യുദ്ധമുറയില്‍ നിന്നും പഠിക്കാം നിക്ഷേപ തന്ത്രം
യുദ്ധമുഖത്ത് അബദ്ധങ്ങള്‍ക്ക് വലിയ സ്ഥാനമില്ല. ജീവന്‍ പണയം വെച്ചാണ് അവിടെ നീക്കങ്ങള്‍. അപ്പോള്‍ ഈ യുദ്ധമുറകളെ മാതൃകയാക്കി ഒരു നിക്ഷേപ തന്ത്രം സ്വീകരിക്കാം
യുദ്ധത്തിന് പോകുമ്പോള്‍ എങ്ങനെയാകും ഒരു സൈന്യത്തലവന്‍ തന്റെ പോരാളികളെ സജ്ജമാക്കുക? പഴുതുകള്‍ എല്ലാം അടച്ചുള്ള യുദ്ധ തന്ത്രത്തിലൂടെ. അല്ലേ? പാളിച്ച പറ്റിയാല്‍ പടക്കളത്തില്‍ നിന്ന് താനും തന്റെ പോരാളികളും തിരിച്ചുവരുന്നത് ജീവനറ്റ നിലയിലാകുമെന്ന് സൈന്യാധിപന് അറിയാം. അതായത് യുദ്ധക്കളത്തില്‍ അബദ്ധങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. നിക്ഷേപത്തിന്റെ കാര്യത്തിലും ഇതുപോലെ സുസജ്ജമായ, അബദ്ധങ്ങളെ വാതില്‍ കൊട്ടിയടച്ച് പുറത്തുനിര്‍ത്തുന്ന ഒരു തന്ത്രം വേണം. അതിന് നമുക്ക് സൈനിക തന്ത്രങ്ങളെ തന്നെ മാതൃകയാക്കാം.
യുദ്ധ മുറകളില്‍ നിന്ന് എന്ത് പഠിക്കാം?
യുദ്ധത്തിനായി തയാറെടുക്കുമ്പോള്‍ യുദ്ധഭൂമിയുടെ സവിശേഷത അറിയുന്നത് മുതല്‍ ഒട്ടനവധി കാര്യങ്ങള്‍ പരിഗണിച്ചാണ് തന്ത്രം ആവിഷ്‌കരിക്കുന്നത്. സൈന്യത്തിന്റെ ആ ആസൂത്രണ രീതിയാണ് Z-K.I.T B.A.G.എന്താണ് Z-K.I.T B.A.G എന്ന് നോക്കാം.
- Zamini Nishan
സാമ്പത്തിക നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് അറിയലാണ് സമീനി നിഷാന്‍. യുദ്ധത്തിനൊരുങ്ങും മുമ്പ് ഏത് സൈന്യവും ആദ്യം നോക്കുന്നത് എവിടെ വെച്ചാണ് യുദ്ധമെന്നാണ്. ഏത് തരം ഭൂപ്രദേശത്ത് വെച്ചാണ് യുദ്ധം ചെയ്യേണ്ടതെന്ന് മനസിലാക്കിയാണ് യുദ്ധമുറ വികസിപ്പിക്കുന്നത്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് ഏത് ഭൂപ്രകൃതിയിലേക്കാണ് ഇറങ്ങുന്നതെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഒരു ഓഹരി വാങ്ങുമ്പോള്‍ നിങ്ങള്‍ ഒരു ബിസിനസില്‍ പങ്കാളിയാവുകയാണ്. ബിസിനസിന്റെ ഒരു ഭാഗമാണ് നിങ്ങള്‍ വാങ്ങുന്നത്. ആ ബിസിനസിന് നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ വളര്‍ച്ചാ സാധ്യതയുണ്ടോയെന്ന് പരിശോധിച്ചിരിക്കണം. നല്ല ബിസിനസുകള്‍ എന്നാല്‍ വളര്‍ച്ചാ സാധ്യതയുള്ള ബിസിനസുകള്‍ എന്നുതന്നെയാണ് അര്‍ത്ഥം.
വ്യക്തതയില്ലാത്ത പ്രദേശത്ത് പോയി പടയാളികളെ ഒരു സൈന്യവും വിന്യസിക്കില്ല. അതുപോലെ നിങ്ങള്‍ക്ക് മനസിലാകാത്ത ഒരു ബിസിനസില്‍ പോയി നിക്ഷേപിക്കരുത്. ഗൂഢമായ നീക്കങ്ങള്‍ നടത്തുന്ന കമ്പനിയില്‍ നിക്ഷേപിക്കുന്ന പണവും നഷ്ടമായേക്കും.
- Khabar
ഖബര്‍ എന്ന വാക്കുകൊണ്ട് സൈനിക തന്ത്രങ്ങള്‍ ഉദ്ദേശിക്കുന്നത് വിവരങ്ങള്‍ എന്നതാണ്. പരമാവധി വിവരങ്ങള്‍ സൈന്യം ശേഖരിച്ചിരിക്കും. ശത്രുക്കളെ കുറിച്ചും സ്വന്തം സൈന്യത്തെ കുറിച്ചുമെല്ലാം ഉള്ളവ അതില്‍ പെടും.
ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശത്രുക്കള്‍ നാണ്യപ്പെരുപ്പം, അസ്ഥിരമായ സാഹചര്യങ്ങള്‍, പിന്നെ വ്യക്തിപരമായ ചില കാഴ്ചപ്പാടുകളും ശീലങ്ങളും ഒക്കെയാണ്. പലിശ നിരക്ക് നാണ്യപ്പെരുപ്പവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
നാണ്യപ്പെരുപ്പം ഉയര്‍ന്നാല്‍ പലിശ നിരക്കും ഉയരും. ഉയര്‍ന്ന പലിശ നിരക്ക് ബാങ്കില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നല്ലതാണ്. എന്നാല്‍ ബിസിനസുകള്‍ക്ക് മോശവും. ഇനി പലിശ നിരക്ക് കുറഞ്ഞാലോ, ബാങ്ക് നിക്ഷേപകര്‍ക്ക് മോശവും ബിസിനസുകള്‍ക്ക് നല്ലതുമാകും. ഇപ്പോഴത്തെ കാലത്ത് വിവരങ്ങളുടെ പ്രവാഹമാണ്. ഇതില്‍ നിന്ന് വസ്തുതകളും തെറ്റായ വിവരങ്ങളും ചിലര്‍ പടച്ചുവിടുന്ന വ്യക്തിഗത അഭിപ്രായങ്ങളും വേര്‍തിരിച്ചെടുക്കണം. ആരോ എന്തോ ചെയ്തുവെന്നതിന്റെ പുറകെ പോയി അബദ്ധങ്ങളില്‍ ചാടരുത്.
- Irrada
സൈനിക തന്ത്രത്തിലെ ഇരാദയെന്നാല്‍ ലക്ഷ്യമാണ്. ഓരോ നിക്ഷേപകനും വ്യക്തവും അളക്കാന്‍ പറ്റുന്നതും നേടിയെടുക്കാന്‍ സാധിക്കുന്നതുമായ ലക്ഷ്യം വേണം. ചുരുങ്ങിയ കാലംകൊണ്ട് നേടിയെടുക്കാന്‍ പറ്റുന്നതും ദീര്‍ഘകാലം കൊണ്ട് കയ്യെത്തിപ്പിടിക്കാന്‍ പറ്റുന്നതുമായ ലക്ഷ്യങ്ങള്‍ ഓരോരുത്തരും ഉറപ്പിക്കണം. ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതാകണം. അതിന് കാലാവധിയും വേണം. ഉദാഹരണത്തിന് ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്നത് ലക്ഷ്യമാണെന്നിരിക്കട്ടെ. നല്ല രീതിയില്‍ റിട്ടയര്‍മെന്റ് പ്ലാനിംഗ് നടത്തിയാല്‍ മാത്രമേ ഇത് സാധിക്കു. അപ്പോള്‍ അവിടെ നിങ്ങളുടെ ലക്ഷ്യം റിട്ടയര്‍മെന്റ് പ്ലാനിംഗ് ആണ്.
- Tariqa
തരിഖയെന്നാല്‍ സ്ട്രാറ്റജി. ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാല്‍ അത് നേടാനുള്ള തന്ത്രങ്ങള്‍ വേണം. ആദ്യം നിങ്ങള്‍ക്കൊരു കുടുംബ ബജറ്റ് വേണം. വരവും ചെലവും കൃത്യമായി എഴുതി തയാറാക്കണം. അനാവശ്യ കാര്യത്തിന് പണം ചെലവിട്ടാല്‍ സമ്പാദിക്കാനും നിക്ഷേപിക്കാനും കയ്യില്‍ ഒന്നും കാണില്ല. പിന്നീട് വേണ്ടത് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയാണ്. ഒരു രോഗം വന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സില്ലെങ്കില്‍ സമ്പാദ്യം മുഴുവന്‍ ആശുപത്രിയില്‍ നല്‍കേണ്ടി വരും.
അപകടം പറ്റിയാല്‍ ആക്സിഡന്റ് പോളിസിയുണ്ടെങ്കില്‍ ആശുപത്രി ചെലവിനെ കുറിച്ചുള്ള വേവലാതി ഒഴിവാക്കാം. പിന്നീട് വേണ്ടത് സമ്പാദ്യമാണ്. അതായത് നീക്കിയിരുപ്പ്. കയ്യില്‍ കിട്ടുന്നത് മുഴുവന്‍ ചെലവഴിച്ച് തീര്‍ക്കരുത്. നേട്ട സാധ്യത മുന്നില്‍ കണ്ടുള്ള നിക്ഷേപമാണ് അടുത്തതായി ചെയ്യേണ്ടത്. നിങ്ങളുടെ സമ്പത്തിന്റെ കൈമാറ്റത്തെ കുറിച്ചും വ്യക്തമായ ധാരണ വേണം.
