എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ അവസരം, ഡിപ്ലോമയും 12ാം ക്ലാസും പാസായവര്‍ക്ക് ശമ്പളം ₹ 92,000 വരെ
കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയിൽ ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയാറാക്കുക
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ അസിസ്റ്റൻ്റ് (ഫയർ സർവീസസ്) റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് www.aai.aero എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി 2025 ജനുവരി 28 ആണ്.
മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഫയർ എന്നീ വിഷയങ്ങളിൽ മൂന്ന് വർഷത്തെ അംഗീകൃത ഡിപ്ലോമയോ 12-ാം ക്ലാസ് (റെഗുലർ പഠനം) പാസായവരോ ആയിരിക്കണം അപേക്ഷകർ.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 31,000 രൂപ മുതൽ 92,000 രൂപ വരെയാണ് ശമ്പളം.
തിരഞ്ഞെടുപ്പ്
രണ്ട് ഘട്ടങ്ങളിലായാണ് ജൂനിയർ അസിസ്റ്റൻ്റ് (ഫയർ സർവീസസ്) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ്.
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) ആണ് ഘട്ടം 1. യു.ആർ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ 100 ൽ 50 എങ്കിലും സ്‌കോർ ചെയ്താലാണ് വിജയിക്കാനാകുക. അതേസമയം എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾക്ക് 100 ൽ 40 എങ്കിലും സ്കോര്‍ ചെയ്യണം.
ഉദ്യോഗാർത്ഥികൾ സി.ബി.ടി വിജയിച്ചതിന് ശേഷമാണ് ഘട്ടം 2 ആരംഭിക്കുന്നത്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ്, ഡോക്യുമെൻ്റ് പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കും. തുടർന്ന് ഫിസിക്കൽ മെഷർമെൻ്റ് ടെസ്റ്റ് ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധന നടത്തുന്നതാണ്. വൈദ്യപരിശോധനയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകണം. ലൈറ്റ്, മീഡിയം അല്ലെങ്കിൽ ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉളള ഉദ്യോഗാര്‍ത്ഥികളെയാണ് ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുപ്പിക്കുക.
ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കുന്നവരുടെ ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റ് (പി.ഇ.ടി) നടത്തുന്നതാണ്. അഞ്ച് നിർദ്ദിഷ്ട എൻഡുറൻസ് പരീക്ഷകളിൽ കുറഞ്ഞത് 60 മാർക്ക് ഉദ്യോഗാര്‍ത്ഥികള്‍ നേടേണ്ടതുണ്ട്.
ഇന്ത്യയിലുടനീളമുള്ള മൊത്തം 89 ഒഴിവുകൾ നികത്താൻ ലക്ഷ്യമിട്ടുളളതാണ് റിക്രൂട്ട്‌മെൻ്റ് ഡ്രൈവ്. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയിൽ (സി.ബി.ടി) ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കാനുള്ള അന്തിമ മെറിറ്റ് ലിസ്റ്റ് തയാറാക്കുക.