സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എടുത്തുചാടി സ്വര്‍ണത്തില്‍ നിക്ഷേപിക്കരുത്, നിക്ഷേപമാര്‍ഗമായി സ്വര്‍ണം തെരഞ്ഞെടുക്കുന്നവര്‍ സുരക്ഷ ഉറപ്പാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഇക്കഴിഞ്ഞ അക്ഷയത്രിതീയ ദിനത്തില്‍ 2000 കോടി മുതല്‍ 2250 കോടി രൂപവരെ സ്വര്‍ണവില്‍പ്പന നടന്നെന്നായിരുന്നു ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
കോവിഡ് വ്യാപനത്തിനു ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില്‍പ്പനയും ഇതായിരുന്നു. സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ ആഭരണങ്ങളായി നിക്ഷേപിക്കുന്ന പ്രവണത കൂടുതലാണ് എന്നതുമാണ് ഈ വാര്‍ത്ത ചൂണ്ടിക്കാട്ടുന്നത്.
ആദ്യകാലങ്ങളില്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാനുള്ള ഏക മാര്‍ഗം ആഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍, അല്ലെങ്കില്‍ സ്വര്‍ണ ബാറുകള്‍/ കട്ടകള്‍ എന്നിവ വാങ്ങി സൂക്ഷിക്കല്‍ എന്നതൊക്കെയായിരുന്നു. സ്വര്‍ണം ഇപ്പോഴും പ്രധാന ആസ്തികളില്‍ ഒന്നായതിനാല്‍ സ്വര്‍ണം നിക്ഷേപ മാര്‍ഗമായി തെരഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍
മിക്കവരും സ്വര്‍ണം എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ എന്നാണു കരുതുക. യഥാര്‍ഥത്തില്‍ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണാഭരണങ്ങളില്‍ പണം മുടക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ല.
ജൂവല്‍റികളില്‍നിന്ന് നാണയങ്ങളായും ആഭരണങ്ങളായും സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലി, പണിക്കുറവ് എന്നിങ്ങനെ അധികതുക നല്‍കേണ്ടിവരും. അവ വില്‍ക്കുമ്പോഴും പലവിധ കിഴിവുകള്‍ ബാധകമാകും. ആഭരണങ്ങള്‍ വാങ്ങാന്‍ എളുപ്പമാണെങ്കിലും ഇത്തരത്തിലുള്ള ഉയര്‍ന്ന ഇടപാടു ചെലവുകള്‍ മൂലധന വളര്‍ച്ചയെ ബാധിക്കുമെന്നത് നിക്ഷേപകര്‍ മറന്നുപോകുന്നകാര്യമാണ്.
സാധാരണ 22 കാരറ്റ് സ്വര്‍ണത്തിലാണ് ആഭരണങ്ങള്‍ നിര്‍മിക്കുക. സ്വര്‍ണ നിക്ഷേപങ്ങളായും മറ്റും ബാങ്കുകളില്‍ നല്‍കുമ്പോള്‍ ആഭരണങ്ങള്‍ ഉരുക്കി ശുദ്ധമായ സ്വര്‍ണത്തിന്റെ തൂക്കം എടുക്കുമ്പോള്‍ വീണ്ടും കുറവു വരുന്നത്. ഇതിനാലാണ് ആഭരണങ്ങള്‍ എളുപ്പത്തില്‍ വിറ്റ് പണമാക്കി മാറ്റുന്നതും വിഷമമാണ്. എന്നാല്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന മെച്ചം പ്രയോജനപ്പെടുത്തുന്നതിന് ആഭരണങ്ങള്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ തേടാവുന്നതാണ്.
ആഭരണങ്ങള്‍ അല്ലാതെ സ്വര്‍ണം വാങ്ങാവുന്ന മാര്‍ഗങ്ങള്‍
സ്വര്‍ണബാറുകള്‍, സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകള്‍ (ഇ ടി എഫ്), സ്വര്‍ണ ധനസമ്പാദന പദ്ധതി, സോവറിന്‍ സ്വര്‍ണ ബോണ്ടുകള്‍, സ്വര്‍ണ ഫണ്ടുകള്‍, ഡിജിറ്റല്‍ സ്വര്‍ണം എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയില്‍, സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനുള്ള മറ്റു മാര്‍ഗങ്ങള്‍.
സ്വര്‍ണ ബിസ്‌കറ്റ് എന്ന് മലയാളി ഓമനപ്പേരിട്ട് വിളിക്കുന്ന, ചതുരാകൃതിയിലുള്ള സ്വര്‍ണക്കട്ടികളാണ് സ്വര്‍ണബാറുകള്‍. സാധാരണയായി ഒരു നിക്ഷേപമെന്ന നിലയില്‍ അക്ഷയ ത്രിതീയ പോലെ ചില ഉത്സവസീസണുകളോട് അനുബന്ധിച്ചാണ് സ്വര്‍ണബാറുകള്‍ പലരും വാങ്ങുന്നത്.
