പഠിക്കാനും യാത്രയ്ക്കും വിദേശത്തേക്കുള്ള പണമൊഴുക്ക് ഇടിയുന്നു; എന്‍.ആര്‍.ഐ നിക്ഷേപത്തില്‍ വന്‍ കയറ്റം
ചികിത്സാ ആവശ്യങ്ങള്‍ക്ക് വിദേശത്ത് പണം ചെലവഴിക്കുന്നതിലും ഇടിവ്; ഓഹരി-കടപ്പത്ര നിക്ഷേപം മേലോട്ട്
വിവിധ ആവശ്യങ്ങള്‍ക്കായി ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (LRS) വഴി ഇന്ത്യക്കാര്‍ വിദേശത്ത് ചെലവിടുന്ന തുക കുറയുന്നതായി റിസര്‍വ് ബാങ്കിന്റെ പ്രതിമാസ സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. നിക്ഷേപത്തിനും ചെലവുകള്‍ക്കുമായി മറ്റൊരു രാജ്യത്തേക്ക് നിശ്ചിത തുക ഒരു സാമ്പത്തിക വര്‍ഷം അയക്കാന്‍ അനുവദിക്കുന്ന സൗകര്യമാണ് എല്‍.ആര്‍.എസ്. ഇതുവഴി സാമ്പത്തികവര്‍ഷം 2.50 ലക്ഷം ഡോളര്‍ (ഏകദേശം 2.08 കോടി രൂപ) വരെ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ അയക്കാം. തുക ഇതിലും കൂടുതലാണെങ്കില്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.
ഈ വര്‍ഷം ജനുവരിയിലെ 261.97 കോടി ഡോളറിനെ (21,848 കോടി രൂപ) അപേക്ഷിച്ച് ഫെബ്രുവരിയില്‍ എല്‍.ആര്‍.എസ് വഴി വിദേശത്തേക്കുള്ള പണമൊഴുക്ക് 201.32 കോടി ഡോളറായി (16,790 കോടി രൂപ) ഇടിഞ്ഞെന്നാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. 2023 ഫെബ്രുവരിയിലെ 210.13 കോടി ഡോളറിനെ (17,524 കോടി രൂപ) അപേക്ഷിച്ചും കഴിഞ്ഞമാസം പണമൊഴുക്ക് കുറഞ്ഞു.
ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം വിദേശ യാത്രകളിലുണ്ടായ കുറവും ഡോളറിന്റെ മൂല്യക്കുതിപ്പും പണമയക്കലിനെ ബാധിച്ചുവെന്നാണ് വിലയിരുത്തലുകള്‍.
വിദേശയാത്ര, പഠനച്ചെലവുകള്‍ താഴേക്ക്
ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശയാത്ര, വിദേശപഠനം എന്നിവയ്ക്കുള്ള പണമയക്കലുകള്‍ വന്‍തോതില്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജനുവരിയില്‍ എല്‍.ആര്‍.എസ് വഴി ഇന്ത്യക്കാര്‍ വിദേശയാത്രയ്ക്ക് 154.99 കോടി ഡോളര്‍ (12,950 കോടി രൂപ) ചെലവിട്ടിരുന്നെങ്കില്‍ ഫെബ്രുവരിയില്‍ അത് 105.36 കോടി ഡോളറിലേക്ക് താഴ്ന്നു (8,757 കോടി രൂപ). 2023 ഫെബ്രുവരിയില്‍ 107.07 കോടി ഡോളറായിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള പണമയക്കല്‍ 44.94 കോടി ഡോളറില്‍ (3,748 കോടി രൂപ) നിന്ന് 24.68 കോടി ഡോളറിലേക്കാണ് (2,058 കോടി രൂപ) കുത്തനെ ഇടിഞ്ഞത്. 2023 ഫെബ്രുവരിയില്‍ ഈയിനത്തിലെ ചെലവ് പക്ഷേ, 22.93 കോടി ഡോളറായിരുന്നു.
ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള ചെലവ് 93.2 ലക്ഷം ഡോളറില്‍ (77 കോടി രൂപ) നിന്ന് 72.5 ലക്ഷം ഡോളറിലേക്ക് (60.46 കോടി രൂപ) കുറഞ്ഞു. ഭൂസ്വത്ത് വാങ്ങുന്നതിനുള്ള ചെലവ് 1.73 കോടി ഡോളറില്‍ (144 കോടി രൂപ) നിന്ന് 1.53 കോടി ഡോളറിലേക്കും (127 കോടി രൂപ) കുറഞ്ഞിട്ടുണ്ട്. അതേസമയം, 2023 ഫെബ്രുവരിയിലെ 39.3 കോടി ഡോളറിനെ അപേക്ഷിച്ച് ഇക്കുറി ചെലവ് കൂടുകയാണുണ്ടായത്. 2023 ഫെബ്രുവരിയില്‍ ഈയിനത്തിലെ ചെലവ് 1.61 കോടി ഡോളറായിരുന്നു.
