കോറോണ പ്രതിസന്ധി; കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

Update:2020-03-21 14:30 IST

കൊറോണ എന്ന മഹാവ്യാധി ലോകമെമ്പാടുമുള്ള വിവിധ മേഖലകളില്‍ വരുത്തിയ പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വീണ്ടും കൊറോണ മൂലം കൂടുതല്‍ സാമ്പത്തിക പ്രശ്‌നങ്ങളിലായിരിക്കുകയാണ്. വിപണികള്‍ കൂപ്പുകുത്തുന്നു. വരുമാനം നഷ്ടപ്പെട്ടവരും ജോലി നഷ്ടമായേക്കാവുന്നവരും അനേകം. വിപണിയിലെ ഈ പ്രതിസന്ധി നമ്മുടെ കുടുംബ ബജറ്റിനെയും ബാധിച്ചേക്കാം. പണം സമര്‍ത്ഥമായി കൈകാര്യം ചെയ്തില്ലെങ്കില്‍ വരാനിരിക്കുന്നത് നിങ്ങള്‍ക്കും സാമ്പത്തിക ബാധ്യതയുടെ നാളുകളായിരിക്കാം. ഇതാ അതൊഴിവാക്കാന്‍ ഇപ്പോള്‍ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

1. എമര്‍ജന്‍സി ഫണ്ട് വര്‍ധിപ്പിക്കുക

കൊറോണ വൈറസ് പ്രതിസന്ധി ഇതിനകം തന്നെ ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പുറത്തു പോകുന്ന ചെലവുകള്‍, വിവാഹവും പാര്‍ട്ടികളും ഉല്ലാസയാത്രകളും പോലെ മാറ്റി വെയ്ക്കാവുന്ന അധിക ചെലവുകള്‍ എല്ലാം കുറഞ്ഞ സാഹചര്യത്തില്‍ നിങ്ങളുടെ എമര്‍ജന്‍സി ഫണ്ടിലേക്ക് ഈ പണം ഉടന്‍ നീക്കണം. ഈ ഫണ്ടിന് നിങ്ങളുടെ 6 മാസത്തേക്കുള്ള ചിലവുകളുടെ അത്രയെങ്കിലും ഉണ്ടാവണം. കോവിഡ് മൂലം സമീപഭാവിയില്‍ എന്തെങ്കിലും വരുമാന നഷ്ടമുണ്ടായാല്‍ നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് നിങ്ങളെ സഹായിക്കും. അവശ്യ സാധനങ്ങളുടെ വില ഉയരാനും കുട്ടികള്‍ വീട്ടിലിരിക്കുന്നതിനാല്‍ അധികം പണം വേണ്ടി വരാനും സാധ്യത മുന്നില്‍ കാണണം. എമര്‍ജന്‍സി ഫണ്ട് ഇത്തരം തലവേദനകളില്‍ നിന്നും നിങ്ങളെ രക്ഷിക്കും.

2. ബില്ലുകള്‍, ഇഎംഐ, ക്രെഡിറ്റ് കാര്‍ഡ് ബില്‍ എന്നിവ ഡിജിറ്റലായി തിരിച്ചടയ്ക്കുക

കോവിഡ് പ്രതിസന്ധിയില്‍ വീട്ടിലിരിക്കുകയാണെങ്കിലും നിങ്ങളുടെ സാമ്പത്തിക ബാധ്യതയ്ക്ക് ഇതൊന്നും ഇളവ് നേടിത്തരില്ല. ഭവനവായ്പയോ വ്യക്തിഗത വായ്പയോ കാര്‍ വായ്പയോ ഒക്കെ എടുത്തവരാകും പലരും. അതിന്റെ ഇഎംഐ നിങ്ങള്‍ എത്രയും പെട്ടെന്ന് അത് ഒരു ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റാന്‍ ശ്രമിക്കുക. കൊറോണ പശ്ചാത്തലത്തില്‍ നിങ്ങളുടെ ബാങ്ക് അവരുടെ ശാഖ അടയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇഎംഐകള്‍ അടയ്ക്കാന്‍ കഴിഞ്ഞെന്നുവരില്ല. മാത്രമല്ല ബാങ്കിടപാടുകള്‍ വരും മാസങ്ങളിലും ഡിജിറ്റലായി തന്നെ നടത്താനാകും ബാങ്കും താല്‍പര്യം പ്രകടിപ്പിക്കുക. തിരിച്ചടവ് കാലതാമസം ഒഴിവാക്കാന്‍ നിങ്ങളുടെ സേവിംഗ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടില്‍ നിന്നോ ഇഎംഐകള്‍ ഓട്ടോമാറ്റിക്ക് ആയി ഡെബിറ്റ് ചെയ്യാന്‍ സജ്ജീകരിക്കുന്നതാണ് ഏറ്റവും നല്ല ഓപ്ഷന്‍.

