യഥാര്‍ത്ഥ പ്രശ്നം പരിഹരിച്ച് കാണിക്കു, ജോലി നേടൂ; കേരള ഐ.ടി കമ്പനികളുടെ പുതിയ റിക്രൂട്ട്‌മെന്റ് രീതി ഇങ്ങനെ
10,000 എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ പ്രശ്‌ന പരിഹാര സാങ്കേതിക മികവ് പരീക്ഷണത്തിന്
എന്‍ജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ ലഭിച്ച മാര്‍ക്കും എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ മാത്രം നടത്തി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം കേരളത്തിലെ ഐ.ടി കമ്പനികള്‍ ഉപേക്ഷിക്കുന്നു. നിര്‍മിത ബുദ്ധിയുടെ യുഗത്തില്‍ അത്തരം പരമ്പരാഗത റിക്രൂട്ടിംഗ് രീതികള്‍ ഐ.ടി വ്യവസായതിന്റെ വളര്‍ച്ചയ്ക്ക് സഹായകരമല്ലന്ന് കേരളത്തിലെ ടെക്നോളജി കമ്പനികളുടെ സംഘാടനയായ ഗ്രൂപ് ഓഫ് ടെക്നോളജി (ജീ.ടെക്) കമ്പനീസ് കരുതുന്നു.
കേരളത്തിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളില്‍ മികച്ചവരെ കണ്ടെത്താന്‍ ഒരു മാസം നീണ്ടുനിന്ന ലോഞ്ച് പാഡ് കേരള 2024 എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ജീടെക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനിയേഴ്‌സും ചേര്‍ന്നാണ് പരിപാടി നടത്തിയത്.
കേരള മോഡല്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷ
കേരളത്തില്‍ തുടക്കമിടുന്ന മാതൃക മറ്റ് സംസ്ഥാനങ്ങളിലെ കമ്പനികളും നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജീടെക് സെക്രട്ടറി വി. ശ്രീകുമാര്‍ (ടാറ്റ എല്‍ക്‌സി, ടെക്നോപാര്‍ക്ക് തിരുവനന്തപുരം) ആത്മവിശ്വാസം പ്രകടിപ്പിച്ചു. തുടക്കത്തില്‍ 10,000 എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രശ്നപരിഹാര, സാങ്കേതിക മികവ് തെളിയിക്കാനായി പരീക്ഷകളിലൂടെ കടന്നുപോകും.
വ്യവസായങ്ങളില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ സാങ്കേതികമായി എങ്ങനെ പരിഹരിക്കുമെന്ന് തെളിയിക്കുന്നവര്‍ക്കാണ് നിയമനം ഉറപ്പാകുക. അഭിമുഖത്തിന് മുന്‍പ് എല്ലാ ഉദ്യോഗാര്‍ത്ഥികളും ഈ പരീക്ഷണ പരമ്പരയില്‍ കഴിവ് തെളിയിക്കണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 100ല്‍പ്പരം ഐ.ടി കമ്പനികളാണ് ഇതിന്റെ ഭാഗമാകുക.
ജി.ടെക് അക്കാദമിയ ആന്‍ഡ് ഫാക്സ് ഗ്രൂപ്പ് കണ്‍വീനര്‍ ദീപു എസ്. നാഥ് (എം.ഡി, ഫായ ഇന്നോവേഷന്‍സ്) ഉദ്യോഗാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കും. ഈ വര്‍ഷം പരീക്ഷണ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെടുത്തി മെയ് 6,8,10 തീയതികളില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഐ.ടി പാര്‍ക്കുകളില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്.