ബുര്‍ജ് ഖലീഫ നിര്‍മാതാക്കളില്‍ കണ്ണുവെച്ച് അദാനി; എമ്മാര്‍ ഗ്രൂപ്പില്‍ പിടിമുറുക്കാന്‍ നീക്കം
റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് അദാനി റിയാല്‍റ്റിയെ മുന്‍നിരയിലെത്തിക്കാന്‍ പദ്ധതി;
ലോകത്തെ ഏറ്റവും ഉയരം കൂടിയ നിര്‍മാണമാണ് ദുബൈയിലെ ബുര്‍ജ് ഖലീഫ. അതിന്റെ നിര്‍മാതാക്കളായ എമ്മാര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഉപകമ്പനിയാണ് എമ്മാര്‍ ഇന്ത്യ. വന്‍കിട വ്യവസായിയായ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് ഈ കമ്പനിയെ ഉന്നമിട്ടുള്ള നീക്കത്തിലാണ്. എമ്മാര്‍ ഇന്ത്യയുടെ 70 ശതമാനം ഓഹരി 5,000 കോടി രൂപ വരെ മുടക്കി വാങ്ങാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു. ഇന്ത്യയിലെ ഡി.എല്‍.എഫ്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് തുടങ്ങിയ പ്രമുഖ കമ്പനികളെ മലര്‍ത്തിയടിച്ച് റിയല്‍ എസ്‌റ്റേറ്റ് രംഗം കൂടി കൈപ്പിടിയില്‍ ഒതുക്കാനുള്ള അദാനി റിയാല്‍റ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം.
എമ്മാര്‍ ഇന്ത്യയുടെ മുന്‍നിര പദ്ധതികളിലാണ് അദാനി റിയാല്‍റ്റിയുടെ കണ്ണ്. ഡല്‍ഹി-എന്‍.സി.ആര്‍, മൊഹാലി, ലഖ്‌നോ, ഇന്‍ഡോര്‍, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ എമ്മാര്‍ ഇന്ത്യക്ക് കൊമേഴ്‌സ്യല്‍ ആസ്തികളുണ്ട്. ഇടപാട് നടന്നാല്‍ ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനം അദാനിയുടെ ഉപകമ്പനിയായി മാറും. 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം എമ്മാര്‍ ഇന്ത്യയുടെ ബിസിനസ് 1,764 കോടി രൂപയുടേതായിരുന്നു. 2023-24ല്‍ ഇത് 2,756 കോടിയായി വളര്‍ന്നു.
ഗുരുഗ്രാമില്‍ ആഡംബര ഫ്‌ളാറ്റുകള്‍, മുംബൈയില്‍ ഹോളിഡെ ഹോം പ്രോജക്ട് എന്നിവ എമ്മാറിനുണ്ട്. 6,000 കോടിയുടെ ബിസിനസാണ് ഇപ്പോള്‍ അദാനി റിയാല്‍റ്റിക്കുള്ളത്. പൂനെ, ഡല്‍ഹി, മുംബൈ തുടങ്ങി നിരവധി നഗരങ്ങളില്‍ നിര്‍മാണങ്ങള്‍ നടത്തി വരുന്നുണ്ട്. മുംബൈ ധാരാവി ചേരി പുനര്‍വികസന പദ്ധതി നിര്‍വഹണം അദാനി ഗ്രൂപ്പിനാണ്. മുംബൈ വിമാനത്താവള വികസനം, നവി മുംബൈ വിമാനത്താവള നിര്‍മാണം തുടങ്ങി നിരവധി പദ്ധതികള്‍ വേറെ.