യു.എ.ഇക്ക് വേണം ടെക്കികളെ, ഈ കഴിവുകള്‍ നിങ്ങള്‍ക്കുണ്ടോ?

2023 ന്റെ ആദ്യമാസങ്ങളില്‍ തൊഴിലവസരങ്ങളില്‍ 20 ശതമാനം വര്‍ധന

Update:2023-06-06 15:35 IST

കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ ജീവനക്കാരെ പിരിച്ചുവിടലും തൊഴില്‍ നഷ്ടവും തുടര്‍ക്കഥയായപ്പോള്‍ പുതിയ ജീവനക്കാരെ നിയമിക്കുന്നതില്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് യു.എ.ഇ. 2023 ന്റെ ആദ്യപാദത്തില്‍ യു.എ.ഇ തൊഴില്‍ വിപണിയില്‍ കാര്യമായ വര്‍ധനയുണ്ടായി. ചില പ്രത്യേക മേഖലകളില്‍ 20 ശതമാനത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

ദുബൈ സാമ്പത്തികമായി വളര്‍ച്ച പ്രാപിക്കുന്നത് ഈ വര്‍ഷം കൂടുതല്‍ നിയമനങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് റിക്രൂട്ടിംഗ് കമ്പനികള്‍ പറയുന്നു.പല പുതിയ പദ്ധതികളും സംരംഭങ്ങളും രാജ്യത്തെ നടപ്പാക്കി വരികയാണ്. പല സ്ഥാപനങ്ങളും ദുബൈ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കാനും ബിസിനസ് വിപുലപ്പെടുത്താനും മുന്നിട്ടിറങ്ങുന്നത് യു.എ.ഇയിലേക്കുള്ള വിദേശ നിക്ഷേപത്തിലും വലിയ വര്‍ധനയുണ്ടാകുന്നുണ്ട്.
അവസരങ്ങള്‍ ഈ മേഖലകളില്‍
ടെക്‌നോളജി, എച്ച്.ആര്‍ മേഖലയിലായിരിക്കും ഈ വര്‍ഷം കൂടുതല്‍ അവസരങ്ങളെന്ന് റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ പറയുന്നു. ടെക്‌നോളജി രംഗത്ത് 20 ശതമാനവും എച്ച്.ആര്‍ രംഗത്ത് 10 ശതമാനവും തൊഴില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നു.
യു.എ.ഇ സര്‍ക്കാരിനൊപ്പം ഡിജിറ്റൈസേഷന്‍ ഊര്‍ജിതമാക്കാനുള്ള ശ്രമങ്ങള്‍ സാങ്കേതികവിദ്യാ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നീ സാങ്കേതിക കഴിവുകള്‍ സ്വായത്തമാക്കിയിട്ടുള്ളവരെയാണ് കമ്പനികള്‍ തേടുന്നത്. കഴിഞ്ഞ വര്‍ഷവും യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ നിയമനം നടന്നതും ടെക്‌നോളജി മേഖലയിലാണ്. ജീവനക്കാരുടെ എണ്ണത്തില്‍ 77 ശതമാനം വരെ വര്‍ധനയാണ് വിവിധ സ്ഥാപനങ്ങള്‍ വരുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളിലും തൊഴിലവസരങ്ങളില്‍ ഗണ്യമായ വളര്‍ച്ചയുണ്ടാകുന്നുണ്ടെന്ന് ആഗോള റിക്രൂട്ടിംഗ് സ്ഥാപനമായ റോബര്‍ട്ട് വാള്‍ട്ടേഴ്‌സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.


Tags:    

Similar News