ഓണ്‍ലൈന്‍ ഡിസ്‌കൗണ്ടുകളുടെ കാലം അസ്തമിക്കുന്നു

Update: 2018-08-01 07:58 GMT

വമ്പന്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും തേടി ഇനി ഓണ്‍ലൈന്‍ സൈറ്റുകളില്‍ കയറി ഇറങ്ങിയിട്ട് കാര്യമില്ല. കാരണം, വന്‍ വിലക്കുറവില്‍ ഉല്പന്നങ്ങള്‍ വില്‍ക്കാനുള്ള ഇകോമേഴ്‌സ് കമ്പനികളുടെ പ്രവണതയ്ക്ക് കടിഞ്ഞാണിടാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

വിപണിയുടെ മത്സരക്ഷമത താറുമാറാക്കും വിധം ഇകോമേഴ്‌സ് കമ്പനികള്‍ വന്‍തോതില്‍ ഓഫറുകള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടാകും.

വിദേശ കമ്പനികള്‍ ഇന്ത്യന്‍ ഇകോമേഴ്‌സ് രംഗത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. അനാരോഗ്യകരമായ മത്സരങ്ങള്‍ ഒഴിവാക്കി ആഭ്യന്തര ബിസിനസുകള്‍ക്ക് ന്യായവും നീതിപൂര്‍വ്വവുമായ വിപണി സാഹചര്യം ഒരുക്കുക എന്നതാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇകോമേഴ്‌സ് കമ്പനികള്‍ക്ക് വിപണി പിടിക്കാനുള്ള ഒരു പ്രധാന മാര്‍ഗ്ഗമാണ് വന്‍ ഡിസ്‌കൗണ്ടുകള്‍.

ഓണ്‍ലൈന്‍ റീറ്റെയ്ല്‍ കമ്പനികളെ കൂടാതെ സ്വിഗ്ഗി, സോമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവങ്ങളും, പേടിഎം പോലുള്ള ഫിന്‍ടെക്ക് കമ്പനികളും, അര്‍ബന്‍ ക്ലാപ് പോലുള്ള സേവനദാതാക്കളും ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്നുള്ളതാണ് മറ്റൊരു വസ്തുത.

അതേസമയം, അന്താരാഷ്ട്ര വ്യാപാര കരാറുകള്‍ ലംഘിക്കാതെ ഇന്ത്യന്‍ ഇകോമേഴ്‌സ് കമ്പനികളെ എങ്ങനെ പിന്തുണക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Similar News