പെന്‍ഷന്‍കാര്‍ക്ക് വകുപ്പ് 89 അനുസരിച്ചുള്ള റിലീഫ് ലഭിക്കുമോ?
വകുപ്പ് 89 അനുസരിച്ചുള്ള റിലീഫ് ലഭിക്കുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ? അറിയാം
ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എല്ലായിടത്തും കേള്‍ക്കുള്ള ചര്‍ച്ചകള്‍ ആദായനികുതിയുമായി ബന്ധപ്പെട്ടതാണ്. രാജ്യത്ത് സമ്പദ്‌വ്യവസ്ഥയിലെ പ്രധാനപ്പെട്ട ഘടകമാണ് ആദായനികുതി എന്ന പ്രത്യക്ഷനികുതി സംവിധാനം. 10,000 രൂപയില്‍ അധികമുള്ള ബാങ്ക് പലിശയ്ക്ക് ടിഡിഎസ് ഈടാക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരും ആദായനികുതിയുടെ സങ്കീര്‍ണ്ണതകള്‍ മനസിലാക്കേണ്ടത് ആവശ്യമാണ്. ശമ്പള/പെന്‍ഷന്‍ വരുമാനക്കാര്‍ എല്ലായിടത്തുനിന്നും പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ്. മേല്‍ സാഹചര്യത്തില്‍ പെന്‍ഷന്‍കാര്‍ക്ക് വകുപ്പ് 89 അനുസരിച്ചുള്ള റിലീഫ് ലഭിക്കുമോ എന്ന ഒരു ചോദ്യം പ്രസക്തമാണ്. കേരളത്തിലെ പെന്‍ഷന്‍കാരെ പ്രധാനമായും താഴെ കൊടുത്തിരിക്കുന്നത് പോലെ തരംതരിക്കാവുന്നതാണ്.
(1) കേരള സ്‌റ്റേറ്റ് പെന്‍ഷന്‍കാര്‍
(2) കേന്ദ്ര ഗവണ്‍മെന്റ് പെന്‍ഷന്‍കാര്‍
(3) സ്വകാര്യ പെന്‍ഷന്‍കാര്‍
ശമ്പളം എന്ന നിര്‍വചനത്തില്‍ പെന്‍ഷന്‍ ഉള്‍പ്പെടുന്നു. ആയതിനാല്‍ പെന്‍ഷന്‍ കുടിശ്ശിക, ഡിഎ അരിയര്‍ തുടങ്ങിയവ ലഭിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് (ഫാമിലി പെന്‍ഷന്‍ ഉള്‍പ്പെടെ) വകുപ്പ് 89 അനുസരിച്ചുള്ള റിലീഫ് അവകാശപ്പെടുവാന്‍ സാധിക്കുന്നതാണ്. വകുപ്പ് 89 (1) അനുസരിച്ചുള്ള റിലീഫ് ലഭിക്കുവാന്‍ ഫോറം നമ്പര്‍ 10 E ഫയല്‍ ചെയ്തിരിക്കണം. 1961 ലെ ആദായ നികുതി നിയമത്തിലെ വകുപ്പ് 89 (1), 19622 ലെ ആദായ നികുതി ചട്ടം 21AA എന്നിവ അനുസരിച്ച് റിലീഫ് കിട്ടുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്? കേരള സംസ്ഥാന പെന്‍ഷന്‍കാര്‍ക്ക് ഈ വര്‍ഷം പെന്‍ഷന്‍ കരിയര്‍ (പെന്‍ഷന്‍ റിവിഷന്‍ അരിയര്‍), ഡിഎ അരിയര്‍ എന്നിവ ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.
(i) 2022-23 അസെസ്‌മെന്റ് വര്‍ഷത്തില്‍ 31/07/2022 എന്ന തീയ്യതിക്ക് മുമ്പ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് 10E ഫയല്‍ ചെയ്തിരിക്കണം.
(ii) 10 E ഫയല്‍ ചെയ്യുന്നതിന് വേണ്ടി ആദായനികുതി വെബ്‌സൈറ്റില്‍ e-file എന്ന മെനുവില്‍ income tax forms എന്ന മെനുവില്‍ ക്ലിക്ക് ചെയ്തിട്ട് file income tax forms എന്ന മെനു ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണം.
(iii) കഴിഞ്ഞ വര്‍ഷങ്ങളിലെ റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ കോപ്പിയും അല്ലാത്തവര്‍ മൊത്ത വരുമാനം കാണിക്കുന്ന സ്റ്റേറ്റ്‌മെന്റും ഉപയോഗിച്ചാണ് 10E ഫയല്‍ ചെയ്യേണ്ടത്.
ശമ്പളക്കാര്‍ക്ക് മാത്രമല്ല, പെന്‍ഷന്‍കാര്‍ക്കും 89 (1) എന്ന വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള റിലീഫ് അവകാശപ്പെടുവാന്‍ കഴിയും എന്ന വസ്തുത മനസിലാക്കുക.