വാര്‍ദ്ധക്യത്തിലേക്കുള്ള നിക്ഷേപത്തില്‍ കാണിക്കല്ലേ ഈ 3 അബദ്ധങ്ങള്‍

Update: 2020-01-13 12:14 GMT

നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ തുക വാര്‍ദ്ധക്യകാലത്തേക്കായി എവിടെയെങ്കിലും നിക്ഷേപിക്കുമ്പോള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് പറയുന്നതിന് ഒരു കാരണമുണ്ട്. തെറ്റുപറ്റിയാല്‍ തിരുത്താന്‍ നമുക്ക് മറ്റൊരു അവസരമില്ല എന്നതുതന്നെ. സ്വന്തം അബദ്ധം തിരിച്ചറിയുമ്പോള്‍ അദ്ധ്വാനിക്കാനും വരുമാനം നേടാനുമുള്ള പ്രായം കഴിഞ്ഞുപോയിട്ടുണ്ടാകും. റിട്ടയര്‍മെന്റ് സേവിംഗില്‍ ഏറെപ്പേര്‍ക്കും പറ്റുന്ന മൂന്ന് അബദ്ധങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്:

1. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ അധികം റിസ്‌കുണ്ടാകരുത്

റിട്ടയര്‍മെന്റ്

ജീവിതം ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപപദ്ധതികള്‍ തെരഞ്ഞെടുക്കുമ്പോള്‍

ഓഹരിവിപണി പോലുള്ള അപകടസാധ്യത കൂടുതലുള്ള നിക്ഷേപമാര്‍ഗങ്ങള്‍

ഒഴിവാക്കുന്നതായിരിക്കും നല്ലത്. വരുമാനമുള്ളവര്‍ക്കും പ്രായം

കുറഞ്ഞവര്‍ക്കും വിപണി ഉയരുന്നതുവരെ കാത്തിരിക്കാം. എന്നാല്‍

വാര്‍ദ്ധക്യത്തിലെ ആവശ്യങ്ങള്‍ക്കായി വിപണി മെച്ചപ്പെടുന്നതുവരെ

കാത്തിരിക്കാന്‍ സാധിക്കണമെന്നില്ല. ആയുസ് മുഴുവന്‍ ചോര നീരാക്കി

ഉണ്ടാക്കിയ പണം മുഴുവന്‍ ഓഹരിവിപണിയിലിട്ട് അതെല്ലാം ഒരു ദിവസം ഒലിച്ചുപോയ

അവസ്ഥ നിരവധിപ്പേര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഓഹരിവിപണിയില്‍

താല്‍പ്പര്യമുള്ളവര്‍ക്ക് മൊത്തം നിക്ഷേപത്തിന്റെ ചെറിയൊരു ശതമാനം മാത്രം

അതിലിടാം.

2. റിട്ടയര്‍മെന്റ് സേവിംഗ്‌സ് വൈകരുത്

യുവത്വത്തിന്റെ

ആവശ്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇടയില്‍ ജീവിതസായാഹ്നത്തിലേക്ക്

സൂക്ഷിക്കുന്നതിന് പലരും മറക്കുന്നു. 40കളിലെത്തുമ്പോഴായിരിക്കും

റിട്ടയര്‍മെന്റ് സേവിംഗ്‌സിനെക്കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍

വൈകുന്തോറും സേവിംഗ്‌സ് കുറയുന്നു. ജീവിതച്ചെലവുകളും ആരോഗ്യപരിചരണമേഖലയിലെ

ചെലവുകളും കൂടിവരുന്ന സാഹചര്യത്തില്‍ ആ തുക നിങ്ങളുടെ ആവശ്യങ്ങള്‍ക്ക്

തികയണമെന്നില്ല. അതുകൊണ്ടുതന്നെ വാര്‍ദ്ധക്യകാലത്തേക്കുള്ള നിക്ഷേപങ്ങള്‍

എത്രയും നേരത്തെ തുടങ്ങുന്നുവോ അത്രയും നല്ലത്.

3. റിട്ടയര്‍മെന്റ് എന്നാല്‍ ജോലി ചെയ്യരുത് എന്നല്ല

റിട്ടയര്‍മെന്റ് എന്നാല്‍ പിന്നെ ജോലിയൊന്നും ചെയ്യേണ്ടതില്ല, ഇതുവരെ സ്വരൂപിച്ചുവെച്ച തുക കൊണ്ട് ജീവിക്കാം എന്ന് കരുതരുത്. ചെറിയ വരുമാനമെങ്കില്‍ അത് കിട്ടുന്ന എന്തെങ്കിലും വഴികള്‍ നേരത്തെ കണ്ടുപിടിക്കുന്നത് ശാരീരിക, മാനസിക ആരോഗ്യത്തിന് നല്ലതാണ്. ഒന്നും ചെയ്യാനില്ലാതിരിക്കുന്നവര്‍ അതിവേഗം രോഗികളായി പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഒന്നും ചെയ്യാതിരിക്കുന്നത് വിരമിക്കലിലേക്കും അത് പിന്നീട് മാനസികസമ്മര്‍ദ്ദത്തിലേക്കും എത്തിക്കും. എന്നാല്‍ ചെറിയ വരുമാനം ആണെങ്കില്‍ കൂടി അതുള്ളത് സന്തോഷവും സംതൃപ്തിയും നല്‍കും. എന്നാല്‍ വിദേശരാജ്യങ്ങളിലേതുപോലെ ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കാര്യമായ തൊഴിലവസരങ്ങളില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വയംതൊഴിലുകളെക്കുറിച്ച് ആലോചിക്കാവുന്നതാണ്. എന്നാല്‍ കൈവശമുള്ള പണം നിക്ഷേപിച്ച് ബിസിനസ് ചെയ്യുന്നതില്‍ റിസ്‌കുണ്ടെന്ന് ഓര്‍ക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News