ഇ.എൽ.ഐ ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആധാറുമായി ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ, അവസാന തീയതി ഈ മാസം 15
തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുളളതാണ് ഇ.എല്‍.ഐ സ്കീം
എംപ്ലോയ്‌മെൻ്റ് ലിങ്ക്ഡ് ഇൻസെൻ്റീവ് (ഇ.എൽ.ഐ) സ്കീമിന് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യു.എ.എൻ) ആക്ടീവ് ആക്കുന്നതിനും ആധാറുമായി ബന്ധിപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഞായറാഴ്ച (ഡിസംബർ 15) ആണ്. ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രോത്സാഹനം നൽകാനും തൊഴിലുടമകളുടെ ഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് 2024 കേന്ദ്ര ബജറ്റിലാണ് ഇ.എല്‍.ഐ സ്കീം അവതരിപ്പിക്കുന്നത്. പ്രധാനമായും നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയ്ക്കാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്.
സ്കീമിന് മൂന്ന് ഘടകങ്ങള്‍
സ്കീം എ: തൊഴില്‍ മേഖലയിലേക്ക് ജീവനക്കാർക്ക് ആദ്യമായി പ്രവേശനം നല്‍കുമ്പോള്‍ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) വഴി മൂന്ന് ഗഡുക്കളായി ഒരു മാസത്തെ ശമ്പളം (15,000 രൂപ വരെ) ലഭിക്കും. ജീവനക്കാര്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനം നല്‍കിയാല്‍ ഇതിന് അർഹതയുണ്ട്.
സ്‌കീം ബി: ഉൽപ്പാദനരംഗത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇപിഎഫ്ഒ സംഭാവനകൾക്ക് അനുസൃതമായി ജീവനക്കാർക്കും തൊഴിലുടമകൾക്കും സ്കീം ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നു.
സ്കീം സി: പ്രതിമാസം 3,000 രൂപ വരെ തൊഴിലുടമകൾക്ക് സ്കീം അനുസരിച്ച് തിരികെ ലഭിക്കുന്നതാണ്, പ്രതിമാസം 1 ലക്ഷം രൂപ വരെ ശമ്പളമുളള പുതിയ ജീവനക്കാര്‍ ഉളളത് അനുസരിച്ച് രണ്ട് വർഷത്തേക്കാണ് തൊഴിലുടമയ്ക്ക് തുക തിരികെ ലഭിക്കുന്നത്.
ഈ സ്കീമിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇപിഎഫ്ഒയുടെ ഓരോ വരിക്കാരനും ആധാർ ലിങ്ക് ചെയ്ത് യുഎഎൻ ആക്ടീവേറ്റ് ചെയ്യേണ്ടതുണ്ട്. ആനുകൂല്യങ്ങൾ നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിനായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.
യുഎഎൻ ആക്ടിവേറ്റ് ചെയ്യുന്നതിനും ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള പ്രക്രിയ ഇപ്രകാരമാണ്.
- ഇപിഎഫ്ഒ അംഗങ്ങൾക്കായുളള ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.
- 'പ്രധാന ലിങ്കുകൾ' എന്നതിന് കീഴിൽ, 'UAN സജീവമാക്കുക' ലിങ്ക് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
- യു.എ.എന്‍, ആധാർ നമ്പർ, പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ക്യാപ്ച കോഡ് തുടങ്ങിയ വിവരങ്ങൾ എന്‍ടര്‍ ചെയ്യുക. മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- സ്ഥിരീകരണ ആവശ്യങ്ങൾക്കായി ഒ.ടി.പി ലഭിക്കാൻ 'ഓതറൈസേഷൻ പിൻ നേടുക' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, നൽകിയിരിക്കുന്ന ബോക്സിൽ ഈ ഒ.ടി.പി നൽകുക. യു.എ.എൻ ആക്ടിവേഷൻ പ്രക്രിയ പൂർത്തിയാക്കാൻ 'ഒ.ടി.പി സാധൂകരിക്കുക, യു.എ.എൻ സജീവമാക്കുക' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
യു.എ.എൻ ആക്ടിവേറ്റ് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് പാസ്‌വേഡ് ലഭിക്കുന്നതാണ്. വരിക്കാർക്ക് അവരുടെ യു.എ.എൻ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ഈ പാസ്‌വേഡ് ഉപയോഗിക്കാം.
യു.എ.എൻ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ച്, യു.എ.എൻ ആക്ടിവേറ്റ് ചെയ്താല്‍ ഇ.എല്‍.ഐ ആനുകൂല്യങ്ങൾ ഗുണഭോക്താവിന് നേരിട്ട് ലഭിക്കുന്നതാണ്.