ഭവനം സുരക്ഷിതമാക്കാം

Update: 2018-05-04 12:07 GMT

വീടിനും, വീട്ടുപകരണങ്ങള്‍ക്കും വേണ്ടി കേരളീയര്‍ വളരെയേറെ പണം ചെലവഴിക്കുന്നുണ്ട്. സ്വപ്‌ന ഭവനം സ്വന്തമാക്കുക എന്നത് മലയാളിയുടെ ഒരു ചിരകാല സ്വപ്‌നമാണ്. അവനവന്റെ അന്തസിനും, വരുമാനത്തിനും ഇണങ്ങുന്ന വീടുകളാണ് ഇന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ശരാശരി വരുമാനം കൂടുതലാണ്. സ്ഥലത്തിന്റെ വില ദിനം പ്രതി കൂടിവരുന്നത് ഗുണം പോലെ ദോഷവും ഉണ്ടാക്കുന്നു. കാരണം, പുതുതായി സ്ഥലം വാങ്ങിച്ച് വീടുവെക്കാന്‍ ഇന്ന് നല്ലൊരു തുക വേണം. വീടിനെപ്പോലെ തന്നെ വീടിനകത്ത് ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ക്കും വന്‍ തുകയാണ് നാം മുടക്കുന്നത്. വീടുണ്ടാക്കാന്‍ സ്വപ്‌നം കാണുന്നു. വീടുണ്ടാക്കി കഴിഞ്ഞ് അത് അടച്ച്പൂട്ടി പുറത്ത് പോകുമ്പോള്‍ ഉറക്കം കെടുന്ന അവസ്ഥയും. കാരണം തിരിച്ചുവരുമ്പോള്‍ വീട് പഴയ പടി ഉണ്ടാവുമോ അതോ വല്ല വിധേനയും കളവ്, അതിക്രമിച്ചുകടന്ന് കേടുവരുത്തല്‍ മുതലായവ ഉണ്ടായിട്ടുണ്ടോ എന്ന പേടി തന്നെ.

വീടിനുള്ളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടെങ്കില്‍ പിന്നെ പറയേണ്ടതില്ല. ഇന്നല്ലെങ്കില്‍ നാളെ ഒരു 'ഓപ്പറേഷന്‍' നടക്കാനിടയുണ്ട്.

അത്രയ്ക്കാണ് കളവും അതിക്രമങ്ങളും അരങ്ങേറുന്നത്. കാവലിന് ആളെ ഏല്‍പ്പിച്ചാല്‍ പോലും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ.

കഷ്ടപ്പെട്ടുണ്ടാക്കിയ സാധനങ്ങള്‍ കേടുവന്നാലോ, കളവുപോയാലോ അതുമൂലമുണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടമാണ് ഏറെ തലവേദന സൃഷ്ടിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീടും, അനുബന്ധ സാധന സാമഗ്രികളും സുരക്ഷിതമായി ഇന്‍ഷുര്‍ ചെയ്താല്‍ മനസ്സമാധാനത്തോടെ ഭാവി ജീവിതം നയിക്കാനാകും.

വീടിന് (ബില്‍ഡിംഗ്) മാത്രമായും, വീട്ടുപകരണങ്ങള്‍, സാധന സാമഗ്രികള്‍, സ്വര്‍ണ്ണാഭരങ്ങള്‍ തുടങ്ങിയവ ഒന്നിച്ചും ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. തീ പിടുത്തവും അനുബന്ധ റിസ്‌ക് കവറേജും അടക്കം ഒരു ഡസനിലധികം സംരക്ഷണങ്ങളാണ് ഫയര്‍ ഇന്‍ഷുറന്‍സില്‍ നിന്നുമാത്രം ലഭിക്കുന്നത്. സാധാരണ തീപിടുത്തം, ഗ്യാസ്, മണ്ണെണ്ണ, ഹീറ്റര്‍, വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്, ഇടിമിന്നല്‍, കാട്ടുതീ എന്നിവയ്ക്കു പുറമെ വെള്ളപ്പൊക്കം, മലയിടിച്ചില്‍, സുനാമി, ഉരുള്‍പൊട്ടല്‍ എന്നീ പ്രകൃതി ദുരന്തങ്ങളും ഇതില്‍ കവര്‍ ചെയ്യുന്നു. മരങ്ങള്‍ കടപുഴങ്ങി വീടിന്മേന്‍ പതിക്കുക, വാഹനങ്ങള്‍ ചുറ്റുമതിലില്‍, ഗേറ്റില്‍, കെട്ടിടത്തില്‍ ഇടിക്കുക എന്നിങ്ങനെയും നാശനഷ്ടങ്ങള്‍ സംഭവിക്കാം. ചുമര്‍ തുരക്കുക, പൂട്ട് പൊളിക്കുക, സാധനങ്ങള്‍ കേടുവരുത്തുക, അടിച്ചുതകര്‍ക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ വീട്ടിലെ സാധന സാമഗ്രികള്‍ കളവ്, പിടിച്ചുപറി മുതലായ റിസ്‌കുകള്‍ക്കെതിരെയും കവര്‍ ചെയ്യാം.

