സാമ്പത്തിക ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിലൂടെ നികുതി ഇളവ് നേടാം

Update:2020-01-13 16:41 IST

സാമ്പത്തിക ലക്ഷ്യങ്ങള്‍ എല്ലാ വ്യക്തികളുടെയും ജീവിത ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. എന്നാല്‍ കൃത്യമായ ആസൂത്രണമില്ലെങ്കില്‍ നിങ്ങള്‍ വലിയ തുക നികുതി വിഹിതമായി നല്‍കേണ്ടിവരും. ഇത് പരിഹരിക്കാന്‍ ആദായനികുതി നിയമമനുസരിച്ച് നിങ്ങള്‍ക്കു ലഭ്യമായ അവസരങ്ങള്‍ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അല്‍പം വിവേകത്തോടെ ചെലവുകളും നിക്ഷേപങ്ങളും നടത്തിയാല്‍ തീര്‍ച്ചയായും നല്ലൊരു തുക നികുതി ഇനത്തില്‍ ലാഭിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

സെക്ഷന്‍ 80സി പ്രകാരം നിക്ഷേപകര്‍ക്ക് പരമാവധി 1,50,000 രൂപ നിക്ഷേപിക്കാനും പ്രതിവര്‍ഷം 46,800 രൂപ വരെ നികുതി ലാഭിക്കാന്‍ കഴിയും. സെക്ഷന്‍ 80 സിസിഡി (1 ബി) പ്രകാരം 50,000 രൂപയുടെ അധിക ആനുകൂല്യം നേടാനും പ്രതിവര്‍ഷം 15,450 രൂപ വരെ നികുതി ലാഭിക്കുകയും ചെയ്യാം. നികുതി ലാഭിക്കാന്‍ കഴിയുന്ന ചില നിക്ഷേപ ഓപ്ഷനുകള്‍ കാണാം.

നാഷണല്‍ പെന്‍ഷന്‍ സ്‌ക്രീം (എന്‍പിഎസ്)

ആര്‍ക്കും ചേരാവുന്ന സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഒരു പെന്‍ഷന്‍ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌ക്രീം (എന്‍പിഎസ്). 18-നും 65-നും മധ്യേ പ്രായമുള്ള ഏതൊരു വ്യക്തിക്കും എന്‍പിഎസില്‍ ചേരാവുന്നതാണ്. നിലവില്‍ 12 ശതമാനാമാണ് പലിശ്. നിക്ഷേപമെന്നതിന് പുറമെ എന്‍പിഎസ് ആദായനികുതി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. സ്വകാര്യമേഖലയിലെ അംഗങ്ങള്‍ക്കും (ശമ്പളക്കാരും സ്വയം തൊഴില്‍ ചെയ്യുന്നവരും ഉള്‍പ്പെടെ) എന്‍പിഎസ് സംഭാവനയില്‍ നികുതി ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

ലാഭം ഉറപ്പിക്കാവുന്ന 15 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധിയുള്ള ഒരു നിക്ഷേപ മാര്‍ഗമാണ് പി.പി.എഫ്. ഒറ്റത്തവണയായോ ഒന്നിലധികം തവണകളായോ നിങ്ങള്‍ക്ക് പി.പി.എഫില്‍ നിക്ഷേപിക്കാവുന്നതാണ്. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ നിക്ഷേപ തുക പിന്‍വിക്കാനാകൂ. പോസ്റ്റ് ഓഫീസുകളോ ബാങ്കുകളോ വഴി പദ്ധതിയില്‍ അംഗമാകാം. നിലവില്‍ 7.6 ശതമാനാമാണ് പലിശ നിരക്ക്.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീം (ഇഎല്‍എസ്എസ്)

ഒരു ടാക്സ് സേവിംഗ് മ്യൂച്വല്‍ ഫണ്ടാണ് ഇഎല്‍എസ്എസ്. മൂന്നു വര്‍ഷമാണ് നിക്ഷേപ കാലയളവ്. ഒറ്റത്തവണയായോ മാസ തവണകളായോ ഈ സ്‌കീമില്‍ നിക്ഷേപിക്കാം. സെക്ഷന്‍ 80സി-യിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ക്ക് നികുതിയിളവുകള്‍ ലഭിക്കുന്നത്. ഓണ്‍ലൈനായോ അഡൈ്വസര്‍മാരുടെ സഹായം തേടിയോ ഈ പദ്ധതിയില്‍ ചേരാം. ഒന്നര ലക്ഷം വരെ നിക്ഷേപിച്ചാല്‍ നികുതിയിളവ് നേടാം.

ആരോഗ്യ ഇന്‍ഷൂറന്‍സ്

നിക്ഷേപ പദ്ധതിയല്ലെങ്കിലും സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഇന്‍ഷുറന്‍സ് തുല്യ പ്രാധാന്‌യമുള്ള വിഷയം തന്നെയാണ്. നിങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ നികുതി ലാഭിക്കാന്‍ കഴിയും. ഈ പോളിസികളില്‍ അടച്ച പ്രീമിയത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് സെക്ഷന്‍ 80 ഡി പ്രകാരം ആദായനികുതി ഇളവ് ലഭിക്കും.

യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍

ഓഹരി വിപണിയില്‍ നിക്ഷേപം സാധ്യമാക്കുന്നു എന്നതാണ് ഇന്‍ഷുറന്‍സ് സുരക്ഷയ്ക്കു പുറമേ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്രദാനം ചെയ്യുന്നത്. യുലിപ് നികുതി ഇളവിന് സഹായകമാകുന്ന പദ്ധതി കൂടിയായതിനാല്‍ ആകര്‍ഷകത്വം കൂടും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News