ധനികനാകാന്‍ ആഗ്രഹം മാത്രം പോര; ഇങ്ങനെ ഒരു പ്ലാനിങ് നിങ്ങളെ സഹായിക്കും

Update:2019-08-17 17:25 IST

എങ്ങനെ ധനികരാകാം എന്ന് ബഹുഭൂരിപക്ഷത്തിനും അറിയില്ല. നമ്മളെല്ലാം പക്ഷേ ജീവിതകാലം മുഴുവന്‍ അതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും എല്ലാവരും ധനികരാകുന്നില്ല. കാരണം നമ്മള്‍ കഷ്ടപ്പെട്ട്് ഉണ്ടാക്കുന്ന പണം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഒരു സ്‌കൂളിലും ആരും നമ്മെ പഠിപ്പിച്ചിട്ടില്ല. സാമ്പത്തിക കാര്യങ്ങളെല്ലാം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. പക്ഷെ വരുമാനം എങ്ങനെ വിദഗ്ധമായും പ്രയോജനകരമായും വിനിയോഗിക്കാം എന്നുമാത്രം ആരും പഠിപ്പിക്കുന്നില്ല. വരുമാനം ഇരട്ടിപ്പിക്കുവാന്‍ പലരും സമര്‍ത്ഥരാണ്. പക്ഷെ അവ വിവേകപൂര്‍വം പ്രയോജപ്പെടുത്തുവാനും ശാശ്വത ലാഭമുണ്ടാക്കുവാനും പലര്‍ക്കും കഴിയാറില്ല.

എന്നാല്‍ പലരും സമ്പന്നരാകുന്നത് അവരുടെ വരുമാനത്തിന്റെയും ധനത്തിന്റെയും വലും കൊണ്ടല്ല, അത് ബുദ്ധിപരമായി വിനിയോഗിക്കാന്‍ കഴിയുന്നതുകൊണ്ടാണ്. പണം എങ്ങനെ ഇത്തരത്തില്‍ പ്രയോജനെടുത്താന്‍ കഴിയുമെന്ന് അറിയാതെ വരുമ്പോഴാണ് എത്ര വരുമാനമുണ്ടെങ്കിലും പലരും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുന്നത്. ഒരു ചെറിയ ചോര്‍ച്ചപോലും വലിയ ഒരു കപ്പലിനെ മുക്കാന്‍ കഴിയുമെന്നറിയുക. ഇതാ സമ്പത്ത് വര്‍ധിപ്പിക്കാന്‍ നാല് വഴികളാണ് ഇവിടെ പറയുന്നത്.

സാമ്പത്തിക ശേഷി തിട്ടപ്പെടുത്തുക

വരുമാനവും പണവും കൈകാര്യം ചെയ്യുന്നതിന്റെ അടിസ്ഥാന തത്വം എന്താണ്? നിങ്ങളുടെ യഥാര്‍ത്ഥ ധനശേഷി എത്രയെന്ന് കൃത്യമായ അളന്ന് അറിയുകയെന്നതാണ് ഏറ്റവും പ്രാഥമികവും പ്രധാനവുമായ കാര്യം. ഇത് അളക്കാന്‍ കഴിയുന്നത് നിങ്ങളുടെ ആസ്തികളും ബാധ്യതകളും തമ്മില്‍ തട്ടിച്ചുനോക്കുന്നതിലൂടെയാണ്. പണത്തെക്കുറിച്ച് മനസിലാക്കാന്‍ ആസ്തിയും ബാധ്യതയും എന്തെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. നിങ്ങളുടെ പോക്കറ്റിലെ പണം എടുത്തുമാറ്റുന്നത് എന്തോ അത് ബാധ്യതയാണ്.