പൊതുവെ ആഭരണങ്ങളെ അപേക്ഷിച്ച് സ്വര്‍ണബാറിന്റെ മേക്കിംഗ് ചാര്‍ജ് കുറവാണ്. കൂടാതെ വില്‍പ്പനക്കാരന്റെ ലാഭവിഹിതം കുറവായതിനാല്‍, നിക്ഷേപകന് ഇതൊരു ലാഭകരമായ മാര്‍ഗമാണ്. അത് പോലെ തന്നെ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ബിഐ പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടുകള്‍, ഡിജിറ്റലായി വാങ്ങാവുന്ന സ്വര്‍ണം എന്നിവയും സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.
സ്വർണ നിക്ഷേപത്തിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സ്വര്‍ണനാണയം പൊതുവെ 916.6 (22 കാരറ്റ്) ആണ്. ഇത് ജ്വല്ലറിയില്‍ നിന്നു നാണയം വാങ്ങുമ്പോള്‍ ഉറപ്പുവരുത്തുക. അര ഗ്രാം മുതല്‍ 100 ഗ്രാം വരെയുള്ള നാണയങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണെങ്കിലും ഏറ്റവും പ്രചാരമുള്ള ഭാരം 10 ഗ്രാം, 8 ഗ്രാം, 4 ഗ്രാം എന്നിവയാണ്.
2.സ്വര്‍ണബാറുകള്‍ അര ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെയുള്ള അളവുകളില്‍ ലഭ്യമാകും. അഞ്ച്, എട്ട്, പത്ത് ഗ്രാം ബാറുകളാണ് സാധാരണ എല്ലാവരും വാങ്ങുന്നത്.നാണയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണബാറുകളുടെ മൂല്യം കൂടുതലായതിനാല്‍ വീടുകളില്‍ സൂക്ഷിക്കുന്നത് ബുദ്ധിയല്ല. ബാങ്ക് ലോക്കറുകള്‍ പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സുരക്ഷിത രീതിയില്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.
3. നിങ്ങളുടെ ബജറ്റ്, നിക്ഷേപം, എളുപ്പം വില്‍ക്കാനുള്ള സാധ്യത, വാങ്ങി സൂക്ഷിക്കുന്നതിന്റെ ആവശ്യകത എന്നിവ പരിഗണിച്ചു വേണം സ്വര്‍ണബാറുകളില്‍ നിക്ഷേപിക്കാന്‍. ഉയര്‍ന്ന ഭാരമുള്ള ബാറുകള്‍ കൂടുതല്‍ ലാഭം തരുമ്പോള്‍, കുറഞ്ഞ ഭാരമുള്ളവയായിരിക്കും വില്‍ക്കാന്‍ എളുപ്പം. ജൂവല്‍റികള്‍ പൊതുവെ കുറഞ്ഞ ഭാരമുള്ള ബാറുകളാണ് എളുപ്പത്തില്‍ സ്വീകരിക്കുക.
4. സ്വര്‍ണബാറിന്റെ പരിശുദ്ധി നിക്ഷേപത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഹാള്‍മാര്‍ക്ക് ചെയ്ത ബാറുകള്‍ വാങ്ങുന്നുവെന്ന് ഉറപ്പാക്കുക.
5. സ്വര്‍ണനാണയം വാങ്ങുമ്പോള്‍ അത് ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഹാള്‍മാര്‍ക്കിംഗ് സ്വര്‍ണനാണയത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നു. ഇത് ഉറപ്പാക്കി വാങ്ങിയില്ലെങ്കില്‍ വില്‍ക്കുമ്പോള്‍ തലവേദനയാകും.
6. സ്വര്‍ണ ഇടിഎഫുകള്‍ വാങ്ങുമ്പോള്‍ എക്സ്ചേഞ്ചുകൾ അത് പോലെ തന്നെ വിശ്വാസ്യതയുള്ള ബാങ്കുകളും തെരഞ്ഞെടുക്കേണ്ടതാണ്.
7. ഗോള്‍ഡ് ബോണ്ടുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയാല്‍ 50 രൂപ കിഴിവുണ്ട്. അത്‌പോലെ ബാങ്കുമായി ബന്ധപ്പെട്ടാല്‍ അക്കൗണ്ട് വഴി വാങ്ങാനുള്ള സൗകര്യവുമൊരുങ്ങും.
8. ഗോള്‍ഡ് ബോണ്ടുകള്‍ മെച്യുരിറ്റി എത്തും മുമ്പ് പണയ വസ്തുവായി ഉപയോഗിക്കാവുന്ന മാര്‍ഗങ്ങളും മനസ്സിലാക്കി വയ്ക്കുക. ഇത് അത്യാവശ്യ ഘട്ടങ്ങളില്‍ സഹായകമാകും.