എക്‌സിനെക്കുറിച്ച് മാത്രമല്ല പങ്കാളിയുടെ സിബില്‍ സ്‌കോറും തിരക്കണം! വിവാഹ ജീവിതത്തിലെ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് എങ്ങനെ?

എത്രരൂപ സമ്പാദിക്കുമെന്ന കാര്യത്തിലെ കൗതുകത്തിനൊപ്പം ചില നിര്‍ണായക സാമ്പത്തിക വിഷയങ്ങളും പരസ്പരം മനസിലാക്കണം;

Update:2025-01-11 12:43 IST

image credit : canva

ഇന്നത്തെ പല വിവാഹങ്ങളും പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്നായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് സാമ്പത്തിക തര്‍ക്കങ്ങളാണ്. പങ്കാളികള്‍ സാമ്പത്തിക ആസൂത്രണത്തില്‍ വരുത്തുന്ന വീഴ്ചയാണ് ഇതിനിടയാക്കുന്നത്. വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വരവ്-ചെലവ് സംബന്ധിച്ച് പങ്കാളികള്‍ക്കിടയില്‍ ധാരണയുണ്ടായിരിക്കണം.

ഇക്കാര്യത്തില്‍ ഒളിച്ചുകളി വേണ്ട

വിവാഹജീവിതത്തിന്റെ ആദ്യനാളുകളില്‍ പങ്കാളികള്‍ തമ്മില്‍ ആശയവിനിമയത്തിന്റെ മാധുര്യം കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇരുവരുടെയും സാമ്പത്തിക ചിന്തകള്‍ പങ്കുവയ്ക്കാനുള്ള സുവര്‍ണാവസരം കൂടിയാണിത്. എത്രരൂപ സമ്പാദിക്കുമെന്ന കാര്യത്തിലെ കൗതുകത്തിനൊപ്പം ചില നിര്‍ണായക സാമ്പത്തിക വിഷയങ്ങളും പരസ്പരം മനസിലാക്കണം. കിട്ടുന്ന പണം അടിച്ചുപൊളിച്ച് ജീവിക്കാനാണോ അതോ കുറച്ച് സമ്പാദ്യമൊക്കെ സൂക്ഷിക്കുവാനാണോ പങ്കാളിക്ക് താത്പര്യമെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള വായ്പ, എപ്പോള്‍ വീടുവാങ്ങണം, വാഹനം വാങ്ങേണ്ടത് എപ്പോഴാണ്, ഭാവി തലമുറക്ക് വേണ്ടി എങ്ങനെ സമ്പാദിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ഇരുവര്‍ക്കുമുള്ള ആശയങ്ങളും സങ്കല്‍പ്പങ്ങളും പരസ്പരം അറിയുകയാണ് ആദ്യഘട്ടം. പങ്കാളിയുടെ വിശേഷങ്ങള്‍ ചോദിച്ചറിയുന്ന കൂട്ടത്തില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും തിരക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബില്ലിന്റെ കാര്യത്തിലും വേണം ധാരണ

വീട്ടാവശ്യത്തിന് ചെലവാകുന്ന പണം ആരുടെ പോക്കറ്റില്‍ നിന്നാണ് പോകുന്നതെന്ന കാര്യത്തില്‍ ആദ്യമേ തന്നെ ധാരണ വേണം. ചെറിയ കാര്യങ്ങളില്‍ നിന്ന് ആരംഭിക്കുന്നതാകും നല്ലത്. ഓരോ മാസത്തെയും ബില്ലുകള്‍ ആര് അടക്കും എന്ന കാര്യത്തിലും ധാരണ വേണം.

എമര്‍ജന്‍സി ഫണ്ട് ഒരുക്കണം

ഒരുമിച്ചുള്ള ജീവിതത്തിലെ സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുമ്പ് പങ്കാളികള്‍ രണ്ട് കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. അതിലൊന്നാണ് അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന എമര്‍ജന്‍സി ഫണ്ട്. കുറഞ്ഞത് ആറ് മാസത്തെ ചെലവുകള്‍ നികത്താന്‍ വേണ്ടതാകണം ഈ തുക. രണ്ടാമത്തെ കാര്യം ഇന്‍ഷുറന്‍സാണ്. 15-20 ലക്ഷം രൂപ വരെ കവറേജുള്ള ഫാമിലി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ തിരഞ്ഞെടുക്കുന്നതാകും ഉത്തമം.

ബജറ്റ് ഒരുമിച്ച് തീരുമാനിക്കാം

വീട്ടുവാടക, ഭക്ഷണ സാധനങ്ങള്‍ തുടങ്ങി നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന് വരെ ചെലവിടുന്ന തുക പങ്കാളികള്‍ക്കിടയില്‍ വീതിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കുടുംബ ബജറ്റ് ഒരുമിച്ച് തയ്യാറാക്കിയാല്‍ ഇത് എളുപ്പത്തില്‍ സാധ്യമാകും. എവിടെയൊക്കെയാണ് പണം ചെലവാകുന്നതെന്ന് കൃത്യമായി മനസിലാക്കുകയാണ് ഇതിനുള്ള ആദ്യ മാര്‍ഗം. അത്യാവശ്യ ചെലവുകളും ഒഴിവാക്കാവുന്നയും തരം തിരിക്കുകയാണ് രണ്ടാം ഘട്ടം. വീട്ടുവാടക, അത്യാവശ്യ സാധനങ്ങള്‍, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ ഷോപ്പിംഗ്, പുറത്ത് നിന്നുള്ള ഭക്ഷണം എന്നിവ വേണമെങ്കില്‍ നിയന്ത്രിക്കാവുന്നതാണ്. ഇനി രണ്ട് വിഭാഗത്തിനും എത്ര രൂപ വീതം ചെലവാക്കാമെന്ന് കണ്ടെത്തണം. കൂട്ടത്തില്‍ സാമ്പത്തിക വിഷയത്തില്‍ പരിജ്ഞാനമുള്ളയാള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നതാും നല്ലത്. എന്നാല്‍ പങ്കാളിയുടെ അഭിപ്രായം കൂടി മാനിച്ച തീരുമാനങ്ങളെടുക്കുന്നതായും നല്ലത്.

ബാങ്ക് അക്കൗണ്ടുകള്‍

പങ്കാളികള്‍ക്ക് എത്ര ബാങ്ക് അക്കൗണ്ട് ആവശ്യമുണ്ടെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരമില്ല. ഓരോരുത്തരുടെയും സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കുന്നതായും ഉത്തമം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീട്ടിലെ ചെലവുകള്‍ക്കും കുടുംബത്തിന്റെ പൊതുവായുള്ള ചെലവുകള്‍ക്കുമായി ഒരു ജോയിന്റ് അക്കൗണ്ട് സൂക്ഷിക്കുന്നത് നല്ലതാണ്. പങ്കാളികള്‍ ഇരുവരും ഇതിലേക്ക് നിശ്ചിത തുക നിക്ഷേപിക്കണം. രണ്ട് പേര്‍ക്കും നിയന്ത്രണമുള്ള അക്കൗണ്ടായിരിക്കണം ഇത്. കൂടാതെ പങ്കാളികള്‍ സ്വന്തം നിലയില്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. സ്വതന്ത്ര്യമായി ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതാകണം ഇത്.
Tags:    

Similar News