ഓഹരിക്കും ഗിഫ്റ്റിനും പ്രിയം
അതേസമയം, ഓഹരികളും കടപ്പത്രങ്ങളും വാങ്ങാനും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കാനും ഫെബ്രുവരിയില്‍ കൂടുതല്‍ തുക വിദേശത്ത് ഇന്ത്യക്കാര്‍ ചെലവിട്ടിട്ടുണ്ട്.
♦ ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
ഓഹരി, കടപ്പത്ര നിക്ഷേപങ്ങളിലേക്കുള്ള തുക ജനുവരിയിലെ 5.98 കോടി ഡോളറില്‍ (499 കോടി രൂപ) നിന്ന് 13.54 കോടി ഡോളറായാണ് (1,129 കോടി രൂപ) ഫെബ്രുവരിയില്‍ കൂടിയത്. 2023 ഫെബ്രുവരിയില്‍ നിക്ഷേപിച്ചത് 13.21 കോടി ഡോളറായിരുന്നു.\
സമ്മാനങ്ങള്‍ക്കുള്ള തുക 20.95 കോടി ഡോളറില്‍ (1,748 കോടി രൂപ) നിന്നുയര്‍ന്ന് 23.39 കോടി ഡോളറിലെത്തി (1,950 കോടി രൂപ). 24.53 കോടി ഡോളറായിരുന്നു 2023 ഫെബ്രുവരിയില്‍. വിദേശത്തെ നിക്ഷേപങ്ങള്‍ക്കുള്ള തുക 3.38 കോടി ഡോളറില്‍ (282 കോടി രൂപ) നിന്ന് 3.67 കോടി ഡോളറായും (306 കോടി രൂപ) മെച്ചപ്പെട്ടു.
പ്രവാസി നിക്ഷേപത്തില്‍ വന്‍ കുതിപ്പ്
വിദേശത്തേക്കുള്ള പണമയക്കലില്‍ കുറവുണ്ടെങ്കിലും രാജ്യത്തെ ബാങ്കുകളിലും മറ്റും പ്രവാസികള്‍ നടത്തുന്ന നിക്ഷേപം കഴിഞ്ഞവര്‍ഷം കുത്തനെ കൂടി. നോണ്‍-റെസിഡന്റ് ഇന്ത്യന്‍സ് (NRI) നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ഏപ്രില്‍-ഫെബ്രുവരിയില്‍ 84.4 ശതമാനം ഉയര്‍ന്ന് 1,180 കോടി ഡോളറായി (98,412 കോടി രൂപ). മുന്‍വര്‍ഷത്തെ സമാനകാലത്ത് നിക്ഷേപം 640 കോടി ഡോളറായിരുന്നു (53,376 കോടി രൂപ).
ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ് (FCNR) അക്കൗണ്ടുകളിലേക്കാണ് കൂടുതല്‍ പ്രവാസിനിക്ഷേപവുമെത്തിയത്. ഇത് 148 കോടി ഡോളറില്‍ (12,343 കോടി രൂപ) നിന്ന് 553 കോടി ഡോളറായി (46,120 കോടി രൂപ) വര്‍ധിച്ചുവെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതോടെ, എന്‍.ആര്‍.ഐ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2023 ഫെബ്രുവരിയിലെ 13,554 കോടി ഡോളറില്‍ (11.31 ലക്ഷം കോടി രൂപ) നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 14,972 കോടി ഡോളറായും (12.48 ലക്ഷം കോടി രൂപ) വര്‍ധിച്ചിട്ടുണ്ട്.
നോണ്‍-റെസിഡന്റ് എക്‌സ്‌റ്റേണല്‍ (NRE) നിക്ഷേപങ്ങള്‍ 2023 ഫെബ്രുവരിയിലെ 9,413 കോടി ഡോളറില്‍ നിന്ന് (7.85 ലക്ഷം കോടി രൂപ) 9,768 കോടി ഡോളറിലേക്കും (8.14 ലക്ഷം കോടി രൂപ) നോണ്‍-റെസിഡന്റ് ഓര്‍ഡിനറി (NRO) നിക്ഷേപങ്ങള്‍ 2,300 കോടി ഡോളറില്‍ (1.91 ലക്ഷം കോടി രൂപ) നിന്ന് 2,714 കോടി ഡോളറിലേക്കും (2.26 ലക്ഷം കോടി രൂപ) മെച്ചപ്പെട്ടു.