നിക്ഷേപത്തിനായി ആസ്തികള്‍ തിരഞ്ഞെടുക്കുന്നതിലും ജാഗ്രത പുലര്‍ത്തണം. ഓഹരി, ഡെറ്റ്, സ്വര്‍ണം, കമ്മോഡിറ്റീസ്, പണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിവിധ ആസ്തികള്‍ കൃത്യമായി വൈവിധ്യവല്‍ക്കരിക്കണം. എല്ലാ മുട്ടയും ഒരു കുട്ടയില്‍ ഇടരുത്. റിസ്‌ക് പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങളും നടത്തണം.
- Bandobsta
വൈവിധ്യവല്‍ക്കരണമാണ് മികച്ച നിക്ഷേപ തന്ത്രത്തിന്റെ ആണിക്കല്ല്. നിങ്ങളുടെ വിഭവങ്ങളാണ് ബന്ധോബസ്റ്റ് (Bandobtsa). യുദ്ധത്തിന് പോകുമ്പോള്‍ സൈന്യം തങ്ങളുടെ എല്ലാ വിഭവങ്ങളെ കുറിച്ചും ബോധവാന്മാരായിരിക്കും. അവ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തി വിജയം കൈവരിക്കാമെന്നാകും ആസൂത്രണം ചെയ്തിട്ടുണ്ടാവുക.
ഓരോ വ്യക്തിയും ബന്ധോബസ്റ്റ് എന്ന തന്ത്രത്തിന് സമാനമായി വിഭവങ്ങള്‍ വിലയിരുത്തണം. നമ്മുടെ വൈദഗ്ധ്യം, വരുമാന സ്രോതസ് എന്നിവയെല്ലാം കണക്കിലെടുക്കണം. ആരോഗ്യം, നൈപുണ്യം ഇവ രണ്ടിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല.
- Admintsiration
നിങ്ങള്‍ സമയാസമയങ്ങളില്‍ നടത്തുന്ന റിവ്യൂവാണ് അഡ്മിനിസ്ട്രേഷന്‍. ഓരോ ചുവടുവെയ്പ്പിലുമുള്ള പുരോഗതി സൈന്യാധിപന്‍ വിലയിരുത്തിക്കൊണ്ടേയിരിക്കും. നിക്ഷേപകനും താന്‍ നടത്തിയ നിക്ഷേപം ശരിയായ വിധത്തില്‍ തന്നെയാണ് പ്രകടനം നടത്തുന്നതെന്ന് സമയാസമയങ്ങളില്‍ വിലയിരുത്തണം. വ്യക്തിഗതമായ നാണ്യപ്പെരുപ്പത്തെ കുറിച്ചും ധാരണ വേണം. നമ്മുടെ ലക്ഷ്യത്തില്‍ നിന്നുള്ള ശ്രദ്ധ ഒരുകാലത്തും പോവാതെ വേണം നിക്ഷേപ വളര്‍ച്ചയുടെ പുരോഗതി വിലയിരുത്താന്‍.
- Ghadi Milao
നിക്ഷേപ കാര്യത്തില്‍ പുലര്‍ത്തുന്ന അച്ചടക്കമാണ് ഘാടി മിലാവോ പട്ടാളത്തിന് ഒരു കമാന്‍ഡര്‍ കാണും. അദ്ദേഹത്തിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി ആരും ഒന്നും പ്രവര്‍ത്തിക്കില്ല. അച്ചടക്കത്തോടെ സൈനികര്‍ ഒരേ ലക്ഷ്യത്തിലേക്ക് ഒരേ മനസോടെ മുന്നേറുന്നതുകൊണ്ടാണ് യുദ്ധങ്ങള്‍ ജയിക്കുന്നത്.
നിക്ഷേപത്തിന്റെ കാര്യത്തിലും വേണം ഘാടി മിലാവോ എന്ന യുദ്ധതന്ത്രം. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വിശ്വസ്തനായ ഒരു ഉപദേശകനുണ്ടായിരിക്കണം. പണത്തിന്റെ കാര്യം വരുമ്പോള്‍ പലപ്പോഴും വൈകാരികമായി പ്രതികരിക്കാന്‍ തോന്നും. നിങ്ങള്‍ തന്നെ സ്വയം ചെയ്യുമ്പോള്‍ ഈ വൈകാരികത തലപൊക്കി തീരുമാനങ്ങള്‍ തെറ്റാനും ഇടയുണ്ട്. എന്നെക്കൊണ്ട് സാധിക്കുമെന്ന അമിത വിശ്വാസം ഇക്കാര്യത്തില്‍ അത്ര നല്ലതല്ല. സൈന്യത്തിന്റെ ഈ മിഷന്‍ പ്ലാനിംഗ് ഫ്രയിംവര്‍ക്ക് നിങ്ങള്‍ക്കും പകര്‍ത്താം.
(തയ്യാറാക്കിയത്: അജിത് മേനോന്‍, PGIM ഇന്ത്യ അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒയാണ് ലേഖകന്‍. ധനം ബി.എഫ്.എസ്.ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ നടത്തിയ പ്രഭാഷണത്തെ ആധാരമാക്കി തയാറാക്കിയത്)