വിദ്യാഭ്യാസ വായ്പ എടുക്കും മുമ്പ് അറിയാം, ഈ ആറു കാര്യങ്ങള്‍
വിദ്യാഭ്യാസ ചെലവ് ഉയര്‍ന്നു കൊണ്ടിരിക്കുകയും കോവിഡ് പ്രതിസന്ധി നമ്മുടെ വരുമാനത്തെ ബാധിക്കുകയും ചെയ്യുമ്പോള്‍ വിദ്യാഭ്യാസ വായ്പ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു;
വിദ്യാഭ്യാസ ചെലവുകള്‍ വര്‍ധിച്ചു വരുന്ന കാലമാണ്. അതിനിടയിലാണ് കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കുടുംബ ബജറ്റിനെയാകെ തകിടം മറിച്ച് എത്തിയത്. വിദ്യാഭ്യാസം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് കൈയിലുള്ള പണം കൊണ്ട് ചേരാവുന്ന ഏതെങ്കിലും കോഴ്‌സ് എന്നതു മാത്രമായിരിക്കും സാധാരണക്കാരന്റെ പരിഗണന. എന്നാല്‍ വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്ത് ഭാവി നശിപ്പിക്കരുതെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. വിദ്യാഭ്യാസ വായ്പയെടുത്തായാലും മികച്ച സ്ഥാപനത്തില്‍ മികച്ച കോഴ്‌സ് തെരഞ്ഞെടുക്കുന്നത് നാടിന്റെയും വീടിന്റെയും നന്മയ്്ക്ക് ഉതകുമെന്നാണ് അവരുടെ പക്ഷം.
ഇന്ന് ഏത് കോഴ്‌സിനു വേണ്ടിയും വായ്പ നല്‍കാന്‍ പൊതു-സ്വകാര്യ ബാങ്കുകള്‍ തയാറാണ്. ട്യൂഷന്‍ ഫീ, ഹോസ്റ്റല്‍ താമസം, പുസ്തകങ്ങള്‍ തുടങ്ങി കംപ്യൂട്ടര്‍ വാങ്ങാന്‍ വരെ വായ്പ നല്‍കുന്ന ബാങ്കുകളുണ്ട്. എന്നാല്‍ വായ്പ എടുക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ.
യോഗ്യത: വായ്പ ലഭിക്കാനുള്ള യോഗ്യത കണക്കാക്കുന്നതിന് ഓരോ ബാങ്കിനും അവരുടേതായ രീതികളുണ്ട്. വായ്പയ്ക്ക് അപേക്ഷിക്കും മുമ്പ് തന്നെ അതാത് ബാങ്കിന്റെ യോഗ്യതാ മാനദണ്ഡങ്ങളും മറ്റു വ്യവസ്ഥകളും പൂര്‍ണമായി വായിച്ച് മനസ്സിലാക്കുക. നിങ്ങള്‍ ഇന്ത്യന്‍ പൗരന്‍/പൗര ആയിരിക്കണമെന്നും വിദ്യാഭ്യാസം നേടുന്നത് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ആയിരിക്കണമെന്നുമാണ് പ്രധാനം. വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ പൊതുവേ വരുമാനക്കാര്‍ അല്ലാത്തതു കൊണ്ട് കുടുംബത്തിലെ വരുമാനമുള്ള ആള്‍ കോ അപ്ലിക്കന്റ് ആയിരിക്കണം. നാലു ലക്ഷം രൂപ വരെ ഈടില്ലാതെ തന്നെ ലഭിക്കും. കൂടുതല്‍ വായ്പ വേണമെങ്കില്‍ കോ അപ്ലിക്കന്റിന്റെ വരുമാനം മതിയാകാതെ വരുന്ന അവസരത്തില്‍ ബാങ്കുകള്‍ ഈട് ചോദിക്കാം.
പലിശയും തിരിച്ചടവ് കാലാവധിയും: ലഭ്യമായ വായ്പാ സാധ്യതകളെല്ലാം താരതമ്യം ചെയ്തു നോക്കുക. നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന കോഴ്‌സിനുള്ള വായ്പയുടെ പലിശ നിരക്കും തിരിച്ചടവ് കാലാവധിയുമെല്ലാം അറിഞ്ഞിരിക്കണം. നാലു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് സാധാരണ മൂന്നു വര്‍ഷ കാലയളവാണ് നിശ്ചയിച്ചിരിക്കുന്നത്. 7-15 ശതമാനം പലിശ നിരക്കും. കൂടുതല്‍ ഉയര്‍ന്ന തുകയക്ക് കൂടുതല്‍ തിരിച്ചടവ് കാലാവധി ലഭിച്ചേക്കാം.
നിലവിലുള്ള വായ്പ: വായ്പ അപേക്ഷകന്റേയോ സഹ അപേക്ഷകന്റേയോ പേരില്‍ തിരിച്ചടവ് ബാക്കിയുള്ള മറ്റു വായ്പകളുണ്ടോ എന്ന് ബാങ്കുകള്‍ അന്വേഷിക്കും. മാത്രമല്ല, നിലവില്‍ വായ്പ അടച്ചു കൊണ്ടിരിക്കുന്ന രക്ഷിതാക്കളുടെ തലയില്‍ പുതിയൊരു വായ്പാ ഭാരം കൂടി അടിച്ചേല്‍പ്പിക്കുന്നതും ശരിയല്ല. അതുകൊണ്ട് ഉന്നത പഠനത്തോടൊപ്പം എന്തെങ്കിലും ജോലി കൂടി നോക്കുന്നത് നല്ലതാകും. വായ്പ കൃത്യമായി തിരിച്ചടയ്ക്കാനും ഈ ജോലി സഹായിക്കും.
ഇഎംഐ: കൂടിയ കാലയളവിലേക്കുള്ള വായ്പാ പദ്ധതി തെരഞ്ഞെടുക്കുന്നത് ഇഎംഐ ഭാരം കുറയ്ക്കാന്‍ സഹായിക്കും. ജോലി ലഭിച്ച് തുടക്കത്തില്‍ വലിയ ശമ്പളം ലഭിക്കണമെന്നില്ല. 10-12 വര്‍ഷ കാലാവധിയുള്ള വായ്പ ലഭിക്കുകയാണെങ്കില്‍ ഇഎംഐ കുറഞ്ഞിരിക്കുമല്ലോ.
പ്രത്യേക പദ്ധതികള്‍: പല ബാങ്കുകളും, പ്രത്യേകിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളവ പെണ്‍കുട്ടികള്‍ക്കായും മറ്റും പ്രത്യേക വായ്പാ പദ്ധതികള്‍ അവതരിപ്പിക്കാറുണ്ട്. കുറഞ്ഞ പലിശ നിരക്കും സബ്‌സിഡിയുമൊക്കെയാണ് ഇവയുടെ ആകര്‍ഷണം. ബാങ്കുകളില്‍ ഇത്തരം വായ്പകളെ കുറിച്ച് അന്വേഷിച്ചറിഞ്ഞ് വായ്പയെടുക്കുന്നത് തിരിച്ചടവ് ഭാരം കുറയ്ക്കും.
നികുതി ലാഭിക്കാന്‍: ഒരു സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസ വായ്പാ പലിശ തിരിച്ചടവിന്മേല്‍ സെക്ഷന്‍ 80ഇ പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും. അതേസമയം വായ്പാ തുക തിരിച്ചടവിന് ഈ ആനുകൂല്യം ലഭിക്കില്ല.