വീടുകളോടനുബന്ധിച്ച് നാനോ സംരംഭമായി തുടങ്ങാം; കായം നിര്‍മാണത്തിലൂടെ ചെറിയ ചെലവില്‍, മികച്ച വരുമാനം നേടാം

എളുപ്പത്തില്‍ വിപണി കണ്ടെത്താനാവുന്ന ഉല്‍പ്പന്നമാണ് കായം. കുറഞ്ഞ മുതല്‍മുടക്കില്‍ നിങ്ങള്‍ക്കും നേട്ടമുണ്ടാക്കാം.

Update:2021-10-04 17:57 IST

വീടുകളില്‍ തന്നെ നാനോ സംരംഭമായി ആരംഭിക്കാവുന്ന ഒന്നാണ് കായം നിര്‍മാണം. എംഎസ്എംഇ ഫസിലിറ്റേഷന്‍ ആക്റ്റ് 2020 നിലവില്‍ വന്നതോടെ, ഒരാള്‍ക്ക് ജില്ലാ ബോര്‍ഡിന് മുന്നില്‍ ഒരു ഡിക്ലറേഷന്‍ ഫയല്‍ ചെയ്ത് അടുത്ത ദിവസം വ്യവസായം ആരംഭിക്കാന്‍ കഴിയും. നമ്മുടെ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന പല ഉല്‍പ്പന്നങ്ങളും അന്യസംസ്ഥാനങ്ങളിലെ വീടുകളില്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ വീടുകളില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുന്നത് വഴി ചെറുകിട വ്യവസായ രംഗത്ത് അതൊരു കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കും.

