സ്ഥാപനങ്ങള്‍ അടച്ചിട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുമോ?

Update:2020-03-23 13:37 IST

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കേരളം ലോക്ക് ഡൗണിന്റെ വക്കിലാണ്. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെയെല്ലാം പ്രവര്‍ത്തനം ഭാഗികമായോ പൂര്‍ണമായോ മുടങ്ങാം, തൊഴിലാളികള്‍ക്ക് ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വരാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസി സഹായത്തിനെത്തുമോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്. എന്നാല്‍ രാജ്യത്ത് അത്തരമൊരു പോളിസിയും നിലവില്ലെന്നതാണ് സത്യം.

സാധാരണ സ്ഥാപനങ്ങള്‍ ഇന്‍ഷൂര്‍ ചെയ്യപ്പെടുമ്പോള്‍ അതില്‍ സാധനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഇവിടെ സ്ഥാപനങ്ങള്‍ അടച്ചിടുമ്പോള്‍ ഫിസിക്കല്‍ നഷ്ടം ഉണ്ടാകുന്നില്ല.

എന്നാല്‍ ചില 'ലോസ് ഓഫ് പ്രോഫിറ്റ് പോളിസി'കള്‍ നഷ്ടം നികത്തുന്നതിനുള്ള കവറേജ് നല്‍കുന്നുണ്ടെന്ന് എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ വിശ്വനാഥന്‍ ഒടാട്ട് പറയുന്നു. 'എന്നാല്‍ കൊറോണ പോലെയുള്ള പകര്‍ച്ച വ്യാധികള്‍ മൂലം അടച്ചിടേണ്ടി വരുമ്പോഴുള്ള നഷ്ടത്തിന് പോളിസി കവറേജ് നല്‍കുന്നില്ല. തീപ്പിടുത്തം, പ്രകൃതി ദുരന്തങ്ങള്‍, ഭീകരാക്രമണം തുടങ്ങിയവ മൂലം അടച്ചിടേണ്ടി വരുമ്പോള്‍ ഇത്തരത്തില്‍ നഷ്ടം നികത്തുന്നതിന് സഹായം ലഭിക്കും. മൂന്നു വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് പരിശോധിച്ച് ശരാശരി ലാഭം കണക്കാക്കിയാണ് ഇത് നല്‍കുക. ' അദ്ദേഹം പറയുന്നു.

പ്രൊഫഷണലുകള്‍ക്കും തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നതിനും നിലവില്‍ രാജ്യത്ത് ഒരു പോളിസിയും സംരക്ഷണം നല്‍കുന്നില്ല. അതേസമയം ചില വിദേശ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള പോളിസികള്‍ നിലവിലുണ്ട്.  തന്റേതല്ലാത്ത കാരണങ്ങളാല്‍ ജോലി ചെയ്യാനാവാത്ത സാഹചര്യങ്ങളില്‍ ജോലി ഇല്ലാത്ത മാസങ്ങളിലെ ശമ്പളം ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന രീതിയാണത്.
പുതിയ സാഹചര്യത്തില്‍ ഭാവിയില്‍ ഇന്ത്യയിലും ഇത്തരത്തിലുള്ള പോളിസികള്‍ അവതരിപ്പിക്കപ്പെടാനുള്ള സാധ്യത ഇതോടെ തെളിഞ്ഞു വന്നിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News