എസ്‌ഐപി നെഗറ്റീവ് റിട്ടേണ്‍ നല്‍കുമ്പോള്‍ നിക്ഷേപകര്‍ എന്തു ചെയ്യണം?

Update: 2020-03-19 11:35 GMT

ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിച്ച്് കൈപൊള്ളിയപ്പോഴാണ് ഐടി പ്രൊഫഷണലായ രാജീവ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍(എസ്‌ഐപി) വഴി മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിച്ചു തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അയാള്‍ ആകെ പരിഭ്രാന്തിയിലാണ്. ഒന്നര വര്‍ഷം മുന്‍പ് അയാള്‍ നിക്ഷേപിച്ചു തുടങ്ങിയ ഇക്വിറ്റി ഫണ്ട് ഇപ്പോള്‍ നെഗറ്റീവ് റിട്ടേണാണ് നല്‍കുന്നത്. രാജീവ് മാത്രമല്ല, ധാരാളം നിക്ഷേപകര്‍ സമാന അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. വിവിധ വിഭാഗങ്ങളിലായി 50 ഓളം ഇക്വിറ്റി ഫണ്ടുകള്‍ നെഗറ്റീവ് എസ്‌ഐപി റിട്ടേണാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി നല്‍കുന്നത്. ഇതില്‍ ഭൂരിഭാഗവും തീമാറ്റിക് ഫണ്ടുകളാണ്.

സാധാരണഗതിയില്‍ എസ്‌ഐപി നെഗറ്റീവ് റിട്ടേണ്‍ നല്‍കാനുള്ള സാധ്യത കുറവാണ്. പക്ഷേ ഇപ്പോഴത്തെ വിപണിയില്‍ എസ്‌ഐപികളും നെഗറ്റീവ് റിട്ടേണ്‍ ആണ്. ഏതു മാര്‍ക്കറ്റ് കാപ്പുകളെടുത്താലും ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകളുടെയെല്ലാം തന്നെ ആവറേജ് എസ്‌ഐപി റിട്ടേണ്‍ (അഞ്ചു വര്‍ഷം വരെ)നെഗറ്റീവാണ്. ഈ അവസരത്തില്‍ നിക്ഷേപകരില്‍ പലരും ചോദിക്കുന്നത് തങ്ങള്‍ എന്തു ചെയ്യണമെന്നാണ്?

മുന്നിലുള്ള ലക്ഷ്യത്തിലേക്ക് യാത്ര തുടരാം

ഇവിടെ നിക്ഷേപകര്‍ മനസിലാക്കേണ്ട ഒരു കാര്യമിതാണ്. മ്യൂ്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് എസ്‌ഐപി. റുപ്പീ കോസ്റ്റ് ആവറേജിംഗ് ആണ് എസ്‌ഐപിയുടെ ഗുണം. എന്നാല്‍ കൃത്യമായൊരു റിട്ടേണും എസ്‌ഐപി നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കുന്നില്ല. അതായത് നിങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള പദ്ധതിയുടെ പ്രകടനത്തെ ആശ്രയിച്ചു മാത്രമാണ് അതിന്റെ റിട്ടേണ്‍. അതിനാല്‍ നിങ്ങള്‍ എസ്‌ഐപി വഴിയാണ് നിക്ഷേപിക്കുന്നതെങ്കിലും നിക്ഷേപിച്ചിട്ടുള്ള ഫണ്ടിന്റെ പ്രകടനം സ്ഥിരമായി നിരീക്ഷിക്കണം.


ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കുമ്പോള്‍ മൂന്നു വര്‍ഷം വരെയൊക്കെ എസ്‌ഐപി റിട്ടേണ്‍ നെഗറ്റീവായിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമായി ഇത് കാണണമെന്നാണ് ഇവര്‍ പറയുന്നത്. ലാര്‍ജ്, മിഡ്, സ്‌മോള്‍ കാപ്പുകളെല്ലാം തന്നെ ഇടിഞ്ഞു നില്‍ക്കുന്നതിനാല്‍ നല്ല കരുത്തുറ്റ ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് അവരുടെ ദീര്‍ഘകാല ലക്ഷ്യത്തോടെ മുന്നോട്ടുപോകാം.
''പല നിക്ഷേപകരും ഇപ്പോള്‍ പരിഭ്രാന്തരായി എസ്‌ഐപി വിറ്റൊഴിയുന്നതായി കാണാറുണ്ട്. ഇതൊരിക്കലും നല്ല പ്രവണതയല്ല. ഇത്തരം താഴ്്ചകള്‍ ആണ് എസ്‌ഐപിയുടെ ഗുണം. ''. ജിയോജിത്ത് ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ് വിജയശ്രീ കൈമള്‍ പറയുന്നു.

