നമുക്ക് പണിയാം നമ്മുടെ സ്വര്‍ഗം!

Update:2019-07-01 08:25 IST

വളരുതോറും പിളരുമെന്നും പിളരുംതോറും വളരുമെന്നും കേരളാ കോണ്‍ഗ്രസ്

പാര്‍ട്ടിയെപ്പറ്റി പറയാറുണ്ടെങ്കിലും ഇതൊരു സാധാരണ കേരളീയന്റെ മനോഭാവത്തിന്റെ പ്രതീകമാണ്.

130 കോടി ജനങ്ങളുള്ള നമ്മുടെ ഭാരതത്തില്‍ ഓരോ കുട്ടിയും ജനിച്ചു വീഴുന്നത് വലിയ ജീവിതമത്സരത്തിലേക്കാണ്. മുന്നിലെത്താനുള്ള ഈ ഓട്ടപാച്ചിലില്‍ മിടുക്കാനാകാന്‍ മാത്രമല്ല മറ്റുള്ളവരുടെ മുകളിലെത്താന്‍കൂടി മലയാളി കാട്ടികൂട്ടുന്ന മാത്സര്യമനോഭാവത്തിന് കൈയ്യും കണക്കുമില്ല. സ്വാഭിമാനിയായ മലയാളി അല്‍പ്പം കൂടി കടന്നു ദുരഭിമാനിയാകുന്നിടത്താണ് നമുക്ക് ചികിത്സ വേണ്ടത്.

ലക്ഷക്കണക്കിന് വടക്കേ ഇന്ത്യക്കാര്‍ക്ക് ജോലി കണ്ടെത്താനാവുന്ന കേരളത്തിലാണ് നമ്മള്‍ ഗഫൂര്‍ക്കയുടെ ഉരുവില്‍ കയറി വിജയനും ദാസനും ആയി മറ്റിടങ്ങളില്‍ പരദേശിയായി കഴിയുന്നത്. മലയാളിയുടെ ജീവിതത്തില്‍ മാറ്റങ്ങളുടെ ഒരു ദിശാബോധം നല്‍കാനുതകുന്നതാണ് വോളണ്ടിയറിംഗ് അഥവാ സ്വമേധയായുള്ള സേവനം.

അറിയട്ടെ പ്രായോഗിക പാഠങ്ങള്‍

വികസിത രാജ്യങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ ഒരു കുട്ടി ഒരു നിശ്ചിത ദിവസങ്ങള്‍ വോളണ്ടറി വര്‍ക്കുകള്‍ ചെയ്തിരിക്കണം, സ്‌കൂളുകള്‍ കുട്ടികളുടെ വോളണ്ടറി വര്‍ക്ക് ദിനങ്ങള്‍ ഏകീകരിക്കാന്‍ ഉള്ള പദ്ധതികള്‍ തയ്യാറാക്കുന്നു, കുട്ടികളെ മാത്രമല്ല കൂടെ അവരുടെ മാതാപിതാക്കളെയും വോളണ്ടിയറിംഗിലേക്കു കൊണ്ടുവന്നാല്‍ എത്ര വലിയ സാധ്യതകളാണ് നമുക്ക് മുന്നില്‍ ഉയര്‍ന്നു വരുന്നത്.

ലക്ഷക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കേരളത്തില്‍ വര്‍ഷത്തില്‍ ഓരോ കുട്ടിയും 20 മണിക്കൂര്‍ വീതവും അവരുടെ മാതാപിതാക്കളും അത്രതന്നെ വീതവും സന്നദ്ധ സേവനം ചെയ്താല്‍ കോടിക്കണക്കിനു മാന്‍പവര്‍ മണിക്കൂറുകള്‍ നമുക്ക് അതിലൂടെ ലഭ്യമാക്കാം, നന്നായി വിഭാവനം ചെയ്താല്‍ ഇന്ന് കേരളാ സര്‍ക്കാര്‍ ഒരു വര്‍ഷത്തില്‍ ചെയ്യുന്ന അത്ര തന്നെ പദ്ധതികള്‍ ഇതിലൂടെ നമുക്ക് ചെയ്ത് തീര്‍ക്കാനാകും.

ആയിരം കുട്ടികള്‍ പഠിക്കുന്ന ഒരു സ്‌കൂള്‍ അവിടത്തെ ട്രാഫിക് പോലീസുമായിച്ചേര്‍ന്നു മൂന്ന് കുട്ടികളെ വീതം ഓരോ ദിവസവും ട്രാഫിക് നിയന്ത്രിക്കാന്‍ അയച്ചാല്‍ വര്‍ഷം മുഴുവന്‍ ഒരു ജംഗ്ഷനിലെ ട്രാഫിക് കൃത്യമായി മാറും എന്ന് മാത്രമല്ല ഈ കുട്ടികള്‍ മുഴുവനും നല്ല ട്രാഫിക് സംസ്‌കാരം ഉള്ളവരായി മാറുകയും ചെയ്യും.

