സോവറിന്‍ സ്വര്‍ണ ബോണ്ട് നിക്ഷേപം മികച്ച ആദായം നല്‍കുന്നത് എങ്ങനെ?

സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന വര്‍ധന കൂടാതെ നിക്ഷേപകന് 2.5% വാര്‍ഷിക പലിശയും ലഭിക്കുന്നു

Update: 2023-11-11 06:30 GMT

 2015 നവംബറില്‍ റിസര്‍വ് ബാങ്കിന്റെ പ്രഥമ സോവറിന്‍ സ്വര്‍ണ ബോണ്ട് (എസ്.ജി.ബി) പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ക്ക് 2023 നവംബര്‍ അവസാനം നിക്ഷേപം മടക്കി നല്‍കുമ്പോള്‍ ലഭിക്കുന്നത് രണ്ടിരട്ടിയിലേറെ അധികം നേട്ടം. സ്വര്‍ണ വില ഗ്രാമിന് 2,684 രൂപ നിരക്കിലാണ് നിക്ഷേപകര്‍ ബോണ്ടുകള്‍ സ്വന്തമാക്കിയത്. നിലവില്‍ സ്വര്‍ണ വില ഈ വര്‍ഷം 10 ശതമാനം വര്‍ധിച്ചതിനാല്‍ ഗ്രാമിന് 5,600 രൂപയില്‍ എത്തി നില്‍ക്കുന്നു. ഇതു കൂടാതെ ആദ്യ നിക്ഷേപത്തിന് 2.75% വാര്‍ഷിക പലിശയും കൂടി ലഭിക്കുമ്പോള്‍ മൊത്തം വാര്‍ഷിക ആദായം 13 ശതമാനം വരെ ഉയരാം. ദീപാവലി കാലയളവില്‍ സ്വര്‍ണ വില വര്‍ധിക്കുമെന്നതിനാല്‍ പ്രഥമ എസ്.ജി.ബി നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു (ചാര്‍ട്ട് നോക്കുക).


സോവറിന്‍ സ്വര്‍ണ ബോണ്ടിന്റെ മികവുകൾ 

1. സര്‍ക്കാര്‍ ഗ്യാരന്റിയും റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടവുമുള്ള നിക്ഷേപം

2. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം 2.5   നിരക്കില്‍ പലിശ ലഭിക്കുന്നു (പഴയ പലിശ 2.75%).

3. എട്ട്‌ വര്‍ഷ കാലാവധി ഉള്ളതിനാല്‍ സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് ദീര്‍ഘ കാല മൂലധന നേട്ടം ലഭിക്കാം.
4. ഒരു ധനകാര്യ വര്‍ഷം ഏറ്റവും കുറഞ്ഞത് 1 ഗ്രാം മുതല്‍ പരമാവധി 4 കിലോ വരെ എസ്.ജി.ബിയില്‍ നിക്ഷേപിക്കാം.
5. കാലാവധി പൂര്‍ത്തിയാകുന്നത് വരെ നിക്ഷേപം പിന്‍വലിച്ചില്ലെങ്കില്‍ ലഭിക്കുന്ന ആദായത്തിന് മൂലധന വര്‍ധന നികുതി ബാധകമല്ല.
6.എസ്.ജി.ബി ഈടായി സ്വീകരിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നതാണ്. അതിനാല്‍ ഭൗതിക സ്വര്‍ണം പോലെ ഏത് സമയവും ആവശ്യത്തിന് പണം ലഭ്യമാക്കാന്‍ ഈ അസ്തിക്ക് കഴിയുന്നു.
7. എസ്.ജി.ബിയുടെ വില്‍പ്പന വില കണക്കാക്കുന്നത് സബ്സ്‌ക്രിപ്ഷന്‍ കാലാവധി അവസാനിക്കുന്നതിന് പിന്നിലത്തെ ആഴ്ചയിലെ അവസാന മൂന്ന് വ്യാപാര ദിനങ്ങളിലെ വിലകളുടെ ശരാശരി എടുത്താണ്.
8. കാലാവധിക്ക് മുന്‍പ് എസ്.ജി.ബി വില്‍ക്കുമ്പോള്‍ 10% മൂലധന നേട്ട നികുതി ബാധകമാകും.
സ്വര്‍ണ വിലയില്‍ മാറ്റം വരുന്നത് അനുസരിച്ച് സമ്പൂര്‍ണ ആദായത്തിലും വാര്‍ഷിക ആദായത്തിലും മാറ്റം ഉണ്ടാകാം. എങ്കിലും സാധാരണ വാര്‍ഷിക നേട്ടം 10% മുതല്‍ 21% വരെ ലഭിച്ചേക്കാം.
Tags:    

Similar News