ഫണ്ടുകള്‍ മാറേണ്ട അവസരവും ഇപ്പോള്‍ ഉണ്ടെന്നു തോന്നുന്നില്ല. സമാന കാറ്റഗറിയിലുള്ള മറ്റു ഫണ്ടുകളുമായി (പിയര്‍ ഗ്രൂപ്പുകളുമായി) താരതമ്യം ചെയ്യുമ്പോള്‍ ഫണ്ട് മോശം പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍ മാത്രമാണ് ഫണ്ട് പുന:പരിശോധിക്കേണ്ട ആവശ്യം വരുന്നത്. മികച്ച അനലിസ്റ്റുകള്‍ റക്കമെന്റഡ് ചെയ്ത ഫണ്ടുകളാണ് തെരഞ്ഞെടുത്തിരുക്കുന്നതെങ്കില്‍ അവ തുടരുന്നതു തന്നെയാണ് നല്ലത്. ഇപ്പോള്‍ എല്ലാ ഫണ്ടുകളും തകര്‍ച്ചിലായതിനാല്‍ ഫണ്ടിന്റെ പ്രകടനം നോക്കുന്നതില്‍ കാര്യമില്ലെന്നും വിജയശ്രീ കൂട്ടിച്ചേര്‍ക്കുന്നു.

ലാര്‍ജ്, മിഡ്, സ്‌മോള്‍ കാപ്പുകളെല്ലാം നെഗറ്റീവ് റിട്ടേണില്‍.

മൂന്നു വര്‍ഷക്കാലയളവില്‍ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ ഇടിവാണ് എസ്‌ഐപിയില്‍ ഉണ്ടായിരിക്കുന്നത്. ഇക്വിറ്റി ലാര്‍ജ് കാപ്പ് ഫണ്ടുകള്‍ മൂന്നു വര്‍ഷക്കാലത്ത് - 1.74 ശതമാനവും ഒരു വര്‍ഷക്കാലത്ത്-23.79 ശതമാനവും റിട്ടേണ്‍ കാണിച്ചപ്പോള്‍ മിഡ് കാപ് ഫണ്ടുകള്‍ മൂന്നു വര്‍ഷക്കാലത്ത് -3.40 റിട്ടേണ്‍ ആണ് നല്‍കിയത്. സ്‌മോള്‍ കാപ്പ് ഫണ്ടുകളുടെ റിട്ടേണ്‍ -5.98 ശതമാനമാണ്. വിവിധ എസ്‌ഐപി ഫണ്ടുകളുടെ റിട്ടേണ്‍ ടേബ്്‌ളില്‍.

ഫെബ്രുവരിയില്‍ എസ്‌ഐപി നിക്ഷേപം ഉയര്‍ന്നു ഫെബ്രുവരിയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി 8500 കോടി രൂപയാണ് മ്യൂച്വല്‍ഫണ്ട് ഇന്‍ഡസ്ട്രി നേടിയത്. കൊറോണ വയറസ് ബാധയെ തുടര്‍ന്ന് വിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ദൃശ്യമായ അവസരമായിട്ടുകൂടി മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 5.2 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 11 മാസത്തില്‍ എസ്‌ഐപി കോണ്‍ട്രിബ്യൂഷന്‍ 91,443 കോടി രൂപയായി. 2018-19 ഏപ്രില്‍-ഫെബ്രുവരി കാലയളവിലിത് 84,638 കോടി രൂപയായിരുന്നു. റീറ്റെയ്ല്‍ നിക്ഷേപകരില്‍ നല്ലൊരു ഭാഗവും മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ എസ്‌ഐപിവഴി തെരഞ്ഞെടുക്കുന്നതാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി) ചൂണ്ടിക്കാട്ടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News