തീരത്തെ പ്രശ്‌നങ്ങള്‍ മലയോരത്തേക്കും നീങ്ങും, വയനാട് ദുരന്തം ഈ മേഖലയെയും പ്രതിസന്ധിയിലാക്കും
ആളുകള്‍ സുരക്ഷിതവും പ്രകൃതി ദുരന്ത സാധ്യത കുറവുള്ളതുമായ പ്രദേശങ്ങളിലേക്ക് ചേക്കേറും
വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ അതിഭീകര ഉരുള്‍പൊട്ടല്‍ സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ബലപ്പെടുന്നു. 2018ലെ വെള്ളപ്പൊക്കത്തിന് ശേഷം ആളുകള്‍ക്ക് നദീതീരത്ത് ഭൂമി വാങ്ങാനുണ്ടായ വിമുഖത മലയോര പ്രദേശത്തേക്കും വ്യാപിക്കും. നോട്ടുനിരോധനവും സാമ്പത്തിക മാന്ദ്യവും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല പൂര്‍ണമായും കരകയറിയിട്ടില്ല. ഇതിനിടയിലാണ് അപ്രതീക്ഷിത തിരിച്ചടിയായി പ്രകൃതി ദുരന്തമെത്തിയത്.
നഗരകേന്ദ്രീകൃത റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളുമായി കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല കഴിഞ്ഞ കുറച്ച് നാളുകളായി പ്രതീക്ഷയുടെ ട്രാക്കിലാണ്. വിഴിഞ്ഞം തുറമുഖം പോലുള്ള സാധ്യതകള്‍ തുറന്നത് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ വലിയ പ്രോജക്ടുകള്‍ തുടങ്ങാന്‍ കമ്പനികളെ പ്രേരിപ്പിച്ചു. വിദേശ മലയാളികള്‍, പ്രാദേശിക നിക്ഷേപകര്‍, വളര്‍ന്ന് വരുന്ന മധ്യവര്‍ഗം എന്നിവരെയാണ് ലക്ഷ്യം വച്ചത്. കോവിഡിന് ശേഷം ഗ്രാമീണ മേഖലയില്‍ ബജറ്റ് വീടുകളാണ് ആളുകള്‍ക്ക് വേണ്ടത്.
ചതിക്കുന്ന പ്രകൃതി
പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പേമാരി തുടങ്ങി കേരളത്തിനെ കാത്തിരിക്കുന്ന ദുരന്തങ്ങള്‍ നിരവധിയാണ്. 2018ലെ മഹാപ്രളയത്തിന് ശേഷം ഏതാണ്ടെല്ലാ വര്‍ഷങ്ങളിലും സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി കനത്ത നാശം വിതയ്ക്കാറുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ പല പ്രദേശങ്ങളും പ്രകൃതി ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിലുള്ളവയാണെന്നതും കൂട്ടിവായിക്കേണ്ടതാണ്. ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം ദുരന്തങ്ങള്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലെ ഭൂമി വില ഗണ്യമായി കുറയ്ക്കാന്‍ ഇടയാക്കും.
ഭൂമി വില കുറയും
വിനോദസഞ്ചാര സാധ്യത ഏറെയുള്ള വയനാട് പോലുള്ള സ്ഥലങ്ങളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ പ്രദേശത്തെ ഭൂമിവില ഇടിക്കും. ഇവിടെ നടന്നുകൊണ്ടിരുന്ന റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ വൈകാനും തടസപ്പെടാനും ചെലവ് വര്‍ധിക്കാനും ഇടയുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സ്ഥലങ്ങളില്‍ കെട്ടിട ഇന്‍ഷുറന്‍സ് പോലുള്ളവയുടെ തുക വര്‍ധിക്കാന്‍ ഇടയാക്കുന്നത് വാങ്ങുന്നവര്‍ക്കും ബില്‍ഡര്‍മാര്‍ക്കും അധിക ബാധ്യതയാകും.