നിങ്ങളുടെ പോക്കറ്റിലേക്ക് പണം കൊണ്ടുവരുന്നത് എന്തോ അതാണ് ആസ്തി. ഇത് സാമ്പത്തിക സാക്ഷരതയുടെ കാതലായ പാഠമാണ്. യഥാര്‍ത്ഥ ധനശേഷി ഇത്തരത്തില്‍ അളന്ന് ബോധ്യമായാല്‍ മാത്രമേ വിവേകപൂര്‍വം അത് പ്രയോജനകരമായി വിനിയോഗിക്കുന്നതില്‍ വിജയിക്കാനാവൂ. ബാധ്യതകളെ മുന്നില്‍ കണ്ടുകൊണ്ട് കൈയിലുള്ള പണം വിനിയോഗിക്കാനുള്ള സാമ്പത്തിക അറിവ് ആര്‍ജിച്ചാലേ ധനികരാകാന്‍ കഴിയൂ. ക്രെഡിറ്റ് കാര്‍ഡിന്റെ കൃത്രിമമായ തല്‍ക്കാല സുരക്ഷിതത്വത്തിന്റെ മായാവലയത്തില്‍ (അല്ലെങ്കില്‍ കടം വാങ്ങിയ തുകയുടെ സുരക്ഷിതത്വത്തില്‍) ഡിസ്‌കൗണ്ട് ഓഫറുകളുടെ പുറകെ പോകുകയും അനാവശ്യമായി ചെലവഴിക്കുകയും ചെയ്ത് രക്ഷെപ്പടാനാവാത്തവിധമുള്ള സാമ്പത്തിക കുരുക്കില്‍ പെടുന്നത് ഒഴിവാക്കുന്നതാണ് യഥാര്‍ത്ഥ ധന മാനേജ്‌മെൻറ്. നമ്മളില്‍ എത്ര പേര്‍ക്ക് അതിന് കഴിയും?

നേരത്തേ തുടങ്ങുക

ധന മാനേജ്‌മെൻറ് ഏത് പ്രായത്തിലും ആവാം, പക്ഷേ അത് എത്ര നേരത്തെയാകുന്നുവോ അത്രത്തോളം നന്നായിരിക്കും. നിലവിലുള്ള ധനശേഷി എത്രയായാലും അത് വിദഗ്ധമായി മാനേജ് ചെയ്യുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പണം കൈവരുമ്പോഴും അത് വിജയ കരമായി മാനേജ് ചെയ്യാന്‍ പ്രാപ്തിയുണ്ടാവുകയും അതുവഴി ധനശേഷി വര്‍ധിക്കുകയും ചെയ്യും. ഇതുകൊണ്ടാണ് ബൈബിളില്‍ 'ധനികര്‍ കൂടുതല്‍ ധനികരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും' ചെയ്യുമെന്ന് പറയുന്നത്. നമ്മളറിയുന്ന പല കോടീശ്വരാരും കൈയിലുള്ള തുച്ഛമായ പണം അതീവ വിദഗ്ധമായി മാനേജ് ചെയ്ത് വിജയം കൈവരിച്ചവരാണ്. അവരുടെ സാമ്പത്തിക വിജയത്തിന് പിന്നിലുള്ളത് അവര്‍ മുറുകെ പിടിച്ച ധന മാനേജ്‌മെന്റ് ശൈലിയാണ്. നിങ്ങളുടെ പണം വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിന് രണ്ട് മുഖ്യപടികളാണുള്ളത്.


ആദ്യ പടി: ആവശ്യത്തിനുമാത്രം ചെലവഴിക്കുക, ചെലവ് നിയന്ത്രിക്കുക, അതല്ലെങ്കില്‍ പൊങ്ങച്ചത്തിനുവേണ്ടിയുള്ള ചെലവുകള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ആദ്യത്തെ മാര്‍ഗം. ലൈഫ്‌സ്റ്റൈലിനുവേണ്ടി വരുമാനത്തിന്റെ 20 ശതാനം മാത്രമേ ചെലവാക്കാവൂ. ബാക്കി 80 ശതമാനം ദൈനംദിന ചെലവുകള്‍, സമ്പാദ്യം, നിക്ഷേപം എന്നിവയ്ക്കായി വേര്‍തിരിക്കുക. മെച്ചപ്പെട്ട ജീവിതശൈലിയോട് ആര്‍ത്തി പൂണ്ട് പണം ദുര്‍വ്യയം ചെയ്യാരുത്. ആഗ്രഹം തോന്നുന്ന എല്ലാറ്റിനും പണം ചെലവഴിക്കാനുള്ള ആവേശത്തിന് കടിഞ്ഞാണിടാന്‍ കഴിയണം. ഒരു ലക്ഷം രൂപ വരെ മോഹിക്കുന്ന ഒന്നിനുവേണ്ടി നിങ്ങള്‍ക്ക് എളുപ്പം ചെലവഴിക്കാന്‍ സാധിച്ചേക്കാം. പക്ഷെ ആ ഒരു ലക്ഷം രൂപ ഉണ്ടാക്കാന്‍ നിങ്ങള്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്നാലോചിക്കുക. പണം ദുര്‍വ്യയം ചെയ്യുന്നത് ഒരാസക്തിയാണ്. അത് നിങ്ങളെ കടബാധ്യതയിലേക്ക് നയിക്കും. ചെലവുകള്‍ ബോധപൂര്‍വം നിയന്ത്രിച്ചാല്‍ കടങ്ങള്‍ വീണ്ടും കൂടാതെ ക്രമമായി കുറച്ചുകൊണ്ടുവരാന്‍ കഴിയും.

