മധുര മനോഹരമല്ല ചൈന; സമ്പദ്സ്ഥിതി മോശം, ഓഹരി വിപണിയുടെ 17 വര്‍ഷത്തെ നേട്ടം വട്ടപ്പൂജ്യം
ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ പ്രതിഫലനമായി മാറി ഒരു ഓഹരി വിപണി
മധുര മനോഹര മനോജ്ഞ ചൈന! മലയാളത്തിന്റെ മഹാകവി ഒ.എന്‍.വി കുറുപ്പ് എഴുതിയ ഒരു കവിതയിലെ വരിയാണിത്. ഏറെക്കാലം മുമ്പുവരെ ആഗോള സാമ്പത്തിക ലോകവും ചൈനയെപ്പറ്റി പാടിപ്പുകഴ്ത്തിയത് ഏതാണ്ട് ഇതുപോലെയായിരുന്നു. എന്നാല്‍ കാലം മാറി, ചൈന പഴയ ചൈനയല്ലാതായി.
ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തി, ലോകത്തിന്റെ തന്നെ മാനുഫാക്ചറിംഗ് ഹബ്ബ് എന്നിങ്ങനെ പെരുമകളുള്ള ചൈന ഇപ്പോള്‍ വലിയ ക്ഷീണത്തിലാണ്. ചൈന നേരിടുന്ന പ്രതിസന്ധിയുടെ പ്രതീകമായി ഒരു ഓഹരി വിപണിയും നിലകൊള്ളുന്നതാണ് ഇപ്പോഴത്തെ ഒരു വാര്‍ത്ത.
17 വര്‍ഷം, റിട്ടേണ്‍ വട്ടപ്പൂജ്യം!
ചൈനീസ് ഓഹരി വിപണിയുടെ മുഖമാണ് ഷാങ്ഹായ് കോംപോസിറ്റ് ഇന്‍ഡക്‌സ്. നിലവില്‍ 2,770 പോയിന്റിലാണ് ഷാങ്ഹായ് സൂചികയുള്ളത്. 2007ലെ അതേ നിലവാരം. അതായത്, കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഷാങ്ഹായ് സൂചിക നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയ നേട്ടം വെറും പൂജ്യം. ഇതേകാലയളവില്‍ ഇന്ത്യയുടെ നിഫ്റ്റി 50 കൈവരിച്ച വളര്‍ച്ച അഥവാ നിക്ഷേപകര്‍ക്ക് സമ്മാനിച്ച റിട്ടേണ്‍ 425 ശതമാനമാണെന്ന് ഓര്‍ക്കണം.
വീഴ്ചകളുടെ ചൈന
ഏറെ വര്‍ഷങ്ങളായി ചൈന തളര്‍ച്ചയുടെ ട്രാക്കിലാണ്. കൊവിഡ് മഹാമാരിയോടെയാണ് ഇതിന്റെ ആഘാതമെത്രയെന്ന് ലോകം മനസിലാക്കിയത്. ഒരര്‍ത്ഥത്തില്‍ ചൈന ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പ്രതിഫലനമാണ് ഷാങ്ഹായ് കോമ്പോസിറ്റ് ഇന്‍ഡക്‌സും കാഴ്ചവയ്ക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്താണ് ചൈനയില്‍ സംഭവിക്കുന്നത്. നമുക്ക് പരിശോധിക്കാം.
കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതില്‍ ചൈന നേരിട്ട വീഴ്ചകള്‍, രാജ്യത്ത് നിന്ന് നിരവധി ആഗോള കമ്പനികളെ പ്ലാന്റുകളും ഓഫീസുകളും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാന്‍ പ്രേരിപ്പിച്ചു. വന്‍തോതില്‍ കൊഴിഞ്ഞുപോക്കുണ്ടായില്ലെങ്കിലും നിരവധി കമ്പനികള്‍ വിയറ്റ്‌നാമിലേക്കും ഫിലിപ്പൈന്‍സിലേക്കും ചേക്കേറി.
ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വീഴ്ചയ്ക്കും കിതപ്പിനും ഇത് ആക്കംകൂട്ടി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ചൈന 5.2 ശതമാനം ജി.ഡി.പി വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷകര്‍ പ്രവചിച്ചതിനേക്കാള്‍ താഴെപ്പോയി വളര്‍ച്ച. കൊവിഡിന് മുമ്പത്തെ വളര്‍ച്ചയേക്കാള്‍ ഏറെ താഴെയുമാണിത്.
റിയല്‍ എസ്‌റ്റേറ്റ് മേഖല നേരിടുന്ന തളര്‍ച്ചയാണ് ചൈനയുടെ മറ്റൊരു പ്രതിസന്ധി. ഡിസംബറിലും ഭവന പദ്ധതികളുടെ വില കൂപ്പുകുത്തി. തുടര്‍ച്ചയായ ആറാംമാസമാണ് വില ഇടിവ്.
എവര്‍ഗ്രാന്‍ഡെ അടക്കം ചൈനയിലെ വമ്പന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പല ഭവന പദ്ധതികളും പണമില്ലാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകാതെ പാതിവഴിയില്‍ നിലച്ചു. കമ്പനികള്‍ കടബാധ്യത വീട്ടാനാകാതെ പാപ്പരത്തത്തിലുമായി. ഷാങ്ഹായ് സൂചികയില്‍ മികച്ച വെയിറ്റേജുള്ള റിയല്‍ എസ്റ്റേറ്റ് ഭീമന്മാര്‍ തളര്‍ന്നത്, ഫലത്തില്‍ സൂചികയെയും വീഴ്ത്തുകയായിരുന്നു.
ജനസംഖ്യയിലും പ്രതിസന്ധി
ചൈന ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ കാരണങ്ങളിൽ പ്രധാനം, ജനസംഖ്യയുടെ വീഴ്ചയാണ്. ഒറ്റകുട്ടി നയം സാമ്പത്തിക വ്യവസ്ഥയെ തന്നെ തകര്‍ക്കുകയായിരുന്നു.
ജനസംഖ്യയില്‍ യുവാക്കളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. ഇത് തൊഴിലാളികളുടെ എണ്ണത്തെ ബാധിച്ചു. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് ചൈനയില്‍ ജനസംഖ്യ കുറഞ്ഞത്.
ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തത് കമ്പനികളുടെ പ്രവര്‍ത്തനം, ഉത്പാദനം, ലാഭക്ഷമത, നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവയെ തളര്‍ത്തി. ഇത് ഓഹരി വിപണിയെയും താഴേക്ക് നയിച്ചു.
ആഗോള പ്രതിസന്ധിയും
അമേരിക്കയുമായുള്ള വ്യാപാരത്തര്‍ക്കം, കൊവിഡാനന്തരമുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം, വിതരണശൃംഖയിലെ തടസം എന്നിവയും ചൈനീസ് സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിച്ചു. നിലവിലെ സാഹചര്യത്തില്‍ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്‌ക്കൊരു അതിവേഗ തിരിച്ചുകയറ്റം ആരും പ്രതീക്ഷിക്കുന്നില്ല. സാമ്പത്തിക, നിക്ഷേപ നയങ്ങളിലടക്കം കാതലായ മാറ്റങ്ങള്‍ ചൈനീസ് ഭരണകൂടം കൈക്കൊണ്ട് അതിവേഗം പ്രവര്‍ത്തികമാക്കിയാല്‍ മാത്രമേ ഇതിലൊരു മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് നിരീക്ഷകര്‍ പറയുന്നത്.