വാങ്ങാന്‍ മടിക്കും
ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും മടിക്കുമെന്നാണ് ചൊല്ല്. റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിക്കാവുന്ന അടുത്ത പ്രശ്‌നമാണിത്. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന മേഖലയില്‍ ഭൂമി വാങ്ങി നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ആളുകള്‍ ഇനി രണ്ടാമതൊന്ന് കൂടി ചിന്തിക്കും. നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്താന്‍ വിദേശ മലയാളികളും തയ്യാറാകുന്നില്ല. പുറംനാട്ടില്‍ സ്ഥിരതാമസം കൊതിച്ച് നാടുവിട്ട പുതുതലമുറയ്ക്ക് നേരത്തെ തന്നെ റിയല്‍ എസ്റ്റേറ്റ് പോലുള്ള ഭൗതിക ആസ്തികളില്‍
താത്പര്യമില്ല. എന്നാല്‍ ആളുകള്‍ സുരക്ഷിതവും പ്രകൃതി ദുരന്ത സാധ്യത കുറവുള്ളതുമായ നഗരങ്ങളിലേക്ക് ചേക്കേറാനുള്ള സാധ്യത കൂടുതലാണ്. ഇത് പക്ഷേ മറ്റൊരു അവസരവും തുറന്നിടും.
നിയന്ത്രണങ്ങള്‍ കടുപ്പിക്കുമോ?
വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട മേഖലയെക്കുറിച്ച് ഡോ.മാധവ് ഗാഡ്ഗില്‍ നടത്തിയ പഠനത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പൂര്‍ണമായും നടപ്പിലാക്കുക അസാധ്യമാണെങ്കിലും ഭാഗികമായ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും റിയല്‍ എസ്റ്റേറ്റ് മേഖലയെ സാരമായി ബാധിക്കും. വിനോദസഞ്ചാര മേഖലയിലെ നിര്‍മാണങ്ങള്‍ക്ക് കര്‍ശനമായ വ്യവസ്ഥകള്‍ വന്നാല്‍ ഈ രംഗത്തും ആളുകള്‍ പണം മുടക്കിയേക്കില്ല.
പ്രകൃതി ദുരന്തങ്ങള്‍ നേരത്തെയും ബാധിച്ചു
2018ലെ മഹാപ്രളയത്തെ തുടര്‍ന്ന് വിപണി കരുതലോടെ നീങ്ങിയത് റിയല്‍ എസ്റ്റേറ്റ് മേഖലയെ കാര്യമായി ബാധിച്ചിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിലെ ഭൂമി വില കുറഞ്ഞതിനൊപ്പം കെട്ടിടങ്ങള്‍ക്കും സാരമായ നാശനഷ്ടമുണ്ടായി. അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചില്‍ ഇടുക്കിയില്‍ ഭൂമി വാങ്ങി നിര്‍മാണം നടത്താനും ആളുകളെ പിന്തിരിപ്പിച്ചിരുന്നു. സുരക്ഷിതമായ സ്ഥലങ്ങളിലാണ് ഇപ്പോള്‍ ആളുകളുടെ കണ്ണ്.
മാറ്റം വേണം
കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് കേരളത്തിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലെ നിര്‍മാണമായിരിക്കണം ഈ മേഖലകളില്‍ നടത്തേണ്ടത്. ഇത് വിപണിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. വയനാട് പോലുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പ്രകൃതിക്കിണങ്ങുന്ന രീതിയിലെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും.
സര്‍ക്കാര്‍ ചെയ്യേണ്ടത്
ഇത്തരം നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ കൂടുതലാളുകളെ ഇത്തരം നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. പ്രകൃതി ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള അടിസ്ഥാന സൗകര്യ വികസനവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും നടത്തുകയും വേണം.
തിരിച്ചുവരും
ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഉതകുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. ഇടയ്ക്ക് താത്കാലിക തിരിച്ചടികള്‍ സ്വാഭാവികമാണ്. പ്രകൃതി സൗന്ദര്യവും ടൂറിസം സാധ്യതകളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട വയനാട്, ഇടുക്കി മേഖലയുടെ സാധ്യതകള്‍ ഇനിയും ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. മികച്ച ആസൂത്രണം, നടപടികളിലെ സുതാര്യത, ദുരന്ത സാധ്യത കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പ്രദേശത്ത് വലിയ മാറ്റങ്ങളുണ്ടാക്കാം.
വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകരുടെ വിശ്വാസം, ഭൂമി വില എന്നിവ കുറയുന്നതിലൂടെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ചെറിയ തിരിച്ചടികള്‍ നേരിട്ടേക്കാം. എന്നാലും കൃത്യമായ ആസൂത്രണം, സുസ്ഥിര വികസന പദ്ധതികള്‍, സര്‍ക്കാര്‍ സഹായം എന്നിവയിലൂടെ ഈ മേഖലയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാവുന്നതേയുള്ളൂ.