ഈ യൂറോപ്യന്‍ രാജ്യത്ത് 5 കൊല്ലത്തിനുള്ളില്‍ അഞ്ച് ലക്ഷം നേഴ്‌സുമാരെ വേണം
ആരോഗ്യരംഗത്ത് കൂടുതല്‍ ഒഴിവുകളുള്ളത് ജര്‍മനിയിലാണ്
കൊവിഡ് മഹാമാരിക്കു ശേഷം ആരോഗ്യമേഖലയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ നല്കുന്ന പ്രാധാന്യം വളരെ വലുതാണ്. മഹാമാരിക്ക് ശേഷം ഈ രാജ്യങ്ങളിലെല്ലാം വലിയ അവസരങ്ങളാണ് മലയാളി നേഴ്‌സുമാര്‍ക്ക് തുറന്നു കിട്ടിയത്.
യു.കെയില്‍ അടക്കം ചില രാജ്യങ്ങളില്‍ ആരോഗ്യമേഖലയിലെ സുവര്‍ണ കാലഘട്ടം അവസാനിച്ചെങ്കിലും മറ്റ് പല രാജ്യങ്ങളിലും ഇപ്പോഴും ദൗര്‍ലഭ്യം തുടരുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, നോര്‍വെ, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ഓസ്ട്രിയ, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ വലിയ രീതിയില്‍ അവസരങ്ങള്‍ നിലനില്‍ക്കുന്നത്.
ഒഴിവ് കൂടുതല്‍ ജര്‍മനിയില്‍
ആരോഗ്യരംഗത്ത് കൂടുതല്‍ ഒഴിവുകളുള്ളത് ജര്‍മനിയിലാണ്. ജര്‍മനിയിലെ ഓരോ 8 ഡോക്ടര്‍മാരില്‍ ഒരാള്‍ വീതം വിദേശിയാണ്. മൊത്തം ഡോക്ടര്‍മാരുടെ 12 ശതമാനം പേര്‍ക്കും ജര്‍മന്‍ പൗരത്വം ഇല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2025ഓടെ 1,50,000 ലക്ഷം നേഴ്‌സുമാരെ പുതുതായി ജര്‍മനിക്ക് ആവശ്യമുണ്ട്. നേഴ്‌സുമാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടലുകള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ജര്‍മനിയിലെത്തി നേഴ്‌സിംഗ് പഠിച്ച് ജോലി നേടാനുള്ള അവസരവും ഒരുക്കുന്നുണ്ട്. 2030ഓടെ അഞ്ചുലക്ഷം നേഴ്‌സുമാരെയാണ് ജര്‍മനിക്ക് ആവശ്യമുള്ളത്. നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് നേഴ്‌സുമാരെ തിരഞ്ഞെടുക്കാന്‍ വിവിധ പദ്ധതികള്‍ ജര്‍മന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.