വിദ്യാർത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും സിംഗപ്പൂരില്‍ എത്താം, ഈ പ്രത്യേക വീസകള്‍ ഉപയോഗിച്ച്
സാധുവായ വർക്ക് പാസ് ഇല്ലാതെ ഒരു വിദേശ വിദ്യാർത്ഥി സിംഗപ്പൂരിൽ ജോലി ചെയ്യുന്നത് കുറ്റകരമാണ്
സിംഗപ്പൂരിൽ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശികളായ എല്ലാ പൗരന്മാരും സാധുവായ പെർമിറ്റ് നേടേണ്ടതുണ്ട്. ഇത് വർക്ക് വീസ അല്ലെങ്കിൽ വർക്ക് പെർമിറ്റ് എന്നാണ് അറിയപ്പെടുന്നത്. വിദേശ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, മാനേജർമാർ, എക്സിക്യൂട്ടീവുകൾ, സംരംഭകർ, വിദഗ്ധരും അർദ്ധ വിദഗ്ധരുമായ തൊഴിലാളികൾ എന്നിവര്‍ക്കുളള വര്‍ക്ക് വീസകള്‍ വ്യത്യസ്തമായിരിക്കും.
വിദേശ പ്രൊഫഷണലുകളെയും മാനേജർമാരെയും എക്‌സിക്യൂട്ടീവുകളെയും സിംഗപ്പൂരിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ് എംപ്ലോയ്‌മെൻ്റ് പാസ്. 2025 ജനുവരി 1 മുതൽ പുതിയ അപേക്ഷകൾക്കുള്ള എംപ്ലോയ്‌മെൻ്റ് പാസ് യോഗ്യതാ ശമ്പളം കുറഞ്ഞത് 5,600 ഡോളറായും സാമ്പത്തിക സേവന മേഖലയില്‍ കുറഞ്ഞത് 6,200 ഡോളറായും പരിഷ്കരിച്ചിട്ടുണ്ട്.
വിദഗ്ധ തൊഴിലാളികൾക്കുള്ള എസ് പാസ് ലഭിക്കുന്നതിന് ഉദ്യോഗാർത്ഥികൾ പ്രതിമാസം 3,150 ഡോളറെങ്കിലും സമ്പാദിക്കേണ്ടതുണ്ട്. പ്രാക്ടിക്കല്‍ ട്രെയിനിംഗിന് എത്തുന്ന വിദേശ പൗരന്മാര്‍ ട്രെയിനിംഗ് എംപ്ലോയ്‌മെൻ്റ് പാസ് നേടേണ്ടതുണ്ട്. അപേക്ഷകർ പ്രതിമാസം കുറഞ്ഞത് 3,000 ഡോളര്‍ സമ്പാദിക്കുന്നവരായിരിക്കണം.
വിദ്യാർത്ഥികൾ
6 മാസത്തേക്ക് സിംഗപ്പൂരിൽ ജോലി ചെയ്യാനും അവധിക്കാലം ചെലവഴിക്കാനും ആഗ്രഹിക്കുന്ന 18 മുതൽ 25 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും വർക്ക് ഹോളിഡേ പാസിനായി അപേക്ഷിക്കാം. സിംഗപ്പൂരിലെ അംഗീകൃത സ്കൂളിലോ കോളേജിലോ മുഴുവൻ സമയവും പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വർക്ക് പാസ് ഇളവ് ലഭിക്കുന്നതാണ്.
നിങ്ങൾ ഒരു വിദേശ വിദ്യാർത്ഥിയോ പരിശീലനത്തിനായി സിംഗപ്പൂരിലേക്ക് എത്തുന്ന ട്രെയിനിയോ ആണെങ്കിൽ നിങ്ങൾക്ക് ഒരു ട്രെയിനിംഗ് വർക്ക് പെർമിറ്റ്, ഒരു ട്രെയിനിംഗ് എംപ്ലോയ്‌മെൻ്റ് പാസ് അല്ലെങ്കിൽ വർക്ക് ഹോളിഡേ പാസ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സാധുവായ വർക്ക് പാസ് ഇല്ലാതെ ഒരു വിദേശ വിദ്യാർത്ഥി സിംഗപ്പൂരിൽ ജോലി ചെയ്യുന്നത് കുറ്റകരമാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.