പ്രവാസികള്‍ പാപ്പരാകാതിരിക്കാന്‍ 5 Tips

വരുമാനത്തിന്റെ എത്ര ശതമാനം സമ്പാദ്യത്തിനായി നീക്കിവയ്ക്കണം, അതെങ്ങനെ നിക്ഷേപമാക്കി മാറ്റാം?

Update:2021-09-18 11:12 IST

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടും മറ്റും കേരളത്തിലേക്ക് തിരിച്ചുവന്ന പ്രവാസികളില്‍ ഭൂരിപക്ഷമാളുകളും നേരിടുന്ന പ്രതിസന്ധി ഒരു നിശ്ചിത സംഖ്യ വരുമാനമായി കിട്ടാനുള്ള മാര്‍ഗമില്ല എന്നതാണ്. ഗള്‍ഫിലായിരിക്കുമ്പോള്‍ സാമ്പത്തിക സുരക്ഷിതത്വം നോക്കാതെ പണം ചെലവഴിച്ചതായിരിക്കാം പലര്‍ക്കും ഈ ദുരവസ്ഥ വരാനിടയായത്. ഭവന നിര്‍മാണത്തിനും മക്കളുടെ വിവാഹത്തിനുമായി എടുത്ത കടം തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥ, ഇഎംഐ മുടങ്ങുന്ന സാഹചര്യം തുടങ്ങി ബാങ്കിന്റെ ഭാഗത്തുനിന്ന് ജപ്തി ഭീഷണികള്‍ വരെ നേരിടുന്ന പ്രവാസികള്‍ നമുക്ക് ചുറ്റുമുണ്ട്.