വീട്ടില്‍ ലഭ്യമായ വൈദ്യുതി ഉപയോഗിക്കുന്നത് മൂലവും അനുബന്ധ ചെലവുകളില്ലാത്തതിനാലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തിക്കാനാകും. 5 എച്ച് പി വരെയുള്ള മോട്ടറുകള്‍ കൂടി വീടുകളില്‍ ഉപയോഗിക്കാനുള്ള അനുമതി ലഭ്യമാക്കിയതോടെ ഈ രംഗം കൂടുതല്‍ ആകര്‍ഷകമായി. ഇത്തരത്തിലുള്ള നിയമങ്ങള്‍ പ്രയോജനപ്പെടുത്തി ആരംഭിക്കാന്‍ കഴിയുന്ന ഒരു ചെറുകിട സംരംഭമാണ് കായം നിര്‍മാണം.
സാധ്യതകള്‍
പെരും കായം നിര്‍മാണത്തിന്റെ കുത്തക അന്യസംസ്ഥാനങ്ങള്‍ക്കാണ്. നമ്മുടെ നാട്ടിലെ പല കമ്പനികളും തമിഴ്നാട്ടില്‍ നിന്ന് കായം വാങ്ങി സ്വന്തം ലേബല്‍ പതിച്ച് വിപണിയിലിറക്കുന്നുണ്ട്. കറികള്‍ക്കും മസാലകള്‍ക്കും അച്ചാര്‍ നിര്‍മാണത്തിനും മരുന്ന് നിര്‍മാണത്തിനുമെല്ലാം കായം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കേരളത്തില്‍ കായത്തിന്റെ ഉപഭോഗം ധാരാളമായുണ്ട്. ഈ മാര്‍ക്കറ്റ് പ്രയോജനപ്പെടുത്തി കേരളത്തില്‍ തന്നെ കായം നിര്‍മാണം ആരംഭിക്കുന്നത് വഴി പുതുമയുള്ള ഒരു വ്യവസായത്തിന് തുടക്കം കുറിക്കാന്‍ സാധിക്കും. കേരളത്തില്‍ ഉല്‍പ്പാദകര്‍ കുറവാണ് എന്നതു തന്നെയാണ് ഏറ്റവും വലിയ സാധ്യത. സാങ്കേതിക വിദ്യ ലഭിക്കേണ്ടതിനാല്‍ വളരെ പൈട്ടന്ന് മറ്റൊരാള്‍ക്ക് ആരംഭിക്കാന്‍ കഴിയുന്നതല്ല കായം നി ര്‍മാണം. ചെറിയ മുതല്‍ മുടക്കും ഈ വ്യവസായത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ച് കായം നിര്‍മാണം മുന്നോട്ട് കൊണ്ടുപോകാം.
മാര്‍ക്കറ്റിംഗ്
വിതരണക്കാരെ നിയമിച്ചുള്ള വിപണനരീതിയാണ് അഭികാമ്യം. 18 മാസം വരെ സൂക്ഷിപ്പ് കാലാവധിയുള്ളതിനാല്‍ വിപണിയില്‍ നിന്ന് തിരിച്ചെടുക്കേണ്ടുന്ന അവസ്ഥ ഉണ്ടാവുന്നില്ല. കേരളത്തില്‍ നിന്നുള്ള കായപ്പൊടി എന്ന നിലയില്‍ കൂടുതല്‍ പ്രമോട്ട് ചെയ്യാനും സാധിക്കും. വിതരണക്കാരെ നിയമിക്കുന്നതിനൊപ്പം വലിയ മൊത്ത വ്യാപാരികള്‍ക്ക് നേരിട്ട് എത്തിക്കുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.
വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളും കേറ്ററിംഗ് യൂണിറ്റുകളും വ്യാപകമാകുന്ന ഇക്കാലത്ത് ഉല്‍പ്പാദകനില്‍ നിന്ന് നേരിട്ട് ഇത്തരം വലിയ ഉപഭോക്താക്കളിലേക്കു നേരിട്ടെത്തിക്കുന്ന രീതി കൂടുതല്‍ ലാഭകരവും ആകര്‍ഷണീയവുമാണ്. വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളും കേറ്ററിംഗ് സ്ഥാപനങ്ങളും പ്രതിമാസം 10 കിലോ വരെ കായം ഉപയോഗിക്കുന്നുണ്ട് .ഇത്തരം വിപണി മാത്രം കേന്ദ്രീകരിച്ചാല്‍ പോലും നല്ല വില്‍പ്പന നേടാനാകും.
നിര്‍മാണരീതി
അഫ്ഗാനിസ്ഥാനില്‍ വളരുന്ന അസഫേറ്റിഡ (Asafoetida) എന്ന ചെടിയില്‍ നിന്നാണ് കായം (അസഫേറ്റിഡ) ഉല്‍പ്പാദിപ്പിക്കുന്നത്. അസഫേറ്റിഡ പേസ്റ്റ് രൂപത്തിലും ഖരരൂപത്തിലും ലഭിക്കും. കായം പൗഡര്‍ നിര്‍മിക്കുന്നതിനായി വൃത്തിയാക്കിയ ഗോതമ്പില്‍ നിന്നും നിര്‍മിച്ചെടുത്ത ഗോതമ്പ് പൗഡര്‍ അറബിക് ഗം ചേര്‍ത്ത് പരുവപ്പെടുത്തും. തുടര്‍ന്ന് പള്‍വെറൈസര്‍ ഉപയോഗിച്ച് പൊടിച്ച അസഫേറ്റിഡ നിശ്ചിത ശതമാനം ഗോതമ്പ് മാവില്‍ ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്ത് അരോമ നഷ്ടപ്പെടാത്ത ബോട്ടിലുകളില്‍ നിറച്ച് സൂക്ഷിക്കാം.
ഗോതമ്പ് പൗഡറര്‍ അറബിക് ഗം ചേര്‍ത്ത് പരുവപ്പെടുത്തിയ ശേഷം നിശ്ചിത ശതമാനം അസഫേറ്റിഡ ചേര്‍ത്ത് മിക്‌സ് ചെയ്ത് കടുകെണ്ണ ചേര്‍ത്തുള്ള പ്രക്രിയ കൂടി പൂര്‍ത്തീകരിച്ചാണ് കായം കേക്ക് നിര്‍മിക്കുന്നത്. ഇത് കഷണങ്ങളാക്കി മാറ്റി പ്ലാസ്റ്റിക് കവറില്‍ പായ്ക്ക് ചെയ്തതിനു ശേഷം മാര്‍ക്കറ്റില്‍ എത്തിക്കാം.
മൂലധന നിക്ഷേപം
പള്‍വറൈസര്‍ = 40,000.00
ബ്ലെന്‍ഡര്‍ = 40,000.00
അനുബന്ധ സംവിധാനങ്ങള്‍,
പാത്രങ്ങള്‍, കവര്‍ = 25,000.00
ആകെ = 1,05,000.00
പ്രവര്‍ത്തന വരവ് - ചെലവ് കണക്ക്
ചെലവ്
(പ്രതിദിനം 50 കിലോഗ്രാം കായം പൗഡര്‍
നിര്‍മിച്ച് വിതരണം നടത്തുന്നതിനുള്ള ചെലവ് )
അസഫേറ്റിഡ = 17,500.00
ഗോതമ്പ് പൗഡര്‍ = 2,000.00
ജീവനക്കാരുടെ വേതനം = 1,000.00
പായ്ക്കിംഗ് കണ്ടെയ്നറുകള്‍,
ലേബല്‍ തുടങ്ങിയവ = 2,500.00
വൈദ്യുതി ചാര്‍ജ്, അനുബന്ധ
ചെലവുകള്‍ = 1,000.00
പലവക = 1,000.00
ആകെ = 25,000.00
വരവ്
(50 കിലോഗ്രാം കായം പൗഡര്‍ 100 ഗ്രാം വീതമുള്ള 500 കണ്ടെയ്നറുകളില്‍ നിറച്ച് വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്നത്)
100 ഗ്രാം കായപ്പൊടി എംആര്‍പി = 145.00
വില്‍പ്പനക്കാരുടെ കമ്മീഷന്‍
കിഴിച്ച് ഉല്‍പ്പാദകന് ലഭിക്കുന്നത് = 105.00
500 X 105 = 52,500.00
ലാഭം
52,500.00 - 25,000.00 = 27,500.00
സാങ്കേതികവിദ്യ - പരിശീലനം
കായം പൗഡറും കായം കേക്കും നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യയും പരിശീലനവും പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും. 0485-2242310 ലൈസന്‍സ് - സബ്സിഡിഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ്, ഉദ്യോഗ് ആധാര്‍, ജി.എസ്.ടി എന്നിവ നേടിയിരിക്കണം. മൂലധന നിക്ഷേപത്തിന് അനുസൃതമായ സബ്സിഡി വ്യവസായ വകുപ്പില്‍ നിന്ന് ലഭിക്കും.


Tags:    

Similar News