കുട്ടികളും അറിയണ്ടേ കാശിന്റെ വില; പഠിക്കണം ധനപാഠങ്ങള്‍

ഇന്ന് വലിയൊരു ശതമാനം കുട്ടികള്‍ക്കും പണം കൈകാര്യം ചെയ്യല്‍, അവരുടെ ഭാവിക്ക് വേണ്ടിയുള്ള സമ്പാദ്യ ശീലം തുടങ്ങിയ അടിസ്ഥാന സാമ്പത്തിക കാര്യങ്ങള്‍ പോലും അറിയില്ല എന്നതാണ് സത്യം

Update:2022-12-17 16:00 IST

ഇന്നത്തെ കുട്ടികളാണ് നാളെയുടെ ഭാവി. നാളെ അവര്‍ മികച്ച നിലയിലെത്താന്‍ നാം അവര്‍ക്കായി ഇന്ന് ചിലത് ചെയ്യേണ്ടതുണ്ട്. ആധുനിക ലോകത്ത് അതിജീവിക്കാന്‍ ആവശ്യമായ കഴിവുകള്‍ അവര്‍ക്ക് ഉണ്ടെന്ന് നാം ഉറപ്പാക്കണം. അതിലൊന്നാണ് സാമ്പത്തിക സാക്ഷരത. എന്താണ് പണം, എങ്ങനെ അത് കൈകാര്യ ചെയ്യാം, ബിസിനസുകള്‍, സര്‍ക്കാരുകള്‍ എന്നിവ അവരുടെ പണം എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികളില്‍ കൃത്യമായ ധാരണ വളര്‍ത്തിയെടുക്കണം. ഇതിനായി മികച്ചൊരു വഴിയാണ് കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ധനപാഠങ്ങള്‍ ഉള്‍പ്പെടുത്തുക എന്നത്. ശാസ്ത്രവും കണക്കുമെല്ലാം പഠിപ്പിക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് സാമ്പത്തിക പാഠങ്ങളും പഠിപ്പിക്കേണ്ടത് അനിവാര്യമാണ്.

ധനപാഠങ്ങള്‍

ചെറുപ്പം മുതല്‍ തന്നെ കുട്ടികളെ പണം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പരിശീലിപ്പിക്കുകയാണെങ്കില്‍ മുതിര്‍ന്നവരാകുമ്പോഴും അവര്‍ അത് കൃത്യമായി തുടരുമെന്ന് നമുക്കറിയാം. എന്നാല്‍ സാമ്പത്തിക വിദ്യാഭ്യാസം പല സുപ്രധാന ജീവിത തീരുമാനങ്ങളുടെയും അടിസ്ഥാനമായിരുന്നിട്ടും, നമ്മുടെ വിദ്യാലയങ്ങള്‍ ഈ വസ്തുത തിരിച്ചറിയാന്‍ വളരെയധികം സമയമെടുത്തു. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സാമ്പത്തിക ആസൂത്രണം പോലുള്ള അവശ്യ വിഷയങ്ങളുടെ അഭാവം നമ്മുടെ പഠനമേഖലയിലെ വലിയ വിടവായി തന്നെ കാണാം. ഈയടുത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ അടിസ്ഥാന സാമ്പത്തിക സാക്ഷരത വളര്‍ത്തിയെടുക്കാന്‍ സാമ്പത്തിക സാക്ഷരതാ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ ധനപാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ദേശിച്ചിരുന്നു. പ്രത്യേകിച്ച് 6-10 ക്ലാസുകള്‍ക്കായാണ് ഇത് ആലോചിക്കുന്നത്.

ധനപാഠങ്ങള്‍ സഹായിക്കും

സാമ്പത്തിക വിദ്യാഭ്യാസം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇത് ഓരോ കുട്ടിയുടേയും സാമ്പത്തികപരമായ അറിവ് വര്‍ധിപ്പിക്കും. തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക സാക്ഷരത വിപുലീകരിക്കാന്‍ ഇത് സഹായിക്കും. സാമ്പത്തിക സാക്ഷരതയുടെ കാര്യത്തില്‍ മാത്രമല്ല സാമ്പത്തിക രംഗത്ത് മികച്ച ജോലി, പണം ലാഭിക്കാനുള്ള ശീലം, വ്യക്തിഗത ധനകാര്യം കൈകാര്യം ചെയ്യല്‍ എന്നിങ്ങനെ അനേകം കാര്യങ്ങള്‍ ധനപാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രാപ്തമാക്കാനാകും.

സാമ്പത്തിക സാക്ഷരത

സാമ്പത്തിക സാക്ഷരതയില്‍ വളരെ താഴെയാണ് ഇന്ത്യ. സ്വന്തം സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്വയം പഠിക്കുമെന്ന ചിന്ത പലര്‍ക്കും അവരുടെ സമ്പാദ്യം നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. നമ്മളില്‍ ഭൂരിഭാഗവും പണം സമ്പാദിക്കുന്നതിനും നിക്ഷേപ തീരുമാനങ്ങള്‍ക്കുമായി ബുദ്ധിമുട്ടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ. സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായ ധാരണ ഇല്ലാത്തതുകൊണ്ട് തന്നെ. പഠനത്തോടൊപ്പം സാമ്പത്തിക പാഠങ്ങള്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് അടിസ്ഥാനപരമായ ധാരണ വിദ്യര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ലഭിക്കും. ഇത സാമ്പത്തിക സാക്ഷരതയില്‍ മുന്നിലെത്താന്‍ രാജ്യത്തെ സഹായിക്കും.

