ആനുകൂല്യങ്ങളുമായി യു.എ.ഇ; ദുബൈയില്‍ വീടുകള്‍ വാങ്ങിക്കൂട്ടി ഇന്ത്യക്കാര്‍
ബ്രിട്ടീഷുകാരെ പിന്തള്ളി; കൂടുതല്‍ ഡിമാന്‍ഡ് വില്ലകള്‍ക്ക്
ആനുകൂല്യങ്ങളേറെ ലഭിക്കുന്നതിന്റെ പിന്‍ബലത്തില്‍ ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തില്‍ ബ്രിട്ടീഷുകാരെ പിന്നിലാക്കി ഒന്നാമതെത്തി ഇന്ത്യക്കാര്‍. ജനുവരി-മാര്‍ച്ച് പാദത്തിലെ രണ്ടാംസ്ഥാനത്ത് നിന്നാണ് ഈ വര്‍ഷം ജൂണ്‍, സെപ്റ്റംബര്‍പാദങ്ങളില്‍ ഇന്ത്യക്കാര്‍ ഒന്നാംസ്ഥാനം പിടിച്ചെടുത്തതെന്ന് ബെറ്റര്‍ഹോംസ് റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി.
ബ്രിട്ടീഷുകാര്‍ രണ്ടാമതും ഈജിപ്റ്റ് മൂന്നാമതും ലെബനന്‍ നാലാമതുമാണ്. 18 മാസത്തിന് ശേഷം ആദ്യമായി റഷ്യക്കാര്‍ ടോപ് 3ല്‍ നിന്ന് പുറത്തായി എന്ന പ്രത്യേകതയുമുണ്ട്. കറന്‍സിയായ റൂബിളിന്റെ മൂല്യത്തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് റഷ്യന്‍ നിക്ഷേപം കൊഴിഞ്ഞത്. അഞ്ചാമതാണ് റഷ്യക്കാര്‍. പാകിസ്ഥാനികള്‍ ആറാമതും യു.എ.ഇ സ്വദേശികള്‍ ഏഴാമതുമാണ്. ജര്‍മ്മനിക്കാരും ഇറ്റലിക്കാരുമാ തൊട്ടടുത്ത സ്ഥാനങ്ങളില്‍. ണ്
പ്രവാസിക്കരുത്ത്
ദുബൈയിലെ പ്രവാസികളില്‍ 27.49 ശതമാനവും ഇന്ത്യക്കാരാണ്. ഗോള്‍ഡന്‍ വീസ അടക്കമുള്ളവ ഉന്നമിട്ടാണ് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പലരും വന്‍ നിക്ഷേപം നടത്തുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിക്ഷേപകര്‍ക്കും കുടുംബത്തിനും 5-വര്‍ഷ സ്ഥിരതാമസ വീസയാണ് ഗോള്‍ഡന്‍ വീസയിലൂടെ ലഭിക്കുന്നത്. ഇത് 10 വര്‍ഷത്തിലേക്ക് ഉയര്‍ത്താനും കഴിയും. 20 ലക്ഷം ദിര്‍ഹത്തിന് മേല്‍ (നാലരക്കോടി രൂപ) നിക്ഷേപം നടത്തുന്നവര്‍ക്കാണ് ഈ നേട്ടങ്ങള്‍ ലഭിക്കുക. നിക്ഷേപകര്‍ക്ക് സാമ്പത്തികാനുകൂല്യങ്ങളും യു.എ.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്.
വില്ലകൾക്ക് പ്രിയം
ജൂണ്‍പാദത്തേക്കാള്‍ 4 ശതമാനം വര്‍ധനയോടെ 28,249 ഇടപാടുകളാണ് സെപ്റ്റംബര്‍പാദത്തില്‍ നടന്നത്. മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 23 ശതമാനവും അധികമാണിത്.
വില്ലകളുടെ ഡിമാന്‍ഡിലെ 34 ശതമാനം വര്‍ധനയാണ് കഴിഞ്ഞപാദത്തില്‍ മികച്ച നേട്ടമായത്. അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പന 4 ശതമാനം ഇടിയുകയാണുണ്ടായത്.