എന്ത് വാങ്ങിയാലും ചെലവാക്കിയാലും അത് രൊക്കം കാശ് കൊടുത്തിട്ടാക്കുക. കൈയിലുള്ള പണം എണ്ണിക്കൊടുത്ത് ഒരു സാധനം വാങ്ങുമ്പോള്‍ എന്തി നുവേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് രണ്ട് തവണ ആലോചിക്കുമെന്നാണ് വ്യക്തികളുടെ പണച്ചെലവിന്റെ രീതികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഒരുതരത്തിലും ഒഴിവാക്കാനാവാത്ത ചെലവുകള്‍, ആവശ്യമായി ചെയ്യേണ്ട ചെലവുകള്‍, മോഹാധിഷ്ഠിതമായ ചെലവുകള്‍ എന്നിങ്ങനെ ചെലവുകളെ തരംതിരിച്ച് വിവേചനപൂര്‍വം പണം ചെലവഴിക്കാനുള്ള വിവേകം ആര്‍ജിക്കുന്നതും ധന മാനേജ്‌മെന്റിന്റെ പ്രാഥമിക പാഠങ്ങളില്‍ പെടുന്നു.

അടിസ്ഥാന ആവശ്യങ്ങള്‍ക്കുമുറം പണം ചെലവാക്കണമെന്നുണ്ടെങ്കില്‍ അതിനുവേണ്ടി പ്രത്യേകമായി കൂടുതല്‍ വരുമാനം കണ്ടെത്താന്‍ അധ്വാനിക്കുകയാണ് വേണ്ടത്. അങ്ങനെ സമ്പാദ്യം വര്‍ധിപ്പിക്കാനായാല്‍ പടിപടിയായി എല്ലാ മോഹങ്ങള്‍ക്കും വേണ്ടി ഒരു ബുദ്ധിമുട്ടുമില്ലാതെ ചെലവാക്കാനുള്ള സാമ്പത്തികസ്ഥിതി കൈവരും.

രണ്ടാമത്തെ പടി: സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും ആവശ്യകത മനസിലാക്കി കൈയിലുള്ള പണം ആ വഴിക്ക് തിരിച്ചുവിടുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. പണം ഏറ്റവും വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള എളുവഴി സമ്പാദ്യവും നിക്ഷേപവും വ്യക്തമായി ആസൂത്രണം ചെയ്യുകയും പ്രവൃത്തിപഥത്തിലെത്തിക്കുകയും ചെയ്യുക എന്നതാണ്.

പണത്തിന്റെ ദുര്‍വ്യയം ഇല്ലാതാക്കാനുള്ള വഴികള്‍ താനെ തെളിഞ്ഞുവരും. നികുതി ബാധ്യതകള്‍ക്കുശേഷമുള്ള മൊത്തം വരുമാനം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാതെ വിവിധ പാത്രങ്ങളിലേക്കോ എക്കൗണ്ടുകളിലേക്കോ മാറ്റുക. ഇതിനായി നാലു വിവിധ പാത്രങ്ങളോ എക്കൗണ്ടുകളോ സജ്ജമാക്കാം.

എങ്ങനെ ഇവ ഫലപ്രദമായി ചെയ്യാമെന്ന് ഇനി വിശദമാക്കുന്ന ലേഖനം വായിക്കാം.

Read: ധനികനാകാന്‍ ഈ നാല് എക്കൗണ്ടുകള്‍; ബിസിനസുകാര്‍ക്കിതാ ഒരു മാര്‍ഗരേഖ

( മാര്‍ച്ച് 2010 ല്‍ ധനം മാഗസിന് വേണ്ടി തയ്യാറാക്കിയ കവര്‍ സ്റ്റോറിയില്‍ നിന്നും )

Similar News