ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍: ഫെബ്രുവരി 3

Update: 2020-02-03 04:32 GMT

1. വരുമാനത്തിന് പ്രവാസികള്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ല

ഇന്ത്യന്‍ ബിസിനസില്‍നിന്നോ ജോലിയില്‍നിന്നോ നേടുന്ന വരുമാനത്തിനു മാത്രമേ പ്രവാസികള്‍ ഇവിടെ നികുതി നല്‍കേണ്ടതുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അല്ലാതെ വിദേശത്തെ ജോലിയില്‍നിന്നോ ബിസിനസില്‍നിന്നോ ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ല.

2. എല്‍ഐസിയുടെ 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കില്ല

എല്‍ഐസിയുടെ 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍.ഓഹരി ലിസ്റ്റിംഗിന് ഒരു വര്‍ഷമെടുക്കുമെന്നും ഇതിനായി എല്‍ഐസി നിയമത്തില്‍ ഭേദഗതി വരുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.'കൂടുതല്‍ സുതാര്യത കൊണ്ടുവരികയും ഓഹരി ഉടമകളുമായി നേട്ടങ്ങള്‍ പങ്കിടാന്‍ അനുവദിക്കുകയുമാണ് എല്‍ഐസി ലിസ്റ്റിംഗ് വഴി ലക്ഷ്യമിടുന്നത്' - ധനകാര്യ സെക്രട്ടറി അറിയിച്ചു.

3. ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് വിആര്‍എസ് കുടിശ്ശിക ലഭിക്കാന്‍ വൈകും

വിആര്‍എസ് തിരഞ്ഞെടുത്ത ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ജീവനക്കാര്‍ക്ക് അവരുടെ കുടിശ്ശിക ലഭിക്കുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷം (2020-21) കാത്തിരിക്കേണ്ടിവരും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര ബജറ്റില്‍ ഇതിനായി ഒരു ചെലവും നടത്താന്‍ വ്യവസ്ഥയില്ല എന്നതാണ് ഇതിന് കാരണം.

4. ചൈനീസ് യാത്രികര്‍ക്ക് ഇ-വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തി

ലോക വ്യാപകമായി കൊറോണ ബാധിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് യാത്രികര്‍ക്ക് ഇ-വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് ചൈനീസ് പൗരന്മാര്‍ക്കും ചൈനയിലുള്ള മറ്റു വിദേശരാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇന്ത്യ വിസയ്ക്ക് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

5. ഡാറ്റ സ്വകാര്യതയില്‍ ഇന്‍ഫോസിസിന് ഐഎസ്ഒ 27701 സര്‍ട്ടിഫിക്കേഷന്‍

ഡാറ്റ സ്വകാര്യതയിലെ അന്താരാഷ്ട്ര നിലവാരമായ ഐഎസ്ഒ 27701 അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ ഇന്‍ഫോസിസിനു ലഭിച്ചു. അക്രഡിറ്റേഷനോടെ ഈ ബ്യൂറോ വെരിറ്റാസ് സര്‍ട്ടിഫിക്കേഷന്‍ നേടിയ ലോകത്തെ ആദ്യത്തെ കമ്പനികളില്‍ ഒന്നാണ് ഇന്‍ഫോസിസ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News