ഇന്ത്യയുടെ വളര്‍ച്ച ഏഴു ശതമാനമാവുമെന്ന് ലോകബാങ്ക്; ആദ്യ പ്രവചനത്തേക്കാള്‍ പ്രതീക്ഷ

കാര്‍ഷിക, ഉപഭോഗ മേഖലകളിലെ ഉണര്‍വ് വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന ഘടകം

Update:2024-09-03 15:07 IST
നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട് ഏഴു ശതമാനമാവുമെന്ന് ലോകബാങ്ക്. 2024-25ല്‍ 6.6 ശതമാനമെന്നായിരുന്നു ആദ്യ പ്രവചനം. സ്വകാര്യ ഉപഭോഗത്തിലുള്ള വളര്‍ച്ച, മണ്‍സൂണ്‍ മെച്ചപ്പെട്ടതിലൂടെ കാര്‍ഷിക രംഗത്ത് ഉണ്ടാവുന്ന ഉണര്‍വ് എന്നിവയാണ് വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി നിശ്ചയിക്കാന്‍ പ്രേരകം. ലോകബാങ്കിന്റെ ഇന്ത്യ വികസന അപ്‌ഡേറ്റിലാണ് ഇക്കാര്യം പറയുന്നത്. വരുമാന വളര്‍ച്ച, സാമ്പത്തിക അച്ചടക്കം എന്നിവ വഴി ആളോഹരി കടബാധ്യത അനുപാതം കുറയുമെന്നും ലോകബാങ്ക് നിരീക്ഷിച്ചു. കറന്റ് അക്കൗണ്ട് കമ്മി 1-1.6 ശതമാനമായി തുടരും.
വളര്‍ച്ചക്ക് ഉത്തേജനം നല്‍കുന്നതില്‍ വ്യാപാരത്തിനുള്ള നിര്‍ണായക പങ്ക് വികസന അപ്‌ഡേറ്റില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ആഗോള വ്യാപാര രംഗത്ത് സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ച സ്വയം സംരക്ഷണ മനോഭാവമാണ് പ്രകടമായത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാഹചര്യം ഇന്ത്യക്ക് പുതിയ അവസരങ്ങളാണ് നല്‍കുന്നത്. ഡിജിറ്റല്‍ സംരംഭങ്ങളും മറ്റും ഇന്ത്യയുടെ വ്യാപാര ചെലവ് കുറക്കുന്നുണ്ട്. നാണ്യപ്പെരുപ്പവും കുറഞ്ഞു വരുന്നു. ഐ.ടി, ഫാര്‍മ, തുണിത്തരങ്ങള്‍, ഇലക്‌ട്രോണിക്‌സ് എന്നിവ പോലുള്ള മേഖലകളില്‍ ഊന്നിനിന്ന് ഇന്ത്യക്ക് കയറ്റുമതി വിപുലപ്പെടുത്താന്‍ സാധിക്കും. വ്യാപാര വിലക്കു ചുരുക്കല്‍, വ്യാപാര സംയോജനം വിപുലപ്പെടുത്തല്‍ എന്നിവ വഴി വ്യാപാര ചെലവ് ഇനിയും കുറക്കാന്‍ സാധിക്കുമെന്നും അപ്‌ഡേറ്റ് വിലയിരുത്തി.
Tags:    

Similar News