യു.കെയിലെ ഇന്ത്യൻ 'ആയമാർ' നാടുകടത്തൽ ഭീഷണിയിൽ; കുറഞ്ഞ ശമ്പളവും തിരിച്ചടി

പുതിയ നിയമങ്ങള്‍ക്ക് ശേഷം കുടുംബത്തെ ഒപ്പം കൂട്ടിയവരുടെ എണ്ണവും കുറഞ്ഞു

Update:2024-05-28 09:14 IST

യു.കെയിലേക്ക് കുടുംബത്തെ കൊണ്ടു വരുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആരോഗ്യമേഖലയില്‍ ജോലി ചെയ്യാനുള്ള വീസ അപേക്ഷകളില്‍ വന്‍ ഇടിവ്. 2023 ഏപ്രിലിനെ അപേക്ഷിച്ച് ആരോഗ്യ മേഖലയിലെ വര്‍ക്ക് വീസ അപേക്ഷകളില്‍ 76 ശതമാനവും ആശ്രിത വീസകളില്‍ 58 ശതമാനവും കുറവുണ്ടായതായാണ് യു.കെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

യു.കെയില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരായ കെയര്‍ വര്‍ക്കര്‍മാര്‍ പലരും നാടുകടത്തല്‍ ഭീഷണിയിലായിരിക്കുന്ന സമയത്താണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പഠന വീസയില്‍ യു.കെയിലേക്ക് കുടുംബത്തെ കൊണ്ടുവന്നവരാണ് പുതിയ വീസ 
നി
യമങ്ങള്‍ നടപ്പാക്കുന്നതു മൂലം നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. പലര്‍ക്കും പുതിയ വീസ നിയമങ്ങള്‍ക്ക് യോജിക്കുന്ന പുതിയ ജോലികള്‍ കണ്ടെത്താനാകാത്തതിനാല്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുറത്തു പോകേണ്ടി വരും.

കുടിയേറ്റം കുറയ്ക്കാൻ  

കുടിയേറ്റം നിയന്ത്രിക്കാനും ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ജോലി ഉറപ്പാക്കാനുമുദ്ദേശിച്ചാണ് ആരോഗ്യ സംരക്ഷണ മേഖലയ്ക്കായി പുതിയ വീസ നിയമങ്ങള്‍ അവതരിപ്പിച്ചത്. ഈ ജൂലൈയിൽ  പൊതു തിരഞ്ഞെടുപ്പ് നേരിടുന്ന പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ സംബന്ധിച്ച് കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞുവെന്ന് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു.
ആരോഗ്യ സംരക്ഷണ മേഖലയിലെ വീസ നിയമത്തിലെ മാറ്റങ്ങള്‍ കൂടാതെ വിദേശ വിദ്യാര്‍ത്ഥികളുടെ വീസയിലും ജനുവരി മുതല്‍ മാറ്റം വരുത്തിയിരുന്നു. ഇതുമൂലം കഴിഞ്ഞ നാല് മാസത്തിനിടെ കുടുംബത്തെ ഒപ്പം കൂട്ടിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 79 ശതമാനം കുറവാണുണ്ടായത്.
പ്രതിസന്ധിയിൽ വിദ്യാര്‍ത്ഥികൾ
കഴിഞ്ഞ വര്‍ഷവും ഹെല്‍ത്ത്കെയര്‍ മേഖലയിലേക്ക് ഏറ്റവും കൂടുതല്‍ ജീവനക്കാരെത്തിയത് ഇന്ത്യയില്‍ നിന്നായിരുന്നു. 38,000 പേര്‍ക്കാണ് വീസ അനുവദിച്ചത്. എന്നാല്‍ ഈ വീസയില്‍ ഇവിടെയെത്തിയ പലരും പുതിയ മാറ്റങ്ങള്‍ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.
പലര്‍ക്കും അര്‍ഹതപെട്ട ജോലി കിട്ടിയില്ല, വാഗ്ദാനം ചെയ്തതില്‍ വളരെ കുറഞ്ഞ ശമ്പളമാണ് മിക്കവർക്കും ലഭിക്കുന്നത്. കുടുംബത്തെ ഒപ്പം കൂട്ടിയ പലര്‍ക്കും കുറഞ്ഞ ശമ്പളത്തില്‍ ഇവിടെ തുടരാനാകാതെ തിരിച്ചു പോരേണ്ട അവസ്ഥയിലാണെന്ന് കെയര്‍ വര്‍ക്കറായി ജോലി ചെയ്യുന്ന പാലാ സ്വദേശി റെനി പറഞ്ഞു.

നഴ്‌സുമാര്‍ക്ക്‌ പുറമെ ഏറ്റവുമധികം മലയാളികള്‍ ആശ്രയിച്ചിരുന്ന ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസയില്‍ കഴിഞ്ഞ ഏപ്രില്‍ മുതലാണ് പങ്കാളിയെയോ മക്കളെയോ കൊണ്ടു വരുന്നതില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത്.

ഏപ്രില്‍ നാല് മുതല്‍ നടപ്പാക്കിയ മാറ്റമനുസരിച്ച് കുടുംബത്തെ കൊണ്ടു വരണമെന്നുണ്ടെങ്കില്‍ വര്‍ഷം 35,000 പൗണ്ട് ശമ്പളം വേണമെന്നാണ് നിബന്ധന. സാധാരണ കെയര്‍വര്‍ക്കര്‍മാരായി വരുന്നവര്‍ക്ക് ഇത്രയും ശമ്പളമുണ്ടാകാറില്ല. പഠന വീസയിലെത്തുന്ന വിദ്യാര്‍ത്ഥികളില്‍ പലരും പഠനം പൂര്‍ത്തിയാക്കിയ ശേഷം ആദ്യം കെയര്‍വര്‍ക്കറായും മറ്റുമാണ് ജോലിയില്‍ കയറുന്നത്. മാതാപിതാക്കളെ ഒപ്പം കൂട്ടിയ പലര്‍ക്കും ഉയര്‍ന്ന ശമ്പളമുള്ള ജോലി കണ്ടെത്താനാകാതെ വന്നത് വലിയ അനിശ്ചിതത്വത്തിനിടയാക്കിയിട്ടുണ്ട്. വന്‍ തുകകള്‍ വായ്പയെടുത്താണ് പലരും യു.കെയില്‍ പഠിക്കാനെത്തിയത്. അതിനനുസരിച്ച ജോലി സ്വന്തമാക്കാനാകാതെ വരുന്നതോടെ തിരിച്ച് പോരേണ്ട അവസ്ഥയിലാണ് ധാരാളം വിദ്യാര്‍ത്ഥികള്‍.


Tags:    

Similar News