ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജില്‍ മാറ്റങ്ങളുമായി ഐ.ആര്‍.ഡി.എ

Update: 2018-08-29 11:39 GMT

ഇന്‍ഷുറന്‍സ് കമ്പനികള്‍ അവയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ 'ഓപ്ഷണല്‍ കവര്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ദന്ത ചികിത്സ, വന്ധ്യതാ ചികിത്സ തുടങ്ങിയ പത്തോളം ചികിത്സകളെ പ്രസ്തുത വിഭാഗത്തില്‍ നിന്നും ഐ.ആര്‍.ഡി.എ ഒഴിവാക്കുന്നു. ഇതിലൂടെ കൂടുതല്‍ സമഗ്രമായൊരു ചികിത്സാ കവറേജ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നതാണ് നേട്ടം.

ദന്ത ചികിത്സ, ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പി, വന്ധ്യത, പൊണ്ണത്തടി, മാനസികാരോഗ്യ ചികിത്സ, ലൈംഗിക രോഗങ്ങള്‍, എയ്ഡ്‌സ്, സ്‌റ്റെം സെല്‍ ഇംപ്ലാന്റേഷന്‍ തുടങ്ങിയവയാണ് ഓപ്ഷണല്‍ വിഭാഗത്തില്‍ നിന്നും ഒഴിവാക്കുന്നത്. മുന്‍പ് ഇത്തരം രോഗങ്ങള്‍ക്ക് സംരക്ഷണം വേണമെങ്കില്‍ ഉപഭോക്താവ് അതിലേക്കായുള്ള പ്രത്യേക കവറേജ് നേടണമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതിയി പ്രാബല്യത്തിലാകുന്നതോടെ സാധാരണ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ ഇത്തരം ചികിത്സാ ചെലവുകളും കവര്‍ ചെയ്യുന്നതാണ്. ഇത് സംബന്ധിച്ച പ്രത്യേക വിജ്ഞാപനം ഉടനെ തന്നെ ഐ.ആര്‍.ഡി.എ പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ അതിന് അനുസരണമായിട്ടുള്ള ഉല്‍പന്നങ്ങള്‍ക്ക് രൂപംകൊടുത്തേക്കും.

വളര്‍ച്ച 16 ശതമാനം

2016-17 കാലഘട്ടത്തില്‍ രാജ്യത്തെ ജനസംഖ്യയുടെ 34 ശതമാനം മാത്രമേ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് നേടിയിട്ടുള്ളൂവെന്ന് ആരോഗ്യ രംഗത്തെ കേന്ദ്ര ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. ഇക്കാലയളവില്‍ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിം റേഷ്യോ 67 ശതമാനമാണെങ്കില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടേത് 120 ശതമാനമാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരാശരി 16 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യവസായം നേടുന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധമില്ലായ്മ, ഉയര്‍ന്ന ചെലവുകള്‍ എന്നിവയാണ് ഈ മേഖലയുടെ വളര്‍ച്ചക്ക് തടസ്സം സൃഷ്ടിക്കുന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങളെ സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്ന വിധത്തില്‍ ലഘൂകരിക്കുകയും യുക്തിസഹമാക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഈ മേഖലക്ക് വളര്‍ച്ച കൈവരിക്കാനാകൂവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ 27 ശതമാനം പ്രീമിയം വിഹിതമാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് നിന്നുള്ളത്.

Similar News