ഫീസ് കൂടുമെന്ന് ഉറപ്പ്, എന്നിട്ടും ഈ രാജ്യത്തേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകുന്നത് ഇതുകൊണ്ടാണ്
സുരക്ഷിതമായ സാമൂഹ്യ സാഹചര്യവും മികച്ച തൊഴില്‍ അവസരങ്ങളുമാണ് ആകര്‍ഷണം
മികച്ച വിദ്യാഭ്യാസം തേടി പുറത്തുപോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചോയ്‌സുകളിലൊന്നാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിന്‍ലാന്‍ഡ്. അടുത്തിടെ ഫിന്‍ലാന്‍ഡ് വിദേശ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് വര്‍ധന നടപ്പിലാക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാലും ഇന്ത്യന്‍ വിദേശ വിദ്യാര്‍ത്ഥികളുടെ ഫിന്‍ലാന്‍ഡിലേക്കുള്ള ഒഴുക്കിന് വലിയ കുറവൊന്നുമുണ്ടായിട്ടില്ല. രാജ്യത്തെ സുരക്ഷിതമായ സാമൂഹ്യ സാഹചര്യവും മികച്ച തൊഴില്‍ അവസരങ്ങളുമാണ് വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതെന്നും അടുത്തിടെ നടത്തിയ സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു.
അത്യാധുനിക സൗകര്യങ്ങളും പ്രഗത്ഭരായ അധ്യാപകരുമുള്ള ഫിന്‍ലാന്‍ഡിലെ സര്‍വകലാശാലകള്‍ ഏറെ പേരുകേട്ടതാണ്. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സൗകര്യവും ഈ സര്‍കലാശാലകള്‍ ഏര്‍പ്പെടുത്താറുണ്ട്. ബിസിനസ് മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്, ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഐടി തുടങ്ങിയ മേഖലകളിലെ ഉന്നത പഠനത്തിനാണ് വിദ്യാര്‍ത്ഥികള്‍ ഇവിടേക്കെത്തുന്നത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന മികച്ച തൊഴിലവസരങ്ങളും പ്രത്യേകതയാണ്. പഠനകാലത്ത് ആഴ്ചയില്‍ 25-30 മണിക്കൂര്‍ വരെയും അവധിക്കാലത്ത് മുഴുവന്‍ സമയവും ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ട്. ഇത് മികച്ച തൊഴില്‍ പരിചയത്തിനൊപ്പം സാമ്പത്തിക പിന്തുണയും നല്‍കും. കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്തേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫിന്‍ലാന്‍ഡ് നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐ.ടി, ആരോഗ്യ മേഖലകളില്‍ കൂടുതല്‍ ജോലിക്കാരെ ഫിന്‍ലാന്‍ഡിന് ആവശ്യമായി വരുമെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് ഗുണകരമാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.