സാമ്പത്തിക രംഗത്ത് മികച്ച ജോലി

സാമ്പത്തിക രംഗത്ത് മികച്ച ജോലികളെടുത്താല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ ചില തൊഴിലുകളില്‍ മാത്രം ചുരുങ്ങിയിരുന്നു ഇത്. എന്നാല്‍ സാമ്പത്തിക മേഖലയിലെ സമീപകാല മുന്നേറ്റങ്ങള്‍ നിരവധി ആളുകളെ ധനകാര്യത്തില്‍ അവരുടെ കരിയര്‍ ആസൂത്രണം ചെയ്യാന്‍ സഹായിച്ചു. ഈ മേഖലയെ കുറിച്ചുള്ള അറിവ് നേടാനായതാണ് ഇതിന് കാരണം. അങ്ങനെയെങ്കില്‍ കുട്ടികളെ ധനപാഠങ്ങള്‍ സ്‌കൂള്‍ തലത്തില്‍ പഠിപ്പിക്കാനായാല്‍ അവര്‍ വളര്‍ന്നു വരുമ്പോള്‍ ഈ മേഖലയില്‍ നല്ലൊരു ജോലി സ്വപ്‌നം കാണാന്‍ അവരെയിത് പ്രാപ്തരാക്കും. ധനകാര്യവുമായി ബന്ധപ്പെട്ട ഒരു ജോലിയുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ മറ്റ് സാമ്പത്തിക വശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകും.

പണം ലാഭിക്കാനുള്ള ശീലം

ധനപാഠങ്ങള്‍ പണത്തിന്റെ 'മൂല്യം' കുട്ടികളെ പഠിപ്പിക്കുന്നത് കൊണ്ടു തന്നെ അവരെ പണം ലാഭിക്കാനും ഇത് പഠിപ്പിക്കും. അധ്വാനത്തിലൂടെ തന്നെയാണ് പണം സമ്പാദിക്കേണ്ടതെന്ന അടിസ്ഥാനമൂല്യം പഠിക്കുമ്പോള്‍ അവര്‍ അനവാശ്യമായി ഇത് കളയരുതെന്നും മനസിലാക്കുന്നു. ഇത് അവര്‍ക്ക് ഭാവിയിവല്‍ ഒരു ജോലി ലഭിക്കുമ്പോള്‍ അനാവശ്യമായി പണം ചെലവഴിക്കുന്നതിനുപകരം അത് സമ്പാദിക്കാനുള്ള നല്ല ശീലം അവരില്‍ ഉണ്ടാക്കുന്നു. ജീവിതത്തിലുടനീളം നല്ല സാമ്പത്തിക ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഇത് അവരെ സഹായിക്കും.

വ്യക്തിഗത ധനകാര്യം

സ്വന്തം പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വളരെ പ്രധാന്യമുള്ളൊരു കാര്യമാണ്. ധനപാഠങ്ങളിലൂടെ ഇത് കുട്ടികള്‍ക്ക് പഠിക്കാനാകും. അവര്‍ക്ക് ലഭിക്കുന്ന പണം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം എന്ന് അവര്‍ പഠിക്കും. പണം ഉത്തരവാദിത്തത്തോടെ ചെലവഴിക്കുന്നതിനുള്ള മാര്‍ഗങ്ങളും അവര്‍ ധനപാഠങ്ങളിലൂടെ പഠിക്കും. ഒരു പ്രത്യേക ലക്ഷ്യത്തിനായി പ്രതിമാസം പണം ലാഭിക്കുക, അല്ലെങ്കില്‍ മോശം ദിവസങ്ങളിലേക്കായി പണം നീക്കിവെക്കുക തുടങ്ങിയ ഹ്രസ്വകാല, ദീര്‍ഘകാല ബജറ്റ് പ്ലാനുകള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായിക്കും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ സഹായിക്കുകയും മോശമായ സാമ്പത്തിക തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാനും അവരെ സഹായിക്കും.

നല്ല പാതയൊരുക്കാം

ഇന്ന് വലിയൊരു ശതമാനം കുട്ടികള്‍ക്കും പണം കൈകാര്യം ചെയ്യല്‍, അവരുടെ ഭാവിക്ക് വേണ്ടിയുള്ള സമ്പാദ്യ ശീലം തുടങ്ങിയ അടിസ്ഥാന സാമ്പത്തിക കാര്യങ്ങള്‍ പോലും അറിയില്ല എന്നതാണ് സത്യം. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇത്തരം സാമ്പത്തിക പിഴവുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സാമ്പത്തിക സാക്ഷരതയുടെ അഭാവം കുറഞ്ഞ ആത്മവിശ്വാസം, ഉയര്‍ന്ന കടം, കുറഞ്ഞ സമ്പാദ്യം എന്നിവയിലേക്ക് നയിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളെയും പണം എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കുട്ടികള്‍ അറിയേണ്ടതുണ്ട്. അതിനാല്‍ കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ധനപാഠങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് പണം എങ്ങനെ കൃത്യമായി കൈകാര്യം ചെയ്യണമെന്ന് പഠിപ്പിച്ച് അവരെ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാന്‍ പ്രാപ്തരാക്കണം. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയില്‍ കുട്ടികള്‍ക്ക് നല്ല പാതയൊരുക്കാന്‍ ഈ ധനപാഠങ്ങള്‍ സഹായിക്കും.

Tags:    

Similar News