സാധാരണയായി ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ഹോം ലോണ്‍ എടുക്കുമ്പോള്‍ വീട് ഇന്‍ഷുര്‍ ചെയ്യുക പതിവാണ്. എന്നാല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഡീതാരിഫ് നടപ്പിലാക്കിയതു മുതല്‍ ഫയര്‍, ബര്‍ഗ്ലറി മുതലായ പ്രീമിയത്തില്‍ ഏതാണ്ട് 50% വരെ കിഴിവുകള്‍ ഇപ്പോള്‍ പലഇന്‍ഷുറന്‍സ് കമ്പനികളും നല്‍കുന്നുണ്ട്. നമുക്ക് ഇതിനെക്കുറിച്ച് അറിവില്ലെങ്കില്‍ സാധാരണ മട്ടിലുള്ള പ്രീമിയം ഈടാക്കാനും ധനകാര്യ സ്ഥാപനങ്ങള്‍ മടിക്കുകയില്ല. അതിനാല്‍ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം താരതമ്യം ചെയ്തശേഷം ഇന്‍ഷുര്‍

ചെയ്താല്‍ പണം ലാഭിക്കാനാവും.

വീട് ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക

ഇന്‍ഷുറന്‍സിന്റെ പ്രയോജനങ്ങള്‍ കൂടുതലായി ഉള്‍ക്കൊണ്ടു തുടങ്ങിയതോടെ വീടും വീട്ടുപകരണങ്ങളും ഇന്‍ഷുര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പക്ഷേ പലര്‍ക്കും മുടക്കുന്ന പ്രീമിയത്തിന് ലഭിക്കാവുന്ന പരമാവധി നേട്ടം ഉറപ്പാക്കാന്‍ കഴിയുന്നില്ല. ചില കാര്യങ്ങള്‍ശ്രദ്ധിച്ചാല്‍ കുറഞ്ഞ ചിലവില്‍ പരമാവധി കവറേജ് നേടാം. അതിന് സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതാ:

  • വീടിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അഥവാ റീ ഇന്‍സ്‌റ്റേറ്റ്മന്റ് വാല്യുവിന് ഇന്‍ഷുര്‍ ചെയ്യുക.
  • ഭൂമികുലുക്കം പ്രത്യേക കവര്‍ ആയതിനാല്‍ ചുരുങ്ങിയ അധിക പ്രീമിയം അടച്ച് റിസ്‌ക് കവര്‍ ചെയ്യുക.
  • വീട്ടില്‍ നിന്നും നഷ്ടം സംഭവിച്ചേക്കാവുന്ന പരമാവധി തുകയ്ക്ക് (ഫസ്റ്റ് ലോസ് ബേസിസ്) മാത്രം കവര്‍ ചെയ്യുന്ന രീതിയില്‍ പ്രീമിയം തുക ലാഭിക്കാം.
  • ഇന്‍ഷുര്‍ ചെയ്യുന്ന കമ്പനിയില്‍ നിന്ന് നിന്ന് പോളിസിയെക്കുറിച്ച് നല്ലവണ്ണം അറിവ് നേടുക. മികച്ച വില്‍പ്പനാനന്തര സേവനം കിട്ടുമെന്ന് ഉറപ്പുവരുത്തുക.
  • വീട് (ബില്‍ഡിംഗ്) ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ഗേറ്റ് (ചുറ്റുമതില്‍) കിണര്‍ എന്നിവയും പ്രത്യേകം ഉള്‍പ്പെടുത്തുക.

Similar News