ബിസിനസ് മാനേജ്മെന്റ് ഡിഗ്രി പഠിക്കുന്ന കുട്ടികള്‍ തങ്ങളുടെ സമീപത്തുള്ള ചെറുകിട വ്യവസായ വ്യാപാര സ്ഥാപനങ്ങളില്‍ പോയി അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടി ഒരു സര്‍വ്വേ നടത്തികൊടുത്താല്‍ അവര്‍ക്കു തങ്ങള്‍ പഠിക്കുന്ന സിദ്ധാന്തങ്ങളുടെ പ്രായോഗികത മനസിലാക്കാമെന്നുമാത്രമല്ല ഉപഭോക്താക്കളുമായി സംവദിക്കുന്നതിലൂടെ അവര്‍ നല്ല ആശയവിനിമയത്തിനുടമകളുമായിത്തീരും, ഒരു വ്യവസായത്തിന്റെ ബാലപാഠങ്ങള്‍ മനസിലാക്കി മുന്നേറുന്ന യുവ തലമുറയെ അന്വേഷിച്ച് സ്ഥാപനങ്ങള്‍ ജോലിയുമായി അങ്ങോട്ട് ചെല്ലും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

അനുകരണീയമായ മാതൃക

നമ്മുടെ കളക്ടര്‍ ബ്രോ അങ്ങ് കോഴിക്കോട് 'Compassionate കാലിക്കറ്റ്' എന്ന ഒരു സന്നദ്ധ സേവന പദ്ധതി വിജയകരമായി നടപ്പാക്കി.

നഗരത്തിലെ ഏറ്റവും അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ചില പ്രവൃത്തികള്‍ തെരഞ്ഞെടുക്കുന്നു, അതിലേക്കു തങ്ങളുടെ കഴിവുകള്‍ നല്‍കാന്‍ തയ്യാറുള്ളവരെ ക്ഷണിക്കുന്നു, ഇതെല്ലാം സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ചെയ്യുമ്പോള്‍ വേഗത്തിലും ചെലവില്ലാതെയും ആസൂത്രണം ചെയ്യാവുന്നതേയുള്ളൂ.

കേരളത്തിന് അനുകരണീയമായ നല്ല ഒരു മാതൃക ആണിത്. ഇങ്ങനെയുള്ള പദ്ധതികള്‍ മറ്റു ജില്ലകളിലും ചര്‍ച്ച ചെയ്യപ്പെടുകയും ജനങ്ങള്‍ അതിനു വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോഴാണ് നമ്മുടെ ജനാധിപത്യം ശക്തിപ്പെടുന്നത്.

കേരളത്തില്‍ ഏകദേശം മൂവായിരത്തോളം പ്രൊഫഷണല്‍ എഡ്യൂക്കേഷണല്‍ സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്, അങ്ങനെയെങ്കില്‍ കേരളത്തിലെ ഓരോ പഞ്ചായത്തിലും മൂന്ന് വീതം പ്രൊഫഷണല്‍ കോളെജുകളുടെ സന്നദ്ധ സേവനങ്ങള്‍ ലഭ്യമാക്കാം. ഇതിലൂടെ കുട്ടികള്‍ പഠിക്കുന്ന വലിയ ജീവിത സത്യങ്ങളുണ്ട്.

മാനവികതയുടെ, പങ്കുവയ്ക്കലിന്റെ, അതിജീവനത്തിന്റെ പാഠങ്ങള്‍. തൊഴില്‍ സംസ്‌കാരം ഊട്ടിയുറപ്പിക്കാനും പരപുരുഷ ബഹുമാനത്തിന്റെ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാനും നമുക്ക് കഴിയും.

സന്നദ്ധ സേവന സാധ്യതകളെപ്പറ്റി കേരളം ഉറക്കെ ചിന്തിക്കട്ടെ, സര്‍ക്കാരും, സര്‍ക്കാരേതര സ്ഥാപനങ്ങളും, വിദ്യാഭാസ സ്ഥാപനങ്ങളും, മാതാപിതാക്കളും ഒത്തുകൂടട്ടെ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ ഇടഞ ലൂടെ ചെലവഴിക്കുന്ന പണവും, വോളണ്ടിയറിംഗിലൂടെ ലഭ്യമാകുന്ന അധ്വാനവും ചേര്‍ന്നാല്‍ ഏതു പദ്ധതിയും നമുക്ക് നടത്താവുന്നതാണ്.

നാട്ടിലുള്ള NGO മാരെയും കൂടെ കൂട്ടിയാല്‍ സംഗതി ജോറാവും. വോളണ്ടിയറിംഗിന്റെ വലിയ സാധ്യതകള്‍ പ്രളയകാലത്തു നമുക്ക് ബോധ്യപ്പെട്ടതാണ്. അന്നേ നമ്മള്‍ മനസില്‍ പറഞ്ഞതാണ് ഈ വോളണ്ടിയറിംഗ് ഒരു ചെറിയ മീന്‍ അല്ല.

Similar News