വിദേശികള്‍ക്ക് സൗദിയില്‍ സ്ഥലം വാങ്ങാം, വീട് വെയ്ക്കാം: നിയമം ഉടന്‍
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വീടുവെയ്ക്കാനും, വാണിജ്യ ആവശ്യത്തിനുമെല്ലാം വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ സ്ഥലം വാങ്ങാനാകും
വിദേശികള്‍ക്ക് രാജ്യത്ത് എവിടെയും വസ്തു വാങ്ങാന്‍ അനുമതി നല്‍കുന്നതിനുള്ള പുതിയ നിയമം സൗദി അറേബ്യ ആസൂത്രണം ചെയ്യുന്നതായി സൗദി ഗസറ്റിന്റെ റിപ്പോര്‍ട്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വീടുവെയ്ക്കാനും, വാണിജ്യ ആവശ്യത്തിനുമെല്ലാം വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ സ്ഥലം വാങ്ങാനാകും.
വില്ലയുടെ വില വര്‍ധന നല്ലതല്ല
മക്കയും മദീനയും ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സൗദി ഇതര പൗരന്മാര്‍ക്ക് സ്വത്ത് കൈവശം വയ്ക്കാന്‍ പുതിയ നിയമം അനുവദിക്കുമെന്നും ഈ നിയമത്തിന്റെ അവലോകനം നടക്കുകയാണെന്നും റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി (REGA) സിഇഒ അബ്ദുല്ല അല്‍ഹമ്മദ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ വില്ലയുടെ വില 45 ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ വാങ്ങാന്‍ സാധ്യതയുള്ളവരുടെ ഇടയില്‍ ഡിമാന്‍ഡ് കുറഞ്ഞു. സ്ഥലങ്ങളുടെ വില വര്‍ധനവ് സൗദി അറേബ്യയിലെ വളര്‍ന്നുവരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വര്‍ഷവും ഡിമാന്‍ഡ് കുറഞ്ഞു
കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തെ സ്ഥലങ്ങളുടെ വില വര്‍ധിച്ചു വരുകയാണ്. ഇത് വീടുകളുടെ ഡിമാന്‍ഡ് കുറയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം സൗദിയിലെ വീടുകളുടെ ഡിമാന്‍ഡ് 84 ശതമാനമായിരുന്നു. ഈ വര്‍ഷം ഇത് 40 ശതമാനമായി കുറഞ്ഞു.