വനിതാ, ശിശു സൗഹൃദമാക്കാനും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനുമാണിത്. സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ, ശിശുവികസന വകുപ്പ് 25 ക്രഷുകള്‍ ആരംഭിക്കും.

പരിശോധിച്ച് ഉറപ്പാക്കും

അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളോടാണ് മുലയൂട്ടുന്ന അമ്മമാരായ ജീവനക്കാര്‍ക്കായി ക്രഷ് സൗകര്യം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്. സ്ഥാപനങ്ങളില്‍ ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നു ചൈല്‍ഡ് ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫീസര്‍മാര്‍ പരിശോധിക്കും. നഗരപ്രദേശങ്ങളിലെ ഏതെങ്കിലും മൂന്ന് സ്ഥാപനങ്ങളില്‍ പ്രോഗ്രാം ഓഫീസറും ചൈല്‍ഡ് ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫീസറും സന്ദര്‍ശിച്ച് ജില്ലാ വനിതാ, ശിശു വികസന ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.ഇതിന്റെ ഭാഗമായി ബോധവത്കരണ, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം

നിലവില്‍ സംസ്ഥാനത്ത് ചുരുക്കം ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രഷുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം' പദ്ധതിയുടെ ഭാഗമായാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശിശുക്ഷേമ സമിതി മുഖേനയാണ് ക്രഷ് പ്രവര്‍ത്തിക്കുന്നത്. ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍, ബേബി മോണിറ്ററിംഗ് ഉപകരണങ്ങള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷന്‍, പാചകത്തിനുള്ള പാത്രങ്ങള്‍, ബ്രെസ്റ്റ് ഫീഡിംഗ് സ്പേസുകള്‍, ക്രഡില്‍സ്, കളിപ്പാട്ടങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയാണ് ക്രഷിലുണ്ടാവുക.

Tags:    

Similar News