കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താം; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളെ മാസച്ചെലവുകളെക്കുറിച്ചും സമ്പാദ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠിപ്പിക്കാം, ലളിതമായ വഴികളിലൂടെ.

Update:2021-04-10 08:00 IST

പുതിയ തലമുറക്കാര്‍ക്ക് സമ്പാദ്യശീലത്തെക്കുറിച്ചും ചെലവ് നിയന്ത്രിക്കുന്നതിനെക്കുറിച്ചും അറിവ് കുറവാണ്. ചെറുപ്പത്തിലേ സമ്പാദ്യശീലം വളര്‍ത്തുന്നതു ഭാവിയില്‍ പണം യുക്തിസഹമായി കൈകാര്യം ചെയ്യുന്നതിനു വ്യക്തികളെ സജ്ജരാക്കുമെന്നു പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സ്വയം ചെലവുകള്‍ നടത്തുന്നതും കണക്കു സൂക്ഷിക്കുന്നതും ബജറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കും.

ബാല്യകാലത്ത് ഏറ്റവും യോജിച്ച സമ്പാദ്യം പോക്കറ്റ് മണി സൂക്ഷിക്കാനൊരു നിക്ഷേപക്കുടുക്ക തന്നെ. പിറന്നാള്‍ സമ്മാനമായും പോക്കറ്റ് മണിയായും ലഭിക്കുന്ന ചില്ലറത്തുട്ടുകളായിരുന്നു മുമ്പ് ഇവയിലെ വന്‍ നിക്ഷേപങ്ങള്‍. എന്നാല്‍ ഇന്നു ചില്ലറത്തുട്ടുകളുടെ കാലം പോയി, കുട്ടികള്‍ക്കും കിട്ടുന്നതു കനമുള്ള നോട്ടുകള്‍തന്നെ. ശ്രമിച്ചാല്‍ നല്ല സമ്പാദ്യം കുട്ടികള്‍ക്കും പടുത്തുയര്‍ത്താം എന്നു ചുരുക്കം. എന്നാല്‍ പ്രലോഭനങ്ങളും ഇന്ന് അധികമാണ്. വിലകൂടിയ കളിപ്പാട്ടങ്ങള്‍, വിഡിയോ ഗെയിം, മൊബൈല്‍ ഫോണ്‍ ഇവയെല്ലാം കുട്ടികളെ ആകര്‍ഷിക്കും.
കുട്ടികളോടു ചര്‍ച്ച ചെയ്യാം
പഠന കാര്യങ്ങളെക്കുറിച്ചും ഭക്ഷണ കാര്യങ്ങളെക്കുറിച്ചുമൊക്കെ കുട്ടികളോടു മാതാപിതാക്കള്‍ വാതോരാതെ സംസാരിക്കും. എന്നാല്‍ സമ്പാദ്യത്തെക്കുറിച്ചും വരവു ചെലവുകളെക്കുറിച്ചും എത്ര മാതാപിതാക്കള്‍ മക്കളോടു ചര്‍ച്ച ചെയ്യാറുണ്ട്. അതൊക്കെ വലിയവരുടെ കാര്യം എന്നു വിചാരിക്കുന്നുണ്ടോ, എങ്കില്‍ തെറ്റി. ധനം സൂക്ഷിച്ചു വയ്ക്കുന്നതിനെക്കുറിച്ചും ചെലവഴിക്കലിനെക്കുറിച്ചും കുട്ടികളെ മാതാപിതാക്കള്‍ വേണ്ടവിധം ബോധവല്‍ക്കരിക്കണം. കുട്ടികളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ മല്‍സരിക്കുന്ന ഇന്നത്തെ കാലത്തു ശരിയായ ബോധവല്‍ക്കരണമില്ലാതെ പോയാല്‍ കുട്ടികള്‍ പണത്തിന്റെ മൂല്യം അറിയാന്‍ വൈകും. പലതും വേണ്ടെന്നു വയ്ക്കാന്‍ അവര്‍ ശീലിക്കാതെയും വരും.
