സൗന്ദര്യ വിപണിയില്‍ ഇരട്ട വിജയം നേടി മുന്നോട്ട്; ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാമോ?

ത്വക്ക്‌രോഗ വിദഗ്ദ്ധര്‍ രൂപപ്പെടുത്തിയ ഉത്പന്നങ്ങളാണ് ദി ഡെര്‍മ കോ ബ്രാന്‍ഡില്‍ വില്‍ക്കുന്നത്

Update: 2024-04-24 11:14 GMT

സൗന്ദര്യ-വ്യക്തി പരിചരണ (Beauty & Personal Care) ബിസിനസില്‍ വളരെ വേഗം വളര്‍ച്ച പ്രാപിച്ച കമ്പനിയാണ് ഹോനാസ കണ്‍സ്യൂമര്‍ (Honasa Consumer Ltd). മാമ എര്‍ത്ത് എന്ന  സൗന്ദര്യ-വ്യക്തി പരിചരണ ഉത്പന്നങ്ങള്‍ ഇറക്കി വിപണിയില്‍ ശക്തമായ ശേഷം ദി ഡെര്‍മ കോ ബ്രാന്‍ഡില്‍ ത്വക്ക് സംരക്ഷണ ഉത്പന്നങ്ങള്‍ പുറത്തിറക്കി. അതിലും വിജയം നേടാന്‍ സാധിച്ചു.

വിപണിയില്‍ ലഭിക്കുന്ന ശിശു സംരക്ഷണ ഉത്പന്നങ്ങളില്‍ വിഷാംശങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ്  വരുണ്‍-ഗസല്‍ അലഗ് ദമ്പതികള്‍  മാമ എര്‍ത്ത് എന്ന ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്. 2016ല്‍ ആദ്യ കുട്ടി ഉണ്ടായ സമയത്താണ് ശിശു സംരക്ഷണ ഉത്പന്നങ്ങളിലെ വിഷാംശങ്ങളെ കുറിച്ച് ഇരുവരും ശ്രദ്ധിക്കുന്നത്.  വളരെ വേഗത്തില്‍ ഇവരുടെ സംരംഭമായ ഹോനാസ കണ്‍സ്യൂമറിന് 1.5 ലക്ഷം കോടി രൂപയുടെ സൗന്ദര്യ-വ്യക്തി പരിചരണ വിപണിയുടെ 70% നേടാന്‍ സാധിച്ചു. 2022ല്‍ ഹോനാസ കണ്‍സ്യൂമര്‍ യൂണികോണ്‍ ക്ലബില്‍ (100 കോടി ഡോളർ മൂല്യമുള്ള കമ്പനി) സ്ഥാനം നേടി.
1. 2020ല്‍ ത്വക്ക് സംരക്ഷണത്തിന് പുറത്തിറക്കിയ ദി ഡെര്‍മ കോ ബ്രാന്‍ഡിന് നാലു വര്‍ഷം കൊണ്ട് 500 കോടി രൂപയുടെ വാര്‍ഷിക ശരാശരി വരുമാന റണ്‍ റേറ്റ് നേടാന്‍ സാധിച്ചു. 2023-24ല്‍ ദി ഡെര്‍മ കോ ബ്രാന്‍ഡിന് കീഴില്‍ ഫേസ് സെറം, സണ്‍ സ്‌ക്രീന്‍ സ്റ്റിക്ക്, മുഖക്കുരു പാച്ചുകള്‍ തുടങ്ങിയ ഉത്പന്നങ്ങളില്‍ ഒരു കോടി യൂണിറ്റുകള്‍ വില്‍ക്കാന്‍ സാധിച്ചു. 2,000 കോടി രൂപയുടെ ത്വക്ക് സംരക്ഷണ വിപണിയില്‍ ദി ഡെര്‍മ കോ ബ്രാന്‍ഡിന് 20 ശതമാനം വിപണി വിഹിതം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
2. കേശ സംരക്ഷണ വിപണിയിലും കളര്‍ കോസ്‌മെറ്റിക്‌സ് വിപണിയിലും മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മാര്‍ച്ച് അവസാനം സ്റ്റേസ് (Staze) എന്ന ബ്രാന്‍ഡില്‍ കളര്‍ കോസ്‌മെറ്റിക്‌സ് ഉത്പന്നങ്ങള്‍ പുറത്തിറക്കി. ലിപ്സ്റ്റിക്ക്, കാജല്‍, കണ്‍മഷി, ഐ ലൈനര്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് സ്റ്റേസ് ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്. കളര്‍ കോസ്‌മെറ്റിക്‌സ് വിപണി 12 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 15,000 കോടി രൂപയുടെ വിറ്റുവരവുണ്ട്. 18-24 വയസുള്ള വനിതകളെ ലക്ഷ്യം വെച്ചാണ് പുതിയ ഉത്പന്നങ്ങള്‍ സ്റ്റേസ് ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്.
ഇ-കൊമേഴ്‌സ് വിപണിയിലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്ന് ബ്രാന്‍ഡുകളില്‍ സ്ഥാനം നേടാന്‍ കമ്പനിയുടെ ബ്രാന്‍ഡുകള്‍ക്ക് സാധിച്ചു. അന്താരാഷ്ട്ര ബ്രാന്‍ഡുകളായ യുണിലിവര്‍, ലോറിയല്‍ എന്നിവ കടുത്ത മത്സരം നല്‍കുന്നുണ്ടെങ്കിലും ശാസ്ത്രാധിഷ്ഠിത, വിഷരഹിത ഉത്പന്നങ്ങള്‍ പുറത്തിറക്കി ഹോനാസ കണ്‍സ്യൂമര്‍ കമ്പനിക്ക് ഇനിയും വളര്‍ച്ചയ്ക്ക് സാധ്യത ഉണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 500 രൂപ
നിലവില്‍ വില- 429.35
Stock Recommendation by Emkay Research.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Tags:    

Similar News