ഇനി വരുന്നു സ്വര്‍ണം കൈമാറ്റത്തിന് ഗോള്‍ഡ് എക്‌സ്‌ചേഞ്ച്!

പൊതുജനങ്ങളുടെ അഭിപ്രായം അറിയുവാന്‍ സെബി കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പ്രസിദ്ധീകരിച്ചു

Update: 2021-05-19 13:08 GMT

സ്വര്‍ണം കൈമാറ്റം ചെയ്യാന്‍, ഓഹരി കൈമാറ്റത്തിന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നതുപോലെ, ഗോള്‍ഡ് എക്‌സ്‌ചേഞ്ച് വരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച ഗോള്‍ഡ് എക്‌സ്‌ചേഞ്ചിന്റെ റെഗുലേറ്ററും സെബിയാണ്.

ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സെബി, ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി രണ്ട് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. ഏപ്രില്‍ 27 ന് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ശുപാര്‍ശ കണക്കിലെടുത്ത് ഇന്ത്യയിലെ ഗോള്‍ഡ് എക്‌സ്‌ചേഞ്ചുകളുടെ ചട്ടകൂട്ട് വ്യക്തമാക്കി ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു.

ഈ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ സെബി വെബ്‌സൈറ്റില്‍ കയറി പൊതുജനങ്ങള്‍ക്ക് വായിക്കാം. ഇതേ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ജൂണ്‍ 18 വരെ സമര്‍പ്പിക്കാം. ഈ അഭിപ്രായങ്ങളെല്ലാം പരിഗണിച്ച ശേഷമാകും ഗോള്‍ഡ് എക്‌സ്‌ചേഞ്ചുകളുടെ അന്തിമ ഘടന തീരുമാനിക്കപ്പെടുന്നത്.

സ്വര്‍ണത്തിന്റെ വാര്‍ഷിക ഉപഭോഗം 800-900 ടണ്‍

ഇന്ത്യ ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താവാണ്. ഏകദേശം 800-900 ടണ്‍ സ്വര്‍ണം വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് സെബി വ്യക്തമാക്കുന്നത്. വാര്‍ഷിക ഉപയോഗത്തിന്റെ കാര്യത്തില്‍ ചൈന മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. എന്നിട്ടും സ്വര്‍ണ വില തീരുമാനിക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ആരംഭിക്കാന്‍ പോകുന്ന സ്വര്‍ണ എക്‌സ്‌ചേഞ്ചുകളുടെ പ്രസക്തി വ്യക്തമാകുന്നത്. ഗുണനിലവാരമുള്ള സ്വര്‍ണത്തിന്റെ ലഭ്യത ഉറപ്പുവരുത്തല്‍, സുതാര്യമായ വില നിര്‍ണയം, ഉയര്‍ന്ന തോതിലുള്ള റീറ്റെയ്ല്‍ പങ്കാളിത്തം, സാമ്പത്തിക വിപണികളില്‍ ലഭിക്കുന്ന ഉയര്‍ന്ന സ്ഥാനം എന്നിവ ഗോള്‍ഡ് എക്‌സ്‌ചേഞ്ചുകളുടെ ലക്ഷ്യങ്ങളില്‍ ചിലത് മാത്രമാണ്.

വ്യാപാരം എങ്ങനെ ആയിരിക്കും?

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ എക്‌സ്‌ചേഞ്ചില്‍ ഇലക്ട്രോണിക്‌സ് സ്വര്‍ണ രസീതില്‍ ( Electronic Gold Receipt - EGR) ആയിരിക്കും വ്യാപാരം നടക്കുക. താഴെ പറയുന്ന മൂന്ന് ഘട്ടങ്ങളില്‍ (Tranche) കൂടിയായിരിക്കും മൊത്തം ഇടപാടുകള്‍ നടക്കുക.

1. ഒന്നാംഘട്ടം

ഒന്നാംഘട്ടത്തില്‍ സെബി നിയന്ത്രിക്കുന്ന വോള്‍ട്ട് മാനേജരും (Voult Manager) ഡിപ്പോസിറ്ററിയും (Depository) നിങ്ങളുടെ കൈവശമുള്ള ഗോള്‍ഡ് വാങ്ങി ഇലക്ട്രോണിക്‌സ് സ്വര്‍ണ രസീത് തരുന്നു.

2. രണ്ടാംഘട്ടം ( Second Tranche)

എക്‌സ്‌ചേഞ്ചില്‍ ഇലക്ട്രോണിക് സ്വര്‍ണ രസീത് ഉപയോഗിച്ച് വ്യാപാരം നടക്കുന്നു.

3. മൂന്നാംഘട്ടം (Third Tranche)

സ്വര്‍ണത്തിന് ആവശ്യമുണ്ടെങ്കില്‍ ഇലക്ട്രോണിക്‌സ് സ്വര്‍ണ രസീത് വോള്‍ട്ട് മാനേജര്‍, ഡിപ്പോസിറ്ററി എന്നിവര്‍ ചേര്‍ന്ന് സ്വര്‍ണമാക്കി തരുന്നതാണ്.

വോള്‍ട്ട് മാനേജര്‍, ഡിപ്പോസിറ്ററി, ഗോള്‍ഡ് എക്‌സ്‌ചേഞ്ച്, ക്ലിയറിംഗ്, കോര്‍പ്പറേഷന്‍ എന്നിവയുടെ ഇടയില്‍ ഒരു പൊതു ഇന്റര്‍ഫേസ് ( Common interface) വികസിപ്പിക്കുന്നതാണ്.

നിലവിലുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ EGR കൈകാര്യം ചെയ്യണമോ പുതിയ എക്‌സ്‌ചേഞ്ചുകളില്‍ വേണമോ എന്ന കാര്യത്തില്‍ സെബി പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിക്കുന്നു. അതുപോലെ ഇജിആര്‍ ആക്കി മാറ്റുവാന്‍ കഴിയുന്ന സ്വര്‍ണത്തിന്റെ ഏറ്റവും ചെറിയ ഭാരം എന്നിവ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ കഴിയുന്നതാണ്. ഇജിആര്‍ ഒരു സെക്യൂരിറ്റി ആണെന്നും T+1 ആണ് ഒരു സെറ്റ്ല്‍മെന്റ് സൈക്കിള്‍ എന്നും സെബി വ്യക്തമാക്കുന്നു.


Tags:    

Similar News