സാമ്പത്തികം പ്രശ്‌നമാകുമ്പോള്‍ ശ്രദ്ധിക്കാം ഈ നാലു കാര്യങ്ങള്‍

Update: 2020-04-24 10:38 GMT

കൊവിഡ് 19 നമ്മുടെ ആരോഗ്യത്തെ കുറിച്ച് മാത്രമല്ല ആശങ്കയുണര്‍ത്തുന്നത്, മറിച്ച് സാമ്പത്തിക ആരോഗ്യത്തെ കുറിച്ചുമാണ്. നല്ലൊരു രോഗം വന്നാല്‍ അത് ശരീരത്തെ മാത്രമല്ല, നിങ്ങളുടെ സമ്പാദ്യത്തെയും ബാധിക്കും. ഇന്നത്തെ അനിശ്ചിതാവസ്ഥയില്‍ സാമ്പത്തികമായി എന്തൊക്കെ മുന്‍കരുതലുകളാണ് നമ്മള്‍ എടുക്കുക?

1. ആരോഗ്യ ഇന്‍ഷുറന്‍സ്

പലപ്പോഴും ആളുകള്‍ കരുതുന്നത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നത് അനാവശ്യ ചെലവാണെന്നാണ്. അതു ശരിയല്ല, ആവശ്യത്തിനുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ ചികിത്സാ ചെലവിനത്തില്‍ നല്ലൊരു തുക ലാഭിക്കാനാകും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ വലിയ സാമ്പത്തിക ഭാരമാകും ഉണ്ടാകുക.

2. സാമ്പത്തിക ആസൂത്രണം പുനഃക്രമീകരിക്കാം

സാമ്പത്തികാസൂത്രണത്തില്‍ പ്രധാനമായും ഇടംപിടിക്കേണ്ടത്, ലൈഫ് ഇന്‍ഷുറന്‍സ് കവറേജ്, മികച്ച രീതിയിലുള്ള എമര്‍ജന്‍സി ഫണ്ട്, എത്രമാത്രം റിസ്‌ക് എടുക്കാനാവും എന്നതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന നിക്ഷേപ പോര്‍ട്ട്‌ഫോളിയോ, കമ്പനി നല്‍കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവയൊക്കെയാണ്.

ജോലി നഷ്ടം പോലുള്ള സാധ്യതകളുള്ളതിനാല്‍ ഇപ്പോള്‍, ദീര്‍ഘകാല നിക്ഷേപ പദ്ധതികളായ ഓഹരി വിപണി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയില്‍ നിന്ന് പിന്മാറി പെട്ടെന്ന് പണമാക്കി മാറ്റാവുന്ന സ്ഥിര നിക്ഷേപം പോലുള്ളവയിലേക്ക് മാറുക. റിയല്‍ എസ്‌റ്റേറ്റിലുള്ള നിക്ഷേപം പണമാക്കി മാറ്റാന്‍ ഏറെ സമയം പിടിക്കുമെന്നതിനാല്‍ ഇത്തരം അടിയന്തിരാവശ്യങ്ങള്‍ക്ക് അനുയോജ്യമല്ല. ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപമാകട്ടെ ഏതു സമയത്തും വിറ്റ് പണമാക്കി മാറ്റാനാകും എന്നും ഓര്‍ക്കുക.

3. എവിടെ നിന്നൊക്കെ പണം കണ്ടെത്താനാകും എന്നറിയുക

ആരോഗ്യ പ്രശ്‌നം മൂലമോ കമ്പനിയുടെ പ്രശ്‌നം മൂലമോ ദീര്‍ഘനാള്‍ അവധിയെടുക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ എന്തായാലും മോശമായി ബാധിക്കും. അത്യാവശ്യമെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് സറണ്ടര്‍ ചെയ്ത് പണം കണ്ടെത്താന്‍ കഴിയുമെന്നത് ഒരു സാധ്യതയാണ്. നിങ്ങളുടെ ഭവന വായ്പ ഏറെക്കുറെ അടച്ചു തീരാറായെങ്കില്‍ അതേ വസ്തു ഉപയോഗിച്ച് വായ്പ ടോപ് അപ്പ് ചെയ്യാനുള്ള അവസരം പല ബാങ്കുകളും നല്‍കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും അത്യാവശ്യ ഫണ്ട് കണ്ടെത്താനാകും. എന്നാല്‍ തിരിച്ചടവ് ശേഷി ഉപയോഗിച്ച് ഹ്രസ്വകാലത്തേക്ക് മാത്രമായി ഇത് ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണം.

4. ദുരിത സമയത്ത് ആരെ ബന്ധപ്പെടണം?

ജോലിയില്‍ നിങ്ങളുടെ റിപ്പോര്‍ട്ടിംഗ് മാനേജര്‍, എച്ച് ആര്‍ വിഭാഗം എന്നിവരെ ബന്ധപ്പെടാനുള്ള നമ്പര്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തില്‍ സൂക്ഷിക്കണം. നിങ്ങളല്ലെങ്കില്‍ നിങ്ങളുടെ ജീവിത പങ്കാളിക്ക് ഇത് ലഭ്യമാകണം. ഇന്‍ഷുറന്‍സ് കാര്‍ഡ് കൈയില്‍ തന്നെ കരുതുക. പല ഇന്‍ഷുറന്‍സ് കമ്പനികളും സ്മാര്‍ട്ട് ഫോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ആവശ്യമായ വിവരങ്ങളും രേഖകളും ഫോണിലെ ഡിജിറ്റല്‍ വാലറ്റില്‍ സൂക്ഷിക്കുന്നതും ഗുണം ചെയ്യും.

ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുന്നതിലൂടെ, ഭാവിയില്‍ ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന വലിയ പാഠമാണ് ഓരോരുത്തരും പഠിക്കുക. ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒരു പോലെ വലയ്ക്കുന്ന സമയമാണിത് എന്നതു തന്നെ കാരണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News