നല്ലകാര്യങ്ങള്‍ക്ക് പോക്കറ്റ് മണി
സന്തോഷം വരുമ്പോള്‍ എല്ലാം കുട്ടികള്‍ക്ക് പണം കൊടുക്കുന്നത് ഒഴിവാക്കുക. അതിനുപകരം കുട്ടികള്‍ എന്തെങ്കിലും ഉത്തരദാവിത്തങ്ങള്‍ നിറവേറ്റുമ്പോള്‍, ചെറിയ ചെറിയ വിജയങ്ങള്‍ നേടുമ്പോള്‍ ഒക്കെ ചെറിയ തുകകള്‍ നല്‍കുക. ഇത് അവരുടെ തന്നെ എന്തെങ്കിലും വലിയ ആവശ്യങ്ങള്‍ക്കായുള്ള ചെറിയ സമ്പാദ്യമാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തുക. പണം എളുപ്പത്തില്‍ ലഭിക്കുന്നതല്ല എന്നവര്‍ പഠിക്കും. അതോടൊപ്പം കിട്ടുന്ന പണം ഭാവിയിലെ ലക്ഷ്യങ്ങള്‍ നേടാനായി സ്വരുക്കൂട്ടണമെന്നതും. ഒപ്പം നല്ല ശീലങ്ങള്‍ക്കുള്ള പ്രോത്സാഹനവുമാകും.
മാര്‍ഗ നിര്‍ദേശം
സമ്പാദ്യത്തിന്റെ നിര്‍വചനം എല്ലാ വ്യക്തികള്‍ക്കും ഒരുപോലെ ആകണമെന്നില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ സ്വന്തം ആശയങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ മുതിരരുത്. അതേസമയം മാര്‍ഗനിര്‍ദേശം വേണം താനും. ഭാവിയില്‍ കൂടുതല്‍ സമ്പത്ത് കൈകാര്യം ചെയ്യേണ്ടി വരുമ്പോഴേക്കും അതിനവര്‍ പ്രാപ്തരാകേണ്ടതുണ്ട്. പെട്ടെന്നൊരുനാള്‍ കുടുംബസ്വത്തിന്റെ ചുമതല തലയില്‍ വരുമ്പോള്‍ അതു വേണ്ടവിധം കൈകാര്യം ചെയ്യാനാകാതെ വരുന്നത് ഇത്തരത്തില്‍ മുന്നൊരുക്കമില്ലാത്തവര്‍ക്കാണ്.
ആഡംബരങ്ങളെ പ്രോത്സാഹിപ്പിക്കരുത്
ആവശ്യങ്ങളും ആഡംബരങ്ങളും വേര്‍തിരിച്ചറിയാന്‍ കഴിയണം. ഏറെ യാത്ര ചെയ്യേണ്ടി വരുന്ന ബിസിനസുകാരനു നല്ലൊരു കാര്‍ ആഡംബരമല്ലായിരിക്കും. എന്നാല്‍ മാസ ശമ്പളക്കാരനായ ഇടത്തരക്കാരന് അതിന്റെ ആവശ്യമുണ്ടാവില്ല. അല്ലെങ്കില്‍ സ്‌കൂട്ടറോ ബൈക്കോ ധാരാളം. പണത്തിന്റെ മൂല്യമറിയാത്തതിന്റെ ന്യൂനതകള്‍ പുതുതലമുറയില്‍ പ്രകടമാണ്. പതിനായിരങ്ങള്‍ ശമ്പളം ലഭിക്കുന്നവരുടെയും ബാങ്ക് അക്കൗണ്ട് മാസാവസാനമെത്തും മുമ്പു കാലി. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ പോലുമാകാതെ വീഴ്ച. ഇതിനൊക്കെ പരിഹാരമാണു ചെറുപ്പത്തിലേ ഉള്ള സാമ്പത്തിക പാഠം.


Tags:    

Similar News