യോഗ്യത പത്താം ക്ലാസ്; ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അഗ്നിവീർ തസ്തികകളിലേക്ക് അപേക്ഷിക്കാം; ശമ്പളം: 40,000 രൂപ
ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ 78 കേന്ദ്രങ്ങളില്‍ അനുയോജ്യമായ സ്ഥലങ്ങളിലേക്ക് അപേക്ഷ തപാലില്‍ അയയ്ക്കാം
ഇന്ത്യൻ എയർഫോഴ്‌സ് അഗ്നിപഥ് സ്കീമിന് കീഴിലുള്ള അഗ്നിവീർ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. നോൺ കോംബാറ്റന്റ് ഇൻടേക്ക് 01/2025 അഗ്നിവീറിനുള്ള അപേക്ഷകളാണ് വ്യോമസേന ക്ഷണിച്ചിരിക്കുന്നത്.
യോഗ്യതകള്‍
അപേക്ഷകർ അവിവാഹിതരും 2004 ജനുവരി 2 നും 2007 ജൂലൈ 2 നും ഇടയിൽ ജനിച്ചവരും പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയവരുമായിരിക്കണം. 152 സെന്റീമീറ്റർ ഉയരം, 5 സെന്റീമീറ്ററെങ്കിലും വികസിപ്പിക്കാവുന്ന നെഞ്ച്, 6 മിനിറ്റ് 30 സെക്കൻഡിൽ 1.6 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കാനുള്ള കഴിവ് തുടങ്ങിയ ശാരീരിക യോഗ്യതകള്‍ ആവശ്യമാണ്. അപേക്ഷകർ ഒരു മിനിറ്റിൽ 20 സിറ്റ് അപ്പുകളും ഒരു മിനിറ്റിൽ 10 പുഷ് അപ്പുകളും ചെയ്യേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷ സമര്‍പ്പിക്കുന്ന പ്രക്രിയ സൗജന്യമാണ്. എഴുത്ത് പരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, സ്ട്രീം സ്റ്റെബിലിറ്റി ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവ നടത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഹോസ്പിറ്റാലിറ്റി വിഭാഗത്തിലും ഹൗസ് കീപ്പിങ് വിഭാഗത്തിലുമായിരിക്കും നിയമനം.
ലഭിക്കുന്ന ശമ്പളം
തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ആദ്യ വർഷം 30,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. കോർപ്പസ് ഫണ്ടിനായി 9,000 രൂപ കുറച്ച ശേഷം 21,000 രൂപ ശമ്പളം കൈയില്‍ ലഭിക്കുന്നതാണ്. രണ്ടാം വർഷം അഗ്നിവീറുകള്‍ക്ക് 10 ശതമാനം വർധനയോടെ 33,000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്. കിഴിവ് കഴിഞ്ഞ് കൈയില്‍ ലഭിക്കുന്ന ശമ്പളം 23,100 ആയിരിക്കും.
മൂന്നാം വർഷം കൈയില്‍ കിട്ടുന്ന ശമ്പളം 36,500 രൂപ ആയിരിക്കും. നാലു വർഷം കൊണ്ട് ശമ്പളം ക്രമാനുഗതമായി വർദ്ധിക്കുന്ന സാലറി സ്കെയിലാണ് അഗ്നിവീറുമാരുടേത്. അവസാന വർഷം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ശമ്പളം 40,000 രൂപയായിരിക്കും.
ആപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിന് സന്ദര്‍ശിക്കേണ്ട ലിങ്ക്: https://agnipathvayu.cdac.in/AV/img/non-combatant
കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി സന്ദര്‍ശിക്കേണ്ട ലിങ്ക്: https://agnipathvayu.cdac.in/AV
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 2 ആണ്.
രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും നാലാം വര്‍ഷവും കോര്‍പ്പസ് ഫണ്ടിലേക്ക് മാറുന്ന ശമ്പളത്തിന്റെ വിഹിതം യഥാക്രമം 9000 രൂപയും 10,950 രൂപയും 12,000 രൂപയുമാണ്. ഇങ്ങനെ മാറ്റിവെക്കുന്ന വിഹിതത്തോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ തതുല്ല്യമായ തുകയും അനുവദിക്കും. സേവാനിധിയില്‍ ആകെ ഇത്തരത്തില്‍ 10.04 ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ക്ക് സമ്പാദ്യമായി ഉണ്ടാകും.
അപേക്ഷകള്‍ തപാലായി അയയ്ക്കാം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ അപേക്ഷകള്‍ ഓഫ്‌ലൈനായി സമര്‍പ്പിക്കുന്നതിനാണ് വ്യോമസേന പ്രോത്സാഹിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുളള ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ 78 കേന്ദ്രങ്ങളില്‍ അനുയോജ്യമായ സ്ഥലങ്ങളിലേക്ക് അപേക്ഷ തപാലില്‍ അയയ്ക്കാവുന്നതാണ്.
കേരളത്തില്‍ തിരുവനന്തപുരം ശംഖുമുഖം എയര്‍ഫോഴ്സ് സ്റ്റേഷനിലേക്കും ആക്കുളം സതേണ്‍ നേവല്‍ കമാന്‍ഡ് ആസ്ഥാനത്തേക്കും അപേക്ഷ അയയ്ക്കാവുന്നതാണ്. ഒരാള്‍ക്ക് ഒരു അപേക്ഷ മാത്രമേ അയയ്ക്കാന്‍ സാധിക്കൂ എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.