3. ദീര്‍ഘകാല നിക്ഷേപം കാലാവധി കഴിയാതെ പിന്‍വലിക്കരുത്

കൊറോണ വൈറസ് പ്രതിസന്ധിയില്‍ മാര്‍ക്കറ്റുകള്‍ അസ്ഥിരമായ അവസ്ഥയിലാണുള്ളത്. ഇത് നിക്ഷേപകര്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നുണ്ടെങ്കിലും പെട്ടെന്നുള്ള നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നത് നല്ലതല്ല. ഇപ്പോഴത്തെ വിപണി ചാഞ്ചാട്ടം കണക്കിലെടുത്ത് നിങ്ങളുടെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ പിന്‍വലിക്കരുത്. അത് വലിയ നഷ്ടങ്ങളുണ്ടാക്കും. നിലവിലെ നിങ്ങളുടെ എസ്‌ഐപികളുടെ കാലാവധി പൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കുക. കാര്യങ്ങള്‍ മാറി മറിയും. ശുഭാപ്തി വിശ്വാസത്തോടെ ഇരിക്കുക. വിപണി പൂര്‍വ്വസ്ഥിതിയിലാവുമ്പോള്‍ നിങ്ങള്‍ക്ക് ഇത് മികച്ച വരുമാനം നേടാം.

4. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അവലോകനം

മഹാവ്യാധിയായ കോവിഡ് 19നെ പകര്‍ച്ച വ്യാധി, സാംക്രമിക രോഗം എന്ന നിലയിലാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുള്ളത്. നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനി നിങ്ങള്‍ എഠുത്തിരിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ചിലപ്പോള്‍ ക്ലെയിം നല്‍കാനുള്ള സാധ്യത കുറവാണ്. കാരണം ചില പോളിസികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ ഉള്‍ക്കൊള്ളാതിരിക്കാനുള്ള വ്യവസ്ഥകളുണ്ട്. അതിനാല്‍ കോവിഡ്-19 നിങ്ങളുടെ പോളിസിയില്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന് നിങ്ങളുടെ ഇന്‍ഷുറന്‍സ് ഓഫീസുമായി ചോദിച്ച് മനസ്സിലാക്കുക. കൂടാതെ പോളിസി രേഖകള്‍ വായിക്കുകയും ഇതിനെക്കുറിച്ചറിയാന്‍ നിങ്ങളുടെ ആരോഗ്യ ഇന്‍ഷുററുമായി ഉടനെ ബന്ധപ്പെടുകയും വേണം. നിങ്ങളുടെ ഇ്ന്‍ഷുറന്‍സില്‍ ഇതില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി പോലുള്ള മാര്‍ഗങ്ങള്‍ നോക്കാം.

Read More: Listen Podcast : Money Tok: ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയിലൂടെ കൂടുതല്‍ കവറേജും ക്ലെയിം തുകയും

Read More: കൊറോണയ്‌ക്കെതിരെയും ഇന്‍ഷുറന്‍സ് പോളിസി

5. ഡിജിറ്റല്‍ ഇടപാടുകള്‍ കുറിച്ചു വെയ്ക്കുക

ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുകയും നേരിട്ടുള്ള പണമിടപാടുകള്‍ കുറയുകയും ചെയ്തതിനാല്‍ ഏതൊക്കെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തിയെന്നത് മറന്നു പോകാനിടയുണ്ട്. അതിനാല്‍ തന്നെ ഡിജിറ്റല്‍ ഇടപാടുകള്‍ ആര്‍ക്ക്, എന്തിന്, എത്ര എന്ന് എഴുതി സൂക്ഷിക്കേണ്ടതാണ്. പിന്നീട് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കാനും ശ്രദ്ധിക്കണം. ഡിജിറ്റല്‍ ഇടപാടുകള്‍ അധികമായി ചെയ്യുമ്പോള്‍ പാസ്വേഡുകളും രഹസ്യ കോഡുകളും ചോര്‍ന്നു പോകാനിടയുണ്ട്. അതിനാല്‍ അവ ഒഴിവാക്കാനായി ഇടപാടുകള്‍ സസൂക്ഷ്മം ചെയ്യാന്‍ ബാങ്കിന്റെ ഡിജിറ്റല്‍ ഇടപാട് വിഭാഗവുമായി ആശയവിനിമയം നടത്തണം. ബാങ്കിന്റെ നേരിട്ടുള്ള ആഫ്പുകള്‍, വെബ്‌സൈറ്റുകള്‍ മാത്രം കൂടുതലായും ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News