ഈ ദുരവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഇപ്പോള്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വരുമാനത്തില്‍നിന്ന് ഒരു നിശ്ചിത സംഖ്യ ഭാവിയിലേക്ക് വേണ്ടി മാറ്റിവച്ച് അത് നിക്ഷേപമാക്കി, നാട്ടിലെത്തിയാല്‍ സന്തോഷത്തോടെ ജീവിക്കാന്‍ ചെയ്യേണ്ട ചില പ്രധാനമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1 സാമ്പത്തിക ആസൂത്രണം
പ്രവാസിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ കാര്യമാണിത്. ഏത് വര്‍ഷം വിവാഹിതനാകും, ഏത് വര്‍ഷം കുട്ടി ജനിക്കും, എത് വര്‍ഷം വീട് വയ്ക്കും, കുട്ടികള്‍ വളരുമ്പോള്‍ എത്രത്തോളം ചെലവ് വര്‍ധിക്കും, അവരെ ഉപരിപഠനത്തിന് അയക്കുമ്പോള്‍ എത്ര പണം വേണ്ടിവരും തുടങ്ങി, ഗള്‍ഫില്‍നിന്ന് തിരിച്ചുപോവേണ്ടി വന്നാല്‍ ജീവിക്കാനുള്ള വരുമാന മാര്‍ഗം ഉണ്ടാക്കിയോ എന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ചുള്ള സാമ്പത്തിക ആസൂത്രണമാണ് വേണ്ടത്.
ഏറ്റവും ചുരുങ്ങിയത് നാട്ടില്‍ തിരിച്ചെത്തിയാല്‍ ഇന്ന് കുടുംബം ജീവിക്കുന്നത് പോലെയെങ്കിലും ജീവിക്കണമെങ്കില്‍ ഗള്‍ഫില്‍ ജീവിക്കുന്ന സമയത്ത് കിട്ടുന്ന വരുമാനത്തില്‍നിന്ന് ചുരുങ്ങിയത് 30 ശതമാനം സമ്പാദ്യമായി മാറ്റിവയ്ക്കണം. ചെലവ് കഴിച്ചുള്ളത് സമ്പാദ്യത്തിലേക്ക് നീക്കിവയ്ക്കാമെന്ന് കരുതരുത്. കാരണം ചെലവ് കഴിച്ചാല്‍ ആര്‍ക്കും ഒന്നും തന്നെ ഉണ്ടാവാറില്ല. അതിനാല്‍ സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നര്‍ ചെയ്യേണ്ടത് ആദ്യം തന്നെ 30 ശതമാനം മാറ്റിവയ്ക്കുക. ബാക്കിയുള്ളതാണ് എന്റെ വരുമാനമെന്ന് തിരിച്ചറിയുക. അതില്‍ ചെലവുകളെ ഒതുക്കുക എന്നുള്ളതാണ്.
2.കൃത്യമായ കുടുംബ ബജറ്റ് തയ്യാറാക്കുക
ബുദ്ധിമുട്ടില്ലാതെ ജീവിക്കണമെങ്കില്‍ കൃത്യമായ ഒരു കുടുംബ ബജറ്റുണ്ടായിരിക്കണം. കഴിഞ്ഞമാസം ഏകദേശം എത്ര ചെലവ് ചെയ്തു എന്നതിനെ കുറിച്ചുള്ള ധാരണയുണ്ടെങ്കില്‍ എവിടെയൊക്കെ വെട്ടിച്ചുരുക്കാന്‍ സാധിക്കുമെന്ന് തിരിച്ചറിയാനാകും. ഇതുവഴി സമ്പാദ്യത്തിനായി മാറ്റിവച്ച തുക കഴിച്ചുള്ളവയില്‍ ചെലവുകളെ ഒതുക്കാവുന്നതാണ.്
3.ചെലവുകളെ വിശകലനം ചെയ്യുക
പലരും പറയുന്നൊരു കാര്യമാണ് 'ഞാന്‍ അനാവശ്യ ചെലവുകളൊന്നും ചെയ്യാറില്ല' എന്ന്. എന്നാല്‍ ചെലവുകളെ വിശകലനം ചെയ്താല്‍ നാം എല്ലാവരും അനാവശ്യമായി ചെലവഴിക്കുന്നുണ്ടെന്ന് മനസിലാകും. വിശകലനം ചെയ്യാനുള്ള എളുപ്പമാര്‍ഗം പ്രതിദിന ചെലവുകള്‍ എഴുതിവയ്ക്കുക എന്നതാണ്. ഓരോ ചെലവുകളുടെയും നേരെ അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ മൂന്ന് കോളങ്ങള്‍ ഉള്‍പ്പെടുത്തി ആ ചെലവ് ഏത് വിഭാഗത്തിലാണ് വരുന്നതെന്ന് രേഖപ്പെടുത്തേണ്ടതാണ്. ഇതുവഴി അനാവശ്യ ചെലവുകള്‍ നമ്മുടെ ഉപബോധ മനസില്‍ പതിയുകയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യും.
4.മാറ്റിവച്ച സംഖ്യ നിക്ഷേപമാക്കി മാറ്റുക
ബാങ്കില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുക 4.5 ശതമാനത്തോളം പലിശമാത്രമാണ്. ഇത് പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറവായതിനാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നിക്ഷേപിച്ച തുക തിരിച്ചെടുക്കുമ്പോള്‍ അന്നത്തെ മൂല്യം നമുക്ക് ലഭിക്കണമെന്നില്ല. ഇതിനെ അതിജീവിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റമെന്റ് പ്ലാനുകളാണ്.
ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ള സുരക്ഷിതമായതും നല്ല വരുമാനം കിട്ടുന്നതും ആദായം കിട്ടുന്നതുമായ പദ്ധതിയാണ് എസ്‌ഐപി. വിദഗ്ധരുടെ സഹായത്തോടെ നല്ല മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കാവുന്നതാണ്. ഇതുവഴി അവിശ്വസനീയമായ റിട്ടേണ്‍ നമുക്ക് ലഭിക്കും. ഉദാഹരണത്തിന് പ്രതിമാസം 10,000 രൂപ വച്ച് ഒരു വ്യക്തി എസ്‌ഐപിയിലൂടെ ഇന്‍വെസ്റ്റ് ചെയ്യുകയും അതിന് 12 ശതമാനമെങ്കിലും റിട്ടേണ്‍ ലഭിക്കുന്ന സാഹചര്യവുമുണ്ടെങ്കില്‍ 120 മാസം കൊണ്ട് ആ വ്യക്തി നിക്ഷേപിച്ച 12 ലക്ഷം രൂപയുടെ മൂല്യം 23 ലക്ഷമായിട്ടുണ്ടാകും. അതേസമയം 20 വര്‍ഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 24 ലക്ഷം രൂപ 99 ലക്ഷമായും 30 വര്‍ഷത്തേക്കാണെങ്കില്‍ നിക്ഷേപിച്ച 36 ലക്ഷം 3.5 കോടി രൂപയായും വര്‍ധിച്ചിട്ടുണ്ടാകും.
5.സിസ്റ്റമാറ്റിക്കായി പണം പിന്‍വലിക്കുക
നിക്ഷേപത്തിന്റെ മാധുര്യം തിരിച്ചറിയുന്ന കാര്യമാണിത്. ഗള്‍ഫിലുണ്ടായിരുന്ന സമയത്ത് എസ്‌ഐപിയിലൂടെ നിക്ഷേപിച്ച തുക പ്രതിമാസം സിസ്റ്റമാറ്റിക്കായി പിന്‍വലിക്കാവുന്നതാണ്. ഉദാഹരണം 20 വര്‍ഷം 10,000 രൂപ പ്രതിമാസം സിസ്റ്റമാറ്റിക്കായി നിക്ഷേപിച്ച് 99 ലക്ഷം രൂപ മൂല്യം ലഭിച്ച വ്യക്തിക്ക് പ്രതിമാസം 80,000 രൂപ വച്ച് സിസ്റ്റമാറ്റിക് വിത്ത്ഡ്രാവല്‍ പ്ലാനിലൂടെ പിന്‍വലിക്കാവുന്നതാണ്. ഇങ്ങനെ പ്രതിവര്‍ഷം ലഭിക്കുന്നത് ആകെ തുകയുടെ 9.6 ശതമാനത്തോളമായിരിക്കും. എങ്കിലും 12 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ ബാക്കി 2.4 ശതമാനത്തിന്റെ വളര്‍ച്ച ആകെ തുകയ്ക്ക് ലഭിക്കും.
50 വര്‍ഷമായി യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ വി ഷംസുദ്ധീന്‍, പ്രവാസികളെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ച് നടത്താന്‍ വേണ്ടി നിരന്തരം നടത്തുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ കൊണ്ട് ശ്രദ്ധേയനാണ്. റേഡിയോ- ടെലിവിഷന്‍ പരിപാടികളിലൂടെയും ശില്‍പ്പശാലകളിലൂടെയും പതിനായിരക്കണക്കിന് പ്രവാസികളിലേക്ക് സാമ്പത്തിക ആസൂത്രണത്തിന്റെ സന്ദേശമെത്തിക്കുകയും അവര്‍ക്ക് അതിനുവേണ്ട മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തുവരുന്നു. എന്‍ആര്‍ഐകള്‍ക്ക് സാമ്പത്തിക വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് എന്ന എന്‍ ജി ഒ രൂപീകരിച്ചു. ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് എല്‍എല്‍സിയുടെ ഡയറക്റ്ററാണ്. ഫോണ്‍: 00971506467801.